Friday 05 April 2024 09:17 AM IST : By സ്വന്തം ലേഖകൻ

‘അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ബഹുമതി ആയി ഞാൻ കാണുന്നു’: അക്ഷയ് കുമാറിന്റെ വൈറൽ പ്രസംഗത്തിലെ നടി സുരഭി ലക്ഷ്മി

akshy-kumar

ദേശീയ പുരസ്കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റി ബോളിവുഡ് താരം അക്ഷയ് കുമാർ പറഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

‘ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാർഡ് വാങ്ങാൻ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെൺകുട്ടി പറഞ്ഞു, ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, ‘സർ... താങ്കൾ എത്ര സിനിമ ചെയ്‌തിട്ടുണ്ട് ?’ ഞാൻ പറഞ്ഞു, 135 സിനിമയോളം ഞാൻ ചെയ്തിട്ടുണ്ട്. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, ‘കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട് ?’ ആ പെൺകുട്ടി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി! അവർ പറഞ്ഞു, സർ ഇത് എന്റെ ആദ്യ സിനിമ ആണെന്ന്! ആദ്യ സിനിമയിൽത്തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?’.– അക്ഷയ് കുമാർ പറഞ്ഞതിങ്ങനെ.

ഈ വിഡിയോ ചർച്ചയായതോടെ അക്ഷയ് കുമാർ പരാമർശിച്ച നടി ആരാണെന്ന അന്വേഷണത്തിലായിരുന്നു ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾ.

ആ നടി മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയനടി സുരഭിലക്ഷ്മിയാണ്. തുടർന്ന്, 2017ലെ ആ അനുഭവം വെളിപ്പെടുത്തി സുരഭി നേരിട്ടെത്തി. ‘ഈ വിഡിയോയിൽ അദ്ദേഹം പരാമർശിച്ച വ്യക്തി ഞാനാണ്. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ബഹുമതി ആയി ഞാൻ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചു സമയം പങ്കുവയ്ക്കാൻ എനിക്കു ലഭിച്ച നിമിഷമായിരുന്നു അത്. ഞാൻ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം എന്നെ ഇപ്പോഴും ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം’.– സുരഭി ലക്ഷ്മി കുറിച്ചു.

മനോജ് രാംസിങ് എഴുതി അനിൽ തോമസ് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെയാണ് സുരഭി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാറിനായിരുന്നു അത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം.