27 വർഷങ്ങൾക്ക് മുൻപ് യുവതീ-യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ടി.കെ. രാജീവ് കുമാറിന്റെ ’ക്ഷണക്കത്ത്.’ ചിത്രത്തിലെ പൂച്ചക്കണ്ണുളള നായകനും മുഖക്കുരുവും ചുരുണ്ട മുടിയുമുള്ള നായികയും അന്നത്തെ ക്യാമ്പസുകളുടെ ഹരമായിരുന്നു. ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഇന്നും മലയാളികൾക്ക് നൊസ്റ്റാൾജിയയും പ്രണയവും പകരുന്നവയാണ്.
സിനിമയിലെ നായകനായ നിയാസ് വർഷങ്ങൾക്കുശേഷം സിനിമയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ഈ ഒറ്റച്ചിത്രത്തോടെ നാടുവിട്ട നായികയെ പിന്നീടാരും കണ്ടില്ല. സിനിമയിൽ ’പമ്മു’വായി തിളങ്ങിയ ആതിര ഇപ്പോൾ ക്ലബ് എഫ്എം യുഎഇയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി.
നിയാസ് പങ്കെടുത്ത ഒരു ഷോയിലാണ് ആതിരയും എത്തിയത്. നായകന് സർപ്രൈസ് നൽകിയെത്തിയ നായിക പഴയകാല ഷൂട്ടിങ് അനുഭവങ്ങളും പങ്കുവച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആതിരയുടെ യഥാർത്ഥ പേര് പാർവതി എന്നാണെന്നും താരം വെളിപ്പെടുത്തി.