Wednesday 20 March 2024 10:50 AM IST : By സ്വന്തം ലേഖകൻ

വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ് എന്റെ സഹോദരി, പ്രാർഥിക്കണം: അരുന്ധതിയുടെ സഹോദരി

arathi-arundhathi ആരതി, അരുന്ധതി

പ്രാർഥനയും കണ്ണീരുമായി അവളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കലാലോകം. ബൈക്കപകടത്തിൽ ഗുരുതര പരുക്കുമായി ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ തിരിച്ചു വരവിനായി പ്രിയപ്പെട്ടവർ കണ്ണീരോടെ കാത്തിരിക്കുന്നു. മൂന്ന് ദിവസമായി വെന്റിലേറ്ററിൽ തുടരുന്ന അരുന്ധതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോർട്ട്.

സ്കൂട്ടറിൽ പോകുമ്പോ‍ൾ കോവളം ഭാഗത്താണ് അപകടമുണ്ടായത്. പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

ഒരുപാട് കോളുകളും മെസേജുകളും വരുന്നുണ്ടെന്നും ചേച്ചി ഇപ്പോഴും വെന്റിലേറ്ററിൽ ആണ് തുടരുന്നതെന്നും അരുന്ധതിയുടെ സഹോദരി ആരതി നായർ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.  ‘‘വെന്റിലേറ്ററിൽ ജീവനുവേണ്ടി എന്റെ സഹോദരി പോരാടുകയാണ് എല്ലാവരും പ്രാർഥിക്കണം. കാര്യങ്ങൾ പറയുവാനുള്ള സമയം ഇതല്ല. നിങ്ങളുടെ എല്ലാവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.’’–ആരതി നായരുടെ വാക്കുകൾ.

ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവരെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവർ ഒരു മണിക്കൂറോളം റോഡിൽ തന്നെ കിടന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരൻ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ നേരത്തെ സമൂഹമാധ്യമത്തിലൂടെ അഭ്യർഥന നടത്തിരുന്നു. ‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’–ഗോപിക അനിൽ കുറിച്ചു.

അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്.

2018ൽ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകൾ ആണ് അവസാനമായി അഭിനയിച്ച ചിത്രം.