Thursday 18 April 2024 03:23 PM IST : By ഡോ. ബിജു ഐ. കെ

കരളിന് എന്ത് അസ്വസ്ഥത വന്നാലും പ്രതികരിക്കുന്നത് ഫാറ്റി ലിവര്‍ ആയി; അറിയാം, തടയാം കരള്‍ രോഗങ്ങളെ

liver3335445

ശരിയാണ്, ഏപ്രിൽ 19 നു എല്ലാ വർഷവും ലോക കരൾ ദിനമായി ആചരിക്കുന്നുണ്ട്. എന്നിട്ടും കരളിന്റെ ആരോഗ്യ സംരക്ഷണം അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നതാണു വാസ്തവം. 

ലോകത്തെമ്പാടുമുള്ള കണക്കെടുത്താൽ ഓരോ വർഷവും 15 മില്യൻ ആളുകൾ കരൾ രോഗം ബാധിക്കുന്നു ഇതിൽ 2 മില്യൻ പേർ ഓരോ വർഷവും മരിക്കുന്നു. ഇന്ത്യയിലെ കണക്കുപ്രകാരം ഒരു വർഷം രണ്ടുലക്ഷത്തോളം ആളുകൾ കരൾ രോഗം മൂലം മരണപ്പെടുന്നു. നമമുടെ കൊച്ചു കേരളത്തിൽ ഓരോവർഷവും പതിനായിരത്തിൽ അധികം ആളുകൾക്ക് കരൾ രോഗം കാരണം ജീവൻ നഷ്ടപ്പെടുന്നുണ്ട്. ഭീതിയുളവാക്കുന്ന ഈ കണക്കുകൾ കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തേജനമാവണം.

കരളിന്റെ പ്രവർത്തനം എന്താണ് ?

ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. 500 ൽ അധികം സങ്കീർണമായ പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നു.

1) ദഹന പ്രക്രിയക്ക് ആവശ്യമായ പിത്തം (Bile) ഉത്പാദിപ്പിക്കുന്നുണ്ട്.

2) ശരീരത്തിൽ എത്തുന്ന വിഷാംശങ്ങളെ നിർവീര്യമാക്കുന്നു. (Detoxification)

3) ശരീരത്തിൽ എത്തുന്ന രോഗാണുക്കളെ അരിച്ചെടുക്കുക.

4) രക്തത്തിലെ പ്രധാന പ്രോട്ടീൻ ആയ അൽബുമിൻ, രക്തം കട്ടയാവുന്നതിനുള്ള ഘടകങ്ങൾ എന്നിവ കരളെന്ന വ്യാവസായിക ശാലയിലാണു നിർമിക്കപ്പെടുന്നത്.

5) ശരീരത്തിലെ ഗ്ലൂക്കോസ്,കൊഴുപ്പ് എന്നിവയുടെ അളവ് നിയന്ത്രിക്കുക ഊർജ്ജദായകരായ ഇത്തരം പദാർത്ഥങ്ങളെ സംഭരിക്കുക.

6)  മരുന്നുകളെ പ്രവർത്തനക്ഷമമാക്കുക മരുന്നുകളുടെ അളവ് രക്തത്തിൽ നിയന്ത്രിക്കുക.

കരൾ രോഗങ്ങൾ

കരൾ രോഗങ്ങളെ പ്രധാനമായും അക്യൂട്ട് ലിവർ ഡിസീസ് ആയും ക്രോണിക് ലിവർ ഡിസീസ് ആയും തരം തിരിക്കാം. ആറു മാസത്തിനുള്ളിൽ ഭേദമാക്കുന്ന എല്ലാ കരൾ രോഗങ്ങളും അക്യൂട്ട് ലിവർ ഡിസീസ് ആണ്. ആറു മാസത്തിൽ കൂടുതൽ നിലനിൽക്കുന്ന എല്ലാ കരൾ രോഗങ്ങളും ക്രോണിക് ലിവർ ഡിസീസ് എന്ന പട്ടികയിൽ പെടുന്നു.

അക്യൂട്ട് ലിവർ ഡിസീസ് :

1) ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഹെപ്പറ്റെറ്റിസ് എ , ഹെപ്പറ്റെറ്റിസ് ഇ

2) രക്തത്തിലൂടെയും രക്തജന്യ സ്രവങ്ങള്ലൂടെയും സംക്രമിക്കുന്ന ഹെപ്പറ്റെറ്റിറ്റിസ് ബി , സി , ഡൽറ്റ വൈറസ് എന്നിവ.

3) ചില മരുന്നുകൾ ( പാരസെറ്റമോൾ അമിതമായ ഉപയോഗം , ടി ബി യുടെ മരുന്നുകൾ ) എന്നിവ ഉദാഹരണം മാത്രം.

