കുഞ്ഞു മനസ്സുകളിലെ നൻമയുടെ പ്രകാശം പേറി ഒരു ഹ്രസ്വചിത്രം. കഴക്കൂട്ടത്തെ അലൻ ഫെൽഡ്മൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസുകാരാണ് ‘ലഞ്ച് ബ്രേക്ക്’ എന്ന ഈ കുഞ്ഞു സിനിമയുടെ പിന്നണിക്കാർ. വിശപ്പിന്റെയും ആഹാരത്തിന്റെയും വില മനസ്സിലാക്കിത്തരുന്ന ഈ കൊച്ചു സിനിമയുടെ കഥയും തിരക്കഥയും ഛായാഗ്രാഹണവും എഡിറ്റിങ്ങും സംവിധാനവും കുട്ടിപ്രതിഭയായ ഏഴാം ക്ലാസുകാരി തമന്ന സോളാണ്. അച്ഛന്റെ മൊബൈൽഫോണിലാണ് മൂന്നര മിനിട്ടുള്ള ‘ലഞ്ച് ബ്രേക്ക്’ തമന്ന ഷൂട്ട് ചെയ്തത്. അരങ്ങിലും അണിയറയിലും തമന്നയുടെ കൂട്ടുകാരും ടീച്ചർമാരും ഒപ്പം നിന്നു. ഒരു സ്കൂളിന്റെ പശ്ചാത്തലത്തിലാണ് ഈ കുഞ്ഞു സിനിമ കഥ പറയുന്നത്. വിശപ്പിന്റെ ഭാരം പേറുന്ന ബാല്യത്തിന്റെ ‘ലഞ്ച് ബ്രേക്ക്’ നേരിയ നൊമ്പരം പടർത്തിയാണ് പ്രേക്ഷക മനസ്സുകളിൽ പതിയുന്നത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ ഈ കുഞ്ഞ് സിനിമ വൈറലായിക്കഴിഞ്ഞു.