Wednesday 22 January 2020 04:01 PM IST : By Text: Syamili Narayanan

ഗംഗയുടെ തീരത്ത് അതീന്ദ്രിയ ധ്യാനത്തിൽ മുഴുകി; ഋഷികേശിലെ ബീറ്റിൽസ് ആശ്രമത്തിൽ ചിലവിട്ട ഒരു സായംസന്ധ്യ!

ggrdrd777 Photo: Niyas Zukta

ലോകപ്രശസ്തമായ ബീറ്റിൽസ് ബാന്റ് ഗംഗയുടെ തീരത്ത് അതീന്ദ്രിയ ധ്യാനം പരിശീലിക്കാൻ തെരഞ്ഞെടുത്ത ആശ്രമം ഇന്നും അതിന്റെ ഓർമകളിൽ മുഴുകി കഴിയുന്നു... ഋഷികേശിലെ ബീറ്റിൽസ് ആശ്രമത്തിൽ ചെലവിട്ട ഒരു സായംസന്ധ്യ...

ബീറ്റിൽസ്, ലോകം മുഴുവൻ ആരാധകരുള്ള ഇംഗ്ലീഷ് മ്യൂസിക്ക് ബാന്റ്. ബീറ്റിൽസുമായി ബന്ധപ്പെട്ടതെന്തും ജനപ്രിയമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും ബീറ്റിൽസ് മാനിയ ദൃശ്യമായിരുന്നു. ഒട്ടേറെ ആരാധകർ അവരുടെ വരികൾ ഏറ്റുപാടി, പുതിയ ഗാനങ്ങൾക്കായി ആവേശത്തോടെ കാത്തിരുന്നു.  അബ്ബേ റോഡ് ആൽബത്തിന്റെ കവർ ചിത്രം ബീറ്റിൽസ്  ടീം റോഡ് ക്രോസ്സ് ചെയ്യുന്നത്, കാണാത്തവർ ഉണ്ടാകില്ല. കുമ്പളങ്ങി നൈറ്റ്സിലെ സീബ്രാലൈൻ ക്രോസ് ചെയ്യുന്ന പോസ്റ്ററിലും റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ സമീപകാലത്ത് ഇറക്കിയ പോസ്റ്ററിലും ബീറ്റിൽസിന് കടപ്പാടു കൊടുത്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ  ബീറ്റിൽസ് നമുക്ക് അറിയാത്ത ആളൊന്നുമല്ല. 

ലോകമെങ്ങും ബീറ്റിൽസ് മാനിയ അതിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ 1968 ൽ, അവർ കുറച്ചുകാലം ഇന്ത്യയില്‍ താമസിച്ചിരുന്നു. ബീറ്റിൽസിന്റെ പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായി നിൽക്കുന്നു ഋഷികേശിലെ ബീറ്റിൽസ് ആശ്രമം.  

DSC_0774

കാശിപുർ വഴി ഋഷികേശ്

ഉത്തരാഖണ്ഡിലെ ഐഐഎം കാശിപുരിൽ  ഒരു കോൺഫറൻസ്. പോകുമ്പോൾ അക്കൂടെ ഗംഗ, ഹിമാലയം, ബീറ്റിൽസ് ആശ്രമം, ബദരീനാഥ്, സന്യാസികൾ, അഘോരികൾ...  പലതും മനസ്സിൽ തെളിഞ്ഞു.  കാശിപുർ ക്യാംപസിലെ ഒരു സുഹൃത്തിനു മുന്നിൽ ബക്കറ്റ് ലിസ്റ്റിലെ പേരുകൾ നിരത്തി. ബീറ്റിൽസ് ആശ്രമം എന്നു കേട്ടപ്പോൾതന്നെ പറഞ്ഞു “You won't see anything interesting there, you can skip Beatles.” ഉണ്ടക്കല്ലിൽ ഉണ്ടാക്കിയ കുറേ വട്ടം വട്ടം കെട്ടിടങ്ങൾ... !  

സൂര്യൻ കത്തി തിളച്ചു നിൽക്കുന്ന ഒരു ദിവസം കാശിപൂരിൽ നിന്ന് ഹരിദ്വാറിലേക്ക് ട്രെയിൻ കേറി. അവിടെ നിന്ന് ഋഷികേശിലേക്കു ബസ്. ട്രെയിനിലെ ജനറൽ കംപാർട്ടുമെന്റിലും പിന്നെ തിരക്കേറിയ ബസ്സിലുമുള്ള യാത്ര വല്ലാതെ തളർത്തി. ഋഷികേശ് എത്തിയപ്പോഴേക്കും ഞങ്ങളുടെ ട്രാവൽ മോഡ് ഓഫ് ആയിപ്പോയിരുന്നു. 

shutterstock_1062470966

ഋഷികേശ് ബസ് സ്റ്റാൻഡിൽനിന്ന് ലക്ഷ്മൺഝുലയിലേക്ക് ഷെയർ ടാക്സിയോ ഓട്ടോയോ പിടിക്കാം. ഉദ്ദേശം 8 കി മീ ദൂരം.  ഗംഗയ്ക്ക് കുറുകേ 220 മീറ്റർ നീളത്തിലുള്ള ഇരുമ്പ് തൂക്കുപാലമാണ് ലക്ഷ്മൺഝുല. ഈ പാലം കടന്നാൽ 4.5 കി മീ  അകലെയാണ് ബീറ്റിൽസ് ആശ്രമം. ലക്ഷ്മൺഝുലയ്ക്ക് സമീപം ബൈക്ക് റെന്റിനു നൽകുന്ന  ഒട്ടേറെ കടകൾ കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, ഒരു ബൈക്ക് വാടകയ്ക്ക് എടുത്തു. 

ഹരിദ്വാറിൽ നിന്ന് ഉദ്ദേശം 25 കി മീ വടക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഋഷികേശ് ഗഡ്‌വാൾ ഹിമാലയത്തിന്റെ പ്രവേശന കവാടമാണ്. ഗംഗാജലത്തിൽ മുങ്ങിക്കുളിച്ച് പാപങ്ങൾ കഴുകിക്കളയാൻ എത്തുന്ന ഭക്തരുടേയും റാഫ്റ്റിംഗ്, വാട്ടർ അഡ്വഞ്ചറുകൾക്കായി എത്തുന്ന യുവാക്കളുടെയും തിരക്കിൽ മുങ്ങിയിരിക്കുന്നു ഈ ആശ്രമ നഗരം. പോരാത്തതിന് ഞങ്ങളെത്തിയത് ഞായറാഴ്ചയും. റോഡ് മുഴുവൻ ബ്ളോക്ക്. 

shutterstock_1288911484

ബീറ്റിൽസ് വന്ന വഴി

ഗംഗയുടെ തീരത്തെ പലനിറക്കാഴ്ചകൾ കണ്ടു സഞ്ചരിക്കുമ്പോൾ ഋഷികേശിലേക്ക് പാശ്ചാത്യസംഗീതത്തിലെ മുടിചൂടാമന്നൻമാർ എത്തിച്ചേർന്ന ചരിത്രമാണ് മനസ്സിൽ നിറഞ്ഞത്. പ്രസിദ്ധ ബ്രിട്ടിഷ് മ്യൂസിക് ബാൻഡായ ബീറ്റിൽസിലെ അംഗങ്ങൾ ട്രാൻസെൻഡൽ യോഗ (അതീന്ദ്രിയ യോഗ) അഭ്യസിക്കാനായി വന്നത് ഏഴ് ഏക്കറിൽ പരന്നു കിടക്കുന്ന മഹാഋഷി മഹേഷ് യോഗിയുടെ യോഗ പഠനകേന്ദ്രത്തിലാണ്. 1967 ൽ ബീറ്റിൽസ് മാനേജർ ബ്രയാൻ എെസ്റ്റയിൻ അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചു. കടുത്ത വിഷാദത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ബീറ്റിൽസ് ബാൻഡിലെ അംഗങ്ങൾ അക്കാലത്ത് മയക്കു മരുന്ന് ഉപേക്ഷിക്കുകയും അതീന്ദ്രിയ യോഗയോട് ആഭിമുഖ്യം പുലർത്തുകയും ചെയ്തു. മഹേഷ്‌യോഗിയുടെ പ്രഭാഷണങ്ങളും മറ്റും കേട്ടാണ് അവർ അദ്ദേഹത്തിന്റെ കീഴിൽ യോഗയും ധ്യാനവും പരിശീലിക്കാൻ ഇന്ത്യയിലേക്ക് വന്നത്. ബീറ്റിൽസിനെ സംബന്ധിച്ച് ആ സമയം തിരിച്ചു വരവിന്റെ സുവർണകാലഘട്ടമായിരുന്നു 

ബീറ്റിൽസിന്റെ ഏറ്റവും മികച്ച കോമ്പോസിഷൻസ് നടന്നത് ഈ ഋഷികേശിൽ വച്ചാണ്. ലോകത്തിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകൾ, മ്യൂസിക്ക് കംപോസേർസ്, ഗിറ്റാറിസ്റ്റുകൾ എന്നിവർ ഇവിടെ ഒന്നിച്ചു ചേർന്നു. അവർ ഡൽഹിയിൽ നിന്ന് മ്യൂസിക്ക് ഇൻസ്ട്രുമെന്റ്സ് വരുത്തിച്ചു, ഡെറാഡൂൺ, മസ്സൂറി എന്നിവിടങ്ങളിൽ നിന്ന് അവർക്കു വേണ്ട തുണിത്തരങ്ങൾ വാങ്ങി. ധ്യാനവും യോഗയും പരിശീലിച്ചു. വൈറ്റ് ആൽബം, ബാക്ക് ഇൻ ദ് യു.എസ്.എസ്.ആർ., ബ്ലാക്ക്ബേർഡ്, ക്രൈ ബേബി ക്രൈ, ഐ വിൽ, മദർ നേച്ചർസ് സൺ, റെവലൂഷൻ ആബെ റോഡ് ഇവയെല്ലാം അക്കാലത്തു പുറത്തിറങ്ങിയ പാട്ടുകളാണ്.

DSC_0883

ബ്രഹ്മചാരിയെന്ന് അവകാശപ്പെട്ട മഹേഷ് യോഗിയുമായി പിന്നീട് പിണങ്ങിയതും ഇവിടത്തെ താമസം മതിയാക്കി ബീറ്റിൽസ് ടീം പലപ്പോഴായി മടങ്ങിയതും മഹേഷ് യോഗിയെ വിമർശിച്ച് സെക്‌സി സാഡ് എന്ന ഗാനമെഴുതിയതും ഒക്കെ ചരിത്രം. ആത്മീയതയല്ല, ആഡംബരവും അനാശാസ്യവും പണവുമാണ് മഹേഷ്‌യോഗി ആഗ്രഹിക്കുന്നതെന്ന് ജോണ് ലെനൻ പിന്നീട് അഭിപ്രായപ്പെടുകയുണ്ടായി. ചരിത്രം പറഞ്ഞാൽ ഇനിയും ഒരുപാടുണ്ട്, തൽക്കാലം നമുക്കു ഋഷീകേശിലൂടെ മുന്നോട്ടു പോവാം.

ബഹുത്ത് ദൂരേന്ന് ആനാ ഹെ, പ്ലീസ്...

ബീറ്റിൽസ് ആശ്രമത്തിനു മുന്നിൽ എത്തിയപ്പോൾ ആറ് മണിയായി. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. ശ്ശെടാ, സമയം കഴിഞ്ഞു.  എങ്കിലും ഞങ്ങൾ അവിടെത്തന്നെ നിന്നു. “ഭയ്യാ ബഹുത്ത് ദൂരേന്ന് ആനാ ഹെ. പ്ളീസ് ഭയ്യാ കാണണം ഹെ” അവിടെ ആൽമരത്തിൽ ഇരുന്ന കുരങ്ങൻമാരും സപ്പോർട്. “അവരെ വിടടോ ഹെ..” കയ്യും കാലും പിടിച്ചും കഷ്ടപ്പാടിന്റെ കദനകഥകൾ പറഞ്ഞും ഒരുവിധം അകത്തു കടന്നു. ഒരാൾക്ക് 150 രൂപയാണ് ചാർജ്. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും 75 രൂപ. വിദേശികൾക്ക് 600 രൂപ. (ഞങ്ങൾ150 രൂപ കൂടി വെറുതെ കൊടുത്തിട്ടാണ് അകത്തേക്കുള്ള അനുവാദം തരപ്പെടുത്തിയത്).  

DSC_0821

പ്രാർത്ഥനയ്ക്കായി നിർമിച്ചിട്ടുള്ള ചെറിയ ആശ്രമങ്ങൾ അകലെ നിന്നേ കാണാം. രണ്ട് തട്ടുകളായി ധ്യാനിക്കാൻ മാത്രമായി നിർമിച്ചിട്ടുള്ള മുറികളാണിത്. ഇത്തരത്തിൽ ഒട്ടേറെ കൽക്കൂടാരങ്ങൾ ഉള്ളിലുണ്ട്. തിങ്ങിനിറഞ്ഞു നിൽക്കുന്ന വന്മരങ്ങളിൽ കിളികൾ സന്ധ്യക്ക് കൂട്ടിൽ ചേക്കേറുന്നതിന്റെയും ഗംഗാനദി ഒഴുകുന്നതിന്റെയും ശബ്ദത്തിന് ചെവികൊടുത്ത് കുറച്ചു നേരം അതിനുള്ളിൽ ഇരുന്നു. ആശ്രമത്തിലെ നിശബ്ദത, മരങ്ങളുടെ നിൽപ്പിലും ശരീരഭാഷയിലുമുള്ള ധ്യാനഭാവം, അനേകജാതി പക്ഷികളുടെ മർമരങ്ങൾ, ചീവീടുകളുടെ ശബ്ദം, സൂര്യാസ്തമയം ഉണ്ടാക്കുന്ന നിഴലുകൾ, ഇടിഞ്ഞു തുടങ്ങിയ പഴയ കെട്ടിടങ്ങൾക്കകത്തെ ഇരുട്ട്, ഓരോ മുറിയിലും നിശ്ശബ്ദമായിരുന്ന് ചിത്രം വരയ്ക്കുന്ന ഒരാളെ കണ്ടെത്തിയേക്കാമെന്ന തോന്നൽ... ഇങ്ങനത്തെ പലജാതി തോന്നലുകൾക്കൊപ്പം അസ്തമയ സൂര്യന്റെ കിരണങ്ങൾ ഗംഗയിൽ ചാലിച്ചെഴുതിയ നിറങ്ങളുംകൂടി ആയപ്പോൾ അമ്പരപ്പെന്നോ അന്ധാളിപ്പെന്നോ അറിയാത്ത അവസ്ഥയിൽ നിന്നുപോയി. 

DSC_0780

ആശ്രമത്തിന്റെ പുനരുജ്ജീവനം

എക്കാലവും ആത്മീയതയ്ക്കും ധ്യാനപരിശീലനത്തിനും പേരുകേട്ട ഋഷികേശ് ഇപ്പോളൊരു ചെറുപട്ടണത്തിന്റെ തിരക്കിൽ വീർപ്പുമുട്ടുന്നു. അതിന്റെ ഇടയിലാണ് ബീറ്റിൽസ് ആശ്രമം വലിയ പരിരക്ഷയൊന്നും ഇല്ലാതെ കിടക്കുന്നത്. 1961 ൽ മഹേഷ്‌യോഗി ഗംഗയുടെ തീരത്തോട് ചേർന്ന് കുറേ അധികം സ്ഥലം പാട്ടത്തിനെടുത്ത് ഇന്റർനാഷനൽ അക്കാദമി ഓഫ് യോഗ സ്ഥാപിച്ചത്. ബീറ്റിൽസിന്റെ വരവോടെയാണ് ഇത് വളരെയേറെ പ്രശസ്തമായത്. എഴുപതുകളുടെ അവസാനത്തോടെ ആശ്രമത്തിന്റെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടായി, 1981 ഓടെ പാട്ടക്കാലാവധി അവസാനിച്ച് ഭൂമി വീണ്ടും വനംവകുപ്പിന്റേത് ആകുകയും ചെയ്തു. പിന്നീട് ഉപേക്ഷിക്കപ്പെട്ട ഈ സ്ഥലം  കെട്ടിടങ്ങൾ തകർന്ന്, കാടുപിടിച്ചു.  2015 ൽ ആണ് ഇവിടം പൊതുപ്രവേശനത്തിന് ഔദ്യോഗികമായി തുറന്നുകൊടുത്തത്. അന്നു മുതൽ ബീറ്റിൽസ് ആശ്രമം എന്ന് അറിയപ്പെട്ടു തുടങ്ങി. 2018 ൽ ബീറ്റിൽസ് സംഘം ആശ്രമത്തിൽ വന്നിട്ട് 50 വർഷം പൂർത്തിയായി. 

DSC_0753

പാശ്ചാത്യരായിട്ടുള്ളവവർക്കു താമസിക്കാൻ പാകത്തിലുള്ള മുറികളോടുകൂടിയ വീടുകളും ധ്യാനത്തിനായി ഗുഹാമാതൃകയിലുള്ള കുടീരങ്ങളും മഹേഷ്‌യോഗിക്കു താമസിക്കാൻ ഒരു പ്രത്യേക ഭവനവും പ്രഭാഷണങ്ങൾക്കായി രണ്ടു നില കെട്ടിടവും ഇവിടെ ഉണ്ടായിരുന്നു. ഗംഗാ നദിയിൽനിന്ന് പെറുക്കിയെടുത്ത ഉരുളൻ കല്ലുകൾ കൊണ്ടാണ് ധ്യാനഗുഹകൾ പണിതത്. പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുന്ന സമയത്ത് അവശേഷിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചു. പാൻ ട്രിനാറ്റിഡ്സ്  എന്ന കനേഡിയൻ ആർട്ടിസ്റ്റിന്റെ നേതൃത്വത്തിലുള്ള കലാകാരൻമാരാണ് ഇന്നീ കാണുന്ന ചിത്രങ്ങളിൽ പലതും വരച്ചത്. താന്ത്രിക്ക് ചിത്രരചനാശൈലിയിൽ ഉള്ളവയാണ് ബഹുഭൂരിപക്ഷം ചിത്രങ്ങളും.  

ഗംഗാതീരം ചേർന്ന് പണിത കുടീരങ്ങൾക്ക് ഇടയിലൂടെ, മരങ്ങൾ ഇല പൊഴിച്ചിട്ട വഴിയിലൂടെ നടന്നു. പ്രാർത്ഥന ഹാളിലെ ചിത്രങ്ങൾ എത്തിയപ്പോഴേക്കും അക്ഷരാർഥത്തിൽ ഞങ്ങൾ തളർന്നു. ഒന്നു മിണ്ടാൻപോലും പറ്റാത്ത അവസ്ഥ. ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ ഡീഹൈഡ്രേഷൻ കാരണം ക്ഷീണിച്ചിരുന്ന ഞങ്ങൾ ഈ നടപ്പും അലച്ചിലും കാരണം വീണ്ടും തളർന്നു.  

കണ്ടുതീരാത്ത കാഴ്ചകൾ

മനുഷ്യ ജീവിതത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സമാന്തരമായി സ്വപ്നം കണ്ട കുറേ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു. അവരുടെ ചിന്തകൾ ചുമരിൽ കോറിയിട്ടിരുന്നു. സ്നേഹം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ... ലോകത്തെല്ലാവർക്കും ഒരുപോലെ ഇതു മനസ്സിലാകണമെന്നില്ല.  സമാന്തരമായി ചിന്തിക്കുന്ന ചില മനുഷ്യർ അവരോട് ഐക്യദാർഢ്യം പുലർത്തി. ഇതൊന്നും മനസ്സിലാവാത്ത ചിലർ സ്വന്തം ഫോൺനമ്പറും വിനീത ലൗസ് ഗോവിന്ദ് എന്നൊക്കെയുള്ള നമ്പറുകളും ഇവിടെ ചുമരുകളിൽ കോറി ഇട്ടിരിക്കുന്നതും കാണാം. 

LRM_EXPORT_247191812157269_20190630_151733890


സിമട്രിക് ഷെയിപ്പിൽ ഒന്നാന്തരം ഒരു ഭാർഗവീനിലയമാണ് ആ വമ്പൻ കോട്ട. ഓരോ ചുമരിലും ഗ്രാഫിറ്റി, ജീവൻ തുളുമ്പുന്ന പെയിന്റിങ്ങുകൾ. ഒരു മഹർഷിയുടെ വലിയ ചിത്രം ചുമരിൽ. നേരം വൈകുകയാണ്. ഇടത്തും വലത്തും നോക്കാതെ കെട്ടിടത്തിനു മുകളിൽകയറി. അസ്തമയസൂര്യൻ ഗംഗയിൽ മുങ്ങുന്നു. ഒരു ദിവസം അസ്തമിക്കുകയാണ്. കിളികളുടെ ശബ്ദങ്ങൾ പതിയെ ഒടുങ്ങുകയാണ്. 

ഇത്ര ദൂരം സഞ്ചരിച്ച് ഇത്രയും നേരം കൊണ്ട വെയിൽ ഒന്നും വെറുതെയായിരുന്നില്ല. ഗംഗാനദി നൽകുന്ന പുണ്യത്തെ ഓർത്ത് ഞാനാവലാതിപ്പെടുന്നില്ല. എന്നാൽ ആത്മീയമായ ചില അനുഭവങ്ങളിൽ, ഇൻട്യൂഷനുകളിൽ വിശ്വസിക്കുന്നു. ആ സന്ധ്യയും വല്ലാത്ത തണുപ്പിൽ ഒഴുകുന്ന ഗംഗാനദിയും നേരിയ ഇലയനക്കം പോലുമില്ലാത്ത മരങ്ങളും അസ്തമയ സൂര്യന്റെ ചുവപ്പും എന്റെ ളള്ളിന്റെ ഉള്ളിനെ വരെ സ്പർശിച്ചു. നിശ്ശബ്ദമായി അവിടെ നിറഞ്ഞുനിൽക്കുന്ന ബീറ്റിൽസ് താളം എന്റെ ചെവിയിൽ മുഴങ്ങി.. 

“Hey Jude, don't make it bad

Take a sad song and make it better

Remember to let her into your heart

Then you can start to make it better” (Hey Jude, The Beatles)

Tags:
  • Manorama Traveller
  • Travel India