4) ചില വിഷാംശങ്ങൾ ( Rat poison,Zinc phosphate)

ക്രോണിക് ലിവർ ഡിസീസ് : -

സ്ഥായി ആയതും കാലത്തിന് അനുസരിച്ച വർധിച്ചു വരുന്നതുമായ അസുഖങ്ങളാണ് ഈ ഗണത്തിൽഉള്ളത്. കരളിന് എന്ത് അസ്വസ്ഥത വന്നാലും കരൾ പ്രതികരിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ( കരളിൽ കൊഴുപ്പ് അടിയുക ) എന്ന സ്ഥിതി വിശേഷം. ഫാറ്റി ലിവർ തുടങ്ങി ക്രോണിക് ഹെപ്പറ്റെറ്റിസ് എന്ന അവസ്ഥയിലൂടെ സഞ്ചരിച്ചു സിറോസിസിൽ എത്തുന്നതാണ് ക്രോണിക് ലിവർ ഡിസീസുകളുടെ സ്വഭാവം. സിറോസിസ് ചിലപ്പോൾ ലിവർ കാൻസറിനു കാരണമാകാറുണ്ട്.

സിറോസിസിന്റെ കാരണങ്ങൾ

1) അമിതമായ മദ്യപാനം ( ദിവസേന 3 പെഗിൽ കൂടുതൽ ആഴ്ചയിൽ 5 ദിവസം കഴിച്ചാൽ 10 വര്ഷം കൊണ്ട് കരളിന് സിറോസിസ് വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.)

2) ഹെപ്പറ്റെറ്റിസ് ബി, സി എന്നീ വൈറസ്കൾ

3) എൻ.എ. എഫ്. എൽ.ഡി ( നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ ഡിസീസ് )

( പൊണ്ണത്തടി വ്യായാമം ഇല്ലായ്മ ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്റെയും ആധിക്യം രക്തത്തിൽ കൊളെസ്ട്രോളും ട്രൈ ഗ്ലീസറയ്ഡും കൂടിയ അവസ്ഥ, മെറ്റബോളിക് സിൻഡ്രോം എന്നീ കാരണങ്ങൾ ആണ് NAFLD യുടെ അടിസ്ഥാന പ്രശ്നം . )

4) ഓട്ടോഇമ്മ്യൂൺ ലിവർ ഡിസീസ് - ശരീരം തന്നെ കരളിന് എതിരെ ആന്റിബോഡി ഉണ്ടാക്കി കരളിനെ നശിപ്പിക്കുന്ന അവസ്ഥ.

5) ശരീരത്തിൽ ഇരുമ്പിന്റെയും കോപ്പറിന്റെ യും അമിതമായ അവസ്ഥ.

6) അമിതമായ മരുന്നുകളുടെ ഉപയോഗം. ( വേദന സംഹാരികൾ, പാരസെറ്റമോൾ ,വിഷാദ രോഗത്തിനും അപസ്മാരത്തിനും ഉപയോഗിക്കുന്ന ചില മരുന്നുകൾ, കാൻസർ ഉള്ള ചില മരുന്നുകൾ എന്നിവ ഉദാഹരണം മാത്രം.)

[ ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം മുൻകരുതലുകൾ വേണം ഏതുവരെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന കാര്യങ്ങളൊക്കെ ആധുനിക വൈദ്യശാസ്ത്രത്തിൽ കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട് ]

അലോപ്പതി അല്ലാതെ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിനിലെ ചില മരുന്നുകളും കരൾ രോഗത്തിനു കാരണമാകാറുണ്ട് .

സിറോസിസിന്റെ ലക്ഷണങ്ങൾ

ഈ അസുഖത്തിന്റെ തുടക്കത്തിലേ അവസ്ഥയിൽ പലപ്പോഴും ഒരു ലക്ഷണവും കാണിക്കാറില്ല. ക്ഷീണം, ഭക്ഷണത്തോട് വിരക്തി ,മുഖത്തും ദേഹത്തും കറുത്ത പാടുകൾ എന്നിവയാണ് ചില പ്രധാന ലക്ഷണങ്ങൾ. ഇത്തരം കാര്യങ്ങൾ പൊതുവെ രോഗികൾ കാര്യമായി പരിഗണിക്കാറില്ല.കാലിൽ നീര്, വയറിൽ നീര്, ശരീരത്തിലും കണ്ണിലും മഞ്ഞ നിറം, ഓർ മയിലും സ്വഭാവത്തിലും വ്യതിയാനങ്ങൾ എന്നീ ലക്ഷണങ്ങൾ രോഗം മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ ആണ് കാണപ്പെടാറ്. മറ്റു ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ഗുരുതര ലക്ഷങ്ങൾ ആയ രക്തം ഛർദിക്കൽ, പൂർണമായ അബോധാവസ്ഥയിൽ ആവുക. ഇത്തരം അവസ്ഥയിലും ചിലപ്പോൾ സിറോസിസ് കണ്ടുപിടിക്കപെടാറുണ്ട്.

തെറ്റിദ്ധരിപ്പിക്കപ്പെടല്ലേ !!

മലയാളികൾക്കു മഞ്ഞപ്പിത്തവും കരൾ രോഗവും ഒരേ കാര്യങ്ങൾ ആയി കരുതാനുള്ള ഒരു പ്രവണത കാണാറുണ്ട് . മഞ്ഞപ്പിത്തം രോഗമല്ല രോഗലക്ഷണം മാത്രമാണ് നിസാരമായ ഹെപ്പറ്റെറ്റിസ് എ മുതൽ ഗൗരവമായ സിറോസിസ്, ലിവർ കാൻസറുകൾ വരുമ്പോളും മഞ്ഞപ്പിത്തം പ്രധാന ലക്ഷണമാണ് . അതുകൊണ്ടു തന്നെ കൃത്യമായ കാരണം കണ്ടെത്തി കൃത്യമായ ചികിത്സ അവലംബിക്കേണ്ടതാണ്. ഒറ്റമൂലി കളോടുള്ള മലയാളിയുടെ ആസക്തി പലപ്പോഴും പ്രശ്നങ്ങളിൽ എത്തിക്കാറുണ്ട്.

എങ്ങനെ കരൾ രോഗങ്ങൾ കണ്ടുപിടിക്കാം. ..

ഭിഷഗ്വരന്‍ ചെയ്യുന്ന ശരീര പരിശോധന പരമ പ്രധാനമാണ്.

രക്തപരിശോധന (ലിവർ ഫങ്ഷന്‍ ടെസ്റ്റ് , ,ബ്ലഡ് കൗണ്ട്...)

അൾട്രാസൗണ്ട് , ഫൈബ്രോസ്‌കാൻ , എൻഡോസ്കോപ്പി , സി ടി സ്കാൻ, എം ആർ ഐ സ്കാൻ , ലിവർ ബിയോപ്‌സി എന്നിവ ആവശ്യമാവാറുണ്ട്.

ചികിത്സകൾ

മദ്യപാനം ഒഴിവാക്കുക.

നീരു കുറയാനുള്ള മരുന്നുകൾ, കരളിലെ പ്രഷർ കുറയ്ക്കാനുള്ള മരുന്നുകൾ മിക്കവാറും രോഗികൾക്ക് ആവശ്യമാകാറുണ്ട്.

ഹെപ്പറ്റെറ്റിസ് ബി , സി എന്നീ രോഗങ്ങൾ ഉള്ളവർക് വൈറസിനെതിരെ ഉള്ള മരുന്നുകൾ ഉപയോഗിക്കേണ്ടതുണ്ട്.

ഇൻഫെക്ഷൻ പ്രതിരോധിക്കാനുള്ള വാക്‌സിനു കൾക്ക് ചികിത്സയിൽ പ്രധാന പങ്കുണ്ട് . ഭക്ഷണത്തിൽ പ്രോടീൻ കൂടുതൽ കഴിക്കേണ്ടതാണ് ഉപ്പിന്റെയും വെള്ളത്തിന്റെയും അളവ് രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിമിതപ്പെടുത്തേണ്ടിവരാറുണ്ട് .

കരൾ മാറ്റി വയ്ക്കേണ്ടത് എപ്പോൾ ?

സിറോസിസ്ന്റെ അവസ്ഥ ചൈൽഡ് സി യിൽ എത്തുമ്പോൾ.

MELD സ്കോർ 15ൽ കൂടുതൽ ആകുമ്പോൾ.

സിറോസിസിന്റെ കൂടെ ലിവർ കാൻസർ കൂടി വരുമ്പോൾ.

മറ്റു ചികിത്സാരീതികൾ കൊണ്ടു സുഖം പ്രാപിക്കാതെ അക്യൂട്ട് ലിവർ ഫെലിയർ ആകുമ്പോള്‍.

എങ്ങനെ പ്രതിരോധിക്കാം

1.  മദ്യപാനം പൂർണമായും വർജിക്കുക

2. രക്തവും രക്തജന്യ സ്രവങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക

3. അനാവശ്യ മരുന്നുകൾ ഒഴിവാക്കുക

4. മയക്കുമരുന്നിൽ നിന്നും പുകവലിയിൽ നിന്നും പൂർണമായി അകന്നുനില്ക്കുക

5. കൃത്യമായ വ്യായാമം ജീവിതശൈലിയാക്കുക

6. ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവ് കുറയ്ക്കുക.

7. ശരീരഭാരം നിയന്ത്രിക്കുക.

8. പ്രമേഹരോഗം കൃത്യമായി ചികിത്സിക്കുക.

 9. ഭക്ഷണശുചിത്വം പാലിക്കുക. 

10. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക

11. ഹെപ്പറ്റെറ്റിസ് ബി ഹെപ്പറ്റെറ്റിസ് എ എന്നിവയുടെ പ്രതിരോധ കുത്തിവെപ്പുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക.

12. ഹെൽത്ത് ചെക്ക് അപ്പുകൾ പ്രോത്സാഹിപ്പിക്കുക.

ഈ വർഷത്തെ കരൾ ദിനത്തിന്റെ സന്ദേശമായ “Be vigilant, get regular liver check-ups, and prevent fatty liver diseases” ഉൾക്കൊണ്ട് നമ്മുടെ കരളിനെ സംരക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

ഡോ. ബിജു ഐ.കെ 

ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

Tags:
  • Manorama Arogyam