ചുഴലിക്കാറ്റ് വൻ നാശം വിതച്ച ആന്ധ്രാപ്രദേശിലെ ശ്രീകുളം, വിജയനഗരം എന്നീ ഗ്രാമങ്ങളെ ഏറ്റെടുത്ത് തെലുങ്ക് നടൻ രാം ചരൺ. ഗ്രാമങ്ങളെ പുനർനിർമിക്കാനാണ് നടന്റെ പദ്ധതി. ശ്രീകുളത്തെ ഗ്രാമങ്ങൾ സന്ദർശിച്ച ശേഷം നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിന്റെ അഭ്യർഥനയെ തുടർന്നാണ് സഹായ വാഗ്ദാനവുമായി രാം ചരൺ മുന്നോട്ടു വന്നിരിക്കുന്നത്.
ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ രാം ചരൺ സന്ദർശിച്ചിരുന്നു. "ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഞാനും സുഹൃത്തുക്കളും അതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു."- രാം ചരൺ പറഞ്ഞു. ജനങ്ങളുടെ ദുരിതം നേരിട്ടു കണ്ടതിനാൽ അവരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അധികം ആലോചിക്കേണ്ടി വന്നില്ലെന്നും രാം ചരൺ പറയുന്നു. മറ്റു താരങ്ങളായ ജൂനിയർ എൻടിആർ, അല്ലു അർജുൻ, വരുൺ തേജ്, നിഖിൽ സിദ്ധാർഥ എന്നിവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നോട്ടു വന്നിട്ടുണ്ട്.