Monday 25 October 2021 12:14 PM IST : By സ്വന്തം ലേഖകൻ

വിൻ ഡീസൽ മെഡോയെ ചേർത്തു പിടിച്ചപ്പോൾ മലയാളി ഓർത്തത് രഞ്ജിത്തിനെയും ആനിനെയും : സൗഹൃദത്തിന്റെ മനോഹര കാഴ്ചകൾക്ക് മരണമില്ല

ann

ലോകമെങ്ങും ചലച്ചിത്ര പ്രേമികളെ ത്രില്ലടിപ്പിക്കുന്ന വൻ വിജയമാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ സീരിസ്. വൻ താരങ്ങൾ അണിനിരക്കുന്ന ഈ സിനിമാ പരമ്പരയിലൂ‍ടെയാണ് പോൾ വാക്കർ എന്ന നടന്‍ ആരാധക കോടികളുടെ മനസ്സിൽ ഇടം പിടിച്ചത്. എന്നാൽ തന്റെ 40-ാം വയസിൽ ഒരു കാർ അപകടത്തിൽ പോൾ വാക്കർ മരിച്ചു. ഇപ്പോഴും സിനിമാ ലോകത്തിനും പ്രേക്ഷകർക്കും അംഗീകരിക്കുവാനാകാത്ത വിയോഗം.

എന്നാൽ കഴിഞ്ഞ ദിവസം പോൾ വാക്കർ വീണ്ടും വാർ‌ത്തകളിൽ നിറഞ്ഞു. അദ്ദേഹത്തിന്റെ മകൾ മെഡോ വാക്കറുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു അത്. ആ വിവാഹ നാളിനെ അവിസ്മരണീയമാക്കിയത് പോൾ ബാക്കി വച്ചു പോയ സൗഹൃദത്തിന്റെ അണയാത്ത ജ്വാലയാണ്.

പോളിന്റെ അഭാവത്തിൽ മെഡോയുടെ വിവാഹ വേദിയിൽ‌ അച്ഛന്റെ സ്ഥാനത്ത് നിന്നത് താരചക്രവർത്തി വിൻ ഡീസൽ ആണ്. ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ ൽ പോളിന്റെ സഹതാരവും പോളിന്റെ ആത്മസുഹൃത്തുമായിരുന്നു വിൻ ഡീസൽ. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദത്തിലാണ്.

വിവാഹ വേദിയിലേക്ക് വിൻഡീസലിന്റെ കൈപിടിച്ചെത്തുന്ന മെഡോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വിവാഹചടങ്ങിന്റെ വിഡിയോ മെഡോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

സൗഹൃദത്തിന്റെ ഈ മനോഹരമായ കാഴ്ച കണ്ട മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ആ നിമിഷം ഓടിയെത്തിയത് സമാനമായ മറ്റൊരു ചിത്രമാണ്. അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളും നടിയുമായ ആൻ അഗസ്റ്റിനെ, അച്ഛന്റെ സ്ഥാനത്ത് നിന്നു വിവാഹ വേദിയിലേക്ക് കൈപിടിച്ചു നടത്തുന്ന സംവിധായകൻ രഞ്ജിത്തിന്റെ ചിത്രം. അഗസ്റ്റിന്റെ വിയോഗ ശേഷം നടന്ന വിവാഹച്ചടങ്ങിൽ ആനിന്റെ അച്ഛന്റെ സ്ഥാനത്ത് നിന്നത് രഞ്ജിത്താണ്. അഗസ്റ്റിന്റെ പ്രിയ സുഹൃത്തായിരുന്നു രഞ്ജിത്ത്. എന്നെന്നും മലയാളി ഓർമയിൽ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ മായാത്ത മനോഹാരിതയാണ് ആ നിമിഷം.