അമ്മയായതിന്റെ ആഘോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ എമി ജാക്സൺ പിശുക്കു കാണിക്കാറില്ല. മകനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും താരം ആരാധകർക്കായി ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, പൊന്നോമനയ്ക്കൊപ്പമുള്ള എമിയുടെ പുതിയ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു.
കഴിഞ്ഞദിവസം എമിയുടെ മകൻ ആൻഡ്രിയാസ് ജനിച്ച് ഒരു മാസം തികഞ്ഞു. താരം അത് ആഘോഷമാക്കി. ആൻഡ്രിയാസിന് പിറന്നാൾ ഗാനം പാടിക്കൊടുക്കുന്ന വിഡിയോ എമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
‘പ്രിയ മകനേ, ജന്മദിനാശംസകൾ. ഇന്ന് ഒരു മാസം. നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓർമിക്കാൻ പോലും കഴിയുന്നില്ല … വിവരിക്കാൻ കഴിയാത്ത വിധത്തിൽ നീയെന്നെ പൂർണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷത്തിലും ഞാൻ കടപ്പെട്ടവളാണ്. നിന്നോടുള്ള എന്റെ സ്നേഹം അനന്തം. നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാൻ കാത്തിരിക്കുന്നു. ജനനത്തെ അതിശയകരമായ ഒരു അനുഭവമാക്കി മാറ്റിയതിന് പ്രിയപ്പെട്ട ഡോക്ടർക്ക് നന്ദി’.– വിഡിയോ പങ്കുവച്ച് എമി കുറിച്ചു.
മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്സൺ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവും എമിയും 2015 മുതൽ പ്രണയത്തിലാണ്.