Friday 12 January 2024 11:16 AM IST : By സ്വന്തം ലേഖകൻ

‘ആട്ടം മമ്മൂക്ക കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു’: സന്തോഷം കുറിച്ച് വിനയ് ഫോർട്ട്

vinay-fort

മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ആട്ടം സിനിമ കണ്ട്, പ്രധാന വേഷങ്ങളിൽ അഭിനയിച്ചവരെ വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി.

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയ വിനയ് ഫോർട്ട് ആണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

‘മമ്മൂക്ക!! ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്.

ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ്’ എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു - സുകൃതം!

ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ ശാജോൺ ചേട്ടന് ആയിരം ഉമ്മകൾ’.– വിനയ് കുറിച്ചു.

തിരുവനന്തരപുരത്ത് സമാപിച്ച രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്നാണ് ‘ആട്ടം’. മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ചിത്രത്തിനു ലഭിച്ചിരുന്നു. സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചിരുന്നത്.