Wednesday 29 March 2023 11:51 AM IST : By സ്വന്തം ലേഖകൻ

‘ഇനിയൊരു ഊഴവും ഇല്ല, കുഞ്ഞാലി മരക്കാർ ഊഴത്തോടെ മതിയായി’: തമാശയിൽ പൊതിഞ്ഞ് പ്രിയന്റെ മറുപടി

priyadarshan

എം.ടിയുടെ തിരക്കഥയിൽ ‘രണ്ടാമൂഴം’ സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി പ്രിയദര്‍ശന്‍. ‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാർ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

പ്രിയദർശൻ സംവിധാനം ചെയ്ത്, ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിലെത്തി, റിലീസിനൊരുങ്ങുന്ന ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രസ്മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കുഞ്ഞാലി മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’. എന്നാല്‍ തിയറ്ററില്‍ ചിത്രം വിജയിച്ചിരുന്നില്ല. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാരിയർ തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിനു വേണ്ടി അണിനിരന്നു. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 85-100 കോടിയായിരുന്നു.