Saturday 27 April 2024 03:52 PM IST

‘അടച്ചിട്ടിരുന്ന കട തുറപ്പിച്ചാണ് അതേ നിറവും ഡിസൈനുമുള്ള സാരി കൃത്യസമയത്ത് എത്തിച്ചത്’; സിനിമയിലെ സാരിക്കഥകളുമായി സമീറ സനീഷ്

Seena Cyriac

Chief Sub Editor

sameera-saneesh677 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ...

വസ്ത്രങ്ങളും സംസാരിക്കും. പക്ഷേ, പലരും അതു കേൾക്കാറില്ലെന്നു മാത്രം. വസ്ത്രങ്ങളെ മടുക്കാതെ സ്നേഹിക്കുന്നവർക്കെല്ലാം അവയുടെ സംഭാഷണം കേൾക്കാൻ കഴിയും. ഇനിയും നല്ലത് കിട്ടുമോ എന്നന്വേഷിച്ച്  കടകളിലൂടെ, തുണികൾ അടുക്കി വച്ചിരിക്കുന്ന വാഡ്റോബുകൾക്കരുകിലൂടെ, ഉടുപ്പുകൾ ജനിച്ചു വീഴുന്ന മെഷീനുകൾക്കരികിലൂടെ ഒക്കെ നടക്കുമ്പോൾ ഞാനത് കേട്ടിട്ടുണ്ട്.  

വസ്ത്രങ്ങളുടെ കിളിപ്പേച്ചുകൾക്കു കാതോർത്തു തുടങ്ങിയത് ഒരുപാട് കാലം മുൻപാണ്. നായിക–ശോഭന, ചിത്രം–മണിച്ചിത്രത്താഴ്. തിയറ്ററിൽ സിനിമ കാണാനെത്തിയ സ്കൂൾകുട്ടി അന്ന് ശോഭനയുടെ സാരികളിൽ ലയിച്ച് അലിഞ്ഞുപോയിരുന്നു. ആ ബ്ലൗസുകളുടെ കട്ടിങ് പോലും ഒപ്പിയെടുത്ത കാർബൺ പേപ്പർ ആയി മാറിയിരുന്നു മനസ്സ്. അന്നൊന്നും കരുതിയില്ല പിന്നീടൊരുകാലത്തു വസ്ത്രാലങ്കാര വിദഗ്ധ എന്ന ലേബലിