Thursday 18 April 2024 03:57 PM IST

വിഷാംശം ഇല്ലാതാക്കാന്‍ കൂവളവും എരുക്കും, നേത്രരോഗങ്ങള്‍ക്കു നന്ത്യാര്‍വട്ടം-മുറ്റത്തെ പൂക്കളുടെ ഔഷധഗുണം അറിയാം

Dr.K.Devikrishnan, Chief Sub Editor, Centre for Textual Studies and Publications, Arya Vaidya Sala, Kottakkal

flow32432

പ്രപഞ്ച ശക്തിയാണ് പാർവതി. പ്രകാശിക്കുന്ന ,പ്രസാദിക്കുന്ന മഹാദേവനാണ് ശിവൻ. ശക്തിയും പ്രകാശവും ചേരുമ്പോൾ ശിവപാർവതി അനുഗ്രഹം .

മരുന്നിനോടൊപ്പം പ്രാർത്ഥനയും കൂടിയാകുമ്പോൾ രോഗം മാറിയ നിരവധി അനുഭവങ്ങൾ നമുക്ക് മുമ്പിലുണ്ട് . ശരീരത്തെ ബാധിക്കുന്ന രോഗം മനസ്സിനെയും വിഷമിപ്പിക്കും . പരസ്പരാശ്രിതമാണ് ശരീരവും മനസ്സും എന്ന് ആയുർവേദം പഠിപ്പിക്കുന്നുണ്ട് . ദൈവ വ്യപാശ്രയ ചികിത്സയെക്കുറിച്ചു ആയുർവേദ ഗ്രന്ഥങ്ങളിൽ വിവരണമുണ്ട് .

ഭക്തമഹാകവി പൂന്താനം, വസൂരി പിടിപെട്ടപ്പോൾ തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ചുകൊണ്ട് , കേശാദി പാദം വർണ്ണിച്ചു 'ഘനസംഘം 'എഴുതിയത് പ്രസിദ്ധമാണല്ലോ .,

ദേവാരാധനക്കുപയോഗിക്കുന്നവക്കെല്ലാം ഔഷധ മൂല്യവും കൂടിയുണ്ട്. പൂക്കളായാലൂം ഇലകളായാലും നെയ്യ് ആയാലും പാലായാലും ഇളനീരായാലും മലരായാലും എല്ലാം ശരീര ശക്തിയെ നിലനിർത്താൻ സഹായകമായവയാണ് .

കൂവളത്തില , കറുക , തെച്ചിപ്പൂവ് , ചെമ്പരത്തിപ്പൂവ് , ശംഖുപുഷ്പം , താമര , വിവിധ തരം തുളസി , തുമ്പ , നന്ത്യാർവട്ടം , കരവീരം, എരിക്കിൻ പൂവ് എന്നിവയെല്ലാം ക്ഷേത്ര ആവശ്യത്തിന് , പൂജക്ക്‌ ഉപയോഗിക്കുന്നവയാണ് . ഇവക്കെല്ലാം ഔഷധ ഗുണവുമുണ്ട് .

കൂവളത്തില ശിവസ്വരൂപമാണ് . മുള്ളുകൾ ശക്തി സ്വരൂപം . ശാഖകൾ വേദ സ്വരൂപം . നീലകണ്ഠന് പ്രിയം കൂവളമാണ് . കൂവളത്തിന്റെ എല്ലാ ഭാഗവും ഔഷധമൂല്യമുള്ളതാണ് . ദക്ഷന്റെ യാഗം തകർത്ത ശിവന്റെ കോപാഗ്നിയാണ്‌ ഭൂമിയിലുള്ള ജനങ്ങളിൽ ജ്വരമായി പരിണമിച്ചതെന്ന് വാഗ്ഭടൻ രചിച്ച അഷ്ടാംഗഹൃദയത്തിലുണ്ട് . കൂവളത്തിന് പനി ,ചുമ ,ഛർദി ,ശ്വാസംമുട്ടൽ,

ശരീരത്തിലുള്ള വിഷം എന്നിവയെ ഇല്ലാതാക്കാനുള്ള കഴിവുണ്ട് . ഉദരരോഗങ്ങൾ , പ്രമേഹം എന്നിവയെ നിയന്ത്രിക്കുവാനും കൂവളത്തില നല്ലതാണ്. വില്വ൦ എന്ന് സംസ്‌കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Aegle marmelos .കൂവളം അടങ്ങിയ പ്രധാന ഔഷധങ്ങളാണ് വില്വാദി ഗുളിക , വില്വാദി ലേഹം എന്നിവ . ശരീരത്തിലുള്ള വിഷാംശത്തിനെ ഇല്ലാതാക്കാനും വയറിളക്കം നിർത്താനും പനിക്കും നിർദ്ദേശിക്കുന്ന ഔഷധം. ചുമ ,ശ്വാസം മുട്ടൽ ,ഛർദി എന്നിവക്ക് ആശ്വാസമുണ്ടാക്കുന്നത് വില്വാദി ലേഹം.

കറുകമാലയാണല്ലോ ഉണ്ണിഗണപതിക്കു പ്രിയം . ദുർവ എന്ന് സംസ്കൃതനാമമുള്ള ഈ സസ്യം ചർമ്മ രോഗങ്ങൾ ,നാഡീരോഗങ്ങൾ ,മനോരോഗങ്ങൾ എന്നിവയിൽ പ്രധാനം . ശാസ്ത്രീയ നാമം Cynadon dactylon .ചർമ്മ രോഗങ്ങളിൽ നിർദേശിക്കുന്ന ദുർവാദികേര തൈലത്തിലെ പ്രധാന ചേരുവയാണിത് .

പാർവതിയുടെ ഇഷ്ടപുഷ്പമാണ് തെച്ചി (പാരന്തി .Ixora coccinea .) പ്രമേഹരോഗ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന നിശാകതകാദി കഷായം ,ചർമ്മ രോഗങ്ങളിൽ ഉപയോഗിക്കുന്ന പാരന്ത്യാദി കേരതൈലം എന്നിവയിലെ പ്രധാന ഘടകം .

ഭഗവതിയുടെ പ്രിയ പുഷ്പമാണ് ചെമ്പരുത്തി .(ജപാകുസുമം .Hibiscus rosasinensis) . ത്വക് രോഗങ്ങൾ ,ഗർഭാശയ രോഗങ്ങൾ എന്നിവയിൽ ഗുണമുള്ളത് .കുട്ടികൾക്കുണ്ടാകുന്ന ചർമ്മ രോഗങ്ങളിലും തലമുടി വളരാനും പ്രയോജനപ്പെടുന്ന ചെമ്പരുത്യാദികേരതൈലം പ്രസിദ്ധം .

ദേവനും ദേവിക്കും അർച്ചന ചെയ്യാറുള്ള ശംഖുപുഷ്പം (Clitoria ternataea) ഓർമ്മക്കുറവ് , മനോരോഗങ്ങൾ , അപസ്മാരം , ശ്വാസംമുട്ടൽ എന്നിവയിൽ പ്രയോജനമുള്ളത് .ബുദ്ധിക്കും ഓർമ്മക്കും നല്ലതായിട്ടുള്ള നളദാദിഘൃതം, ബ്രഹ്മിഘൃതം എന്നിവയിൽ ശംഖുപുഷ്പം ഒരു പ്രധാന ചേരുവയാണ് .

വിഷ്ണുവിനും മഹാലക്ഷ്മിക്കും പ്രിയമുള്ള താമര (പങ്കജം -Nelumbo nucifera ) ക്ഷേത്ര ആരാധനയിൽ പ്രധാനപ്പെട്ടതാണ് . മനോരോഗങ്ങൾ , ശരീരം പുകച്ചിൽ എന്നിവയെ ശമിപ്പിക്കുന്നതും സൗന്ദര്യ സംരക്ഷണത്തിന് ഉപകരിക്കുന്നതുമാണ് താമരപ്പൂവ് . മനോരോഗങ്ങളിലും ചുട്ടു പുകച്ചിലിനും ഉറക്കമില്ലായ്മക്കും നിർദേശിക്കുന്ന വലിയ ചന്ദനാദി തൈലം ,സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന കുങ്കുമാദി തൈലം എന്നിവയിൽ താമരയുടെ ഭാഗങ്ങൾ ചേരുന്നുണ്ട്

കൃഷ്ണതുളസി ,രാമതുളസി , കർപ്പൂര തുളസി എന്നിങ്ങനെയുള്ള തുളസി വക ഭേദങ്ങൾ പൂജക്ക്‌ പ്രധാനം .

(തുളസി-Ocimum sanctum. ) തുളസിയുടെ ഗുണങ്ങൾ ഏവർക്കും അനുഭവസിദ്ധം . പനി , ചുമ ,ശ്വാസം മുട്ടൽ , വിഷ ഉപദ്രവങ്ങൾ എന്നിവയിലൊക്കെ തുളസി അടങ്ങിയ ഔഷധങ്ങൾ പ്രയോജനമുള്ളതാണ് .തുമ്മലിനും നീർവീഴ്ചക്കും ഉപയോഗത്തിലുള്ള തുളസ്യാദി തൈലം , പനിക്ക് ഉപയോഗിക്കുന്ന ശീതജ്വരാരി കഷായം എന്നിവയിലൊക്കെ തുളസി പ്രധാന ഘടകമാണ്.

വിഷമുള്ളതുകൊണ്ടു കരവീരത്തെ (Nerium olender ) ക്ഷേത്ര ആരാധനയിൽ നിന്ന് മാറ്റിയിട്ടൊന്നും ഇല്ല. തലമുടി വളരാൻ ഉപയോഗിക്കുന്ന മാലത്യാദി തൈലത്തിൽ കരവീരമുണ്ട്. വിഷമുള്ളവക്കും ഔഷധഗുണമുണ്ട് .

എരുക്കിൻപൂവ് (അർക്കം -Calotropis gigantea ) പൂജാപുഷ്പമാണ് .എരുക്ക് വിഷത്തെ ശമിപ്പിക്കുന്ന ഗുണമുള്ള ചെടിയാണ്. ശിവന്‌ വിഷഹരമായതാണല്ലോ വേണ്ടത്. ചർമ്മ രോഗങ്ങളിൽ ഫലപ്രദമായ ദിനേശവല്യാദി കേര തൈലം, വാതരോഗങ്ങളിലും നീരിലും പ്രയോജനപ്പെടുന്ന പ്രഭഞ്ജനവിമർദനം കുഴമ്പ് , വലിയ ചിഞ്ചാദി തൈലം എന്നിവയിൽ എരുക്ക് ഒരു ഘടകമാണ്.

നേത്രരോഗങ്ങളിൽ പ്രയോജനമുള്ള നന്ത്യാർവട്ടപ്പൂവ് (Tabernaemontana divaricata) പൂജാപുഷ്പമാണ് .

തുമ്പ (ദ്രോണപുഷ്പി -Leucs aspera ) ക്ഷേത്രത്തിൽ പൂജക്ക്‌ ഉപയോഗിക്കാറുണ്ട് . പനി , ഉദരരോഗങ്ങൾ , ശ്വാസകോശരോഗങ്ങൾ , ശിശുരോഗങ്ങൾ എന്നിവയിലൊക്കെ ഗൃഹഔഷധിയായിരുന്നു തുമ്പ.

ലോകത്തുള്ള ചെടികളെല്ലാം ഔഷധമൂല്യമുള്ളതാണ് .ഭഗവതിക്കും ദേവന്മാർക്കും പ്രിയമുള്ള പൂജാദ്രവ്യങ്ങൾ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കുന്നവ കൂടിയാണ് .

Tags:
  • Manorama Arogyam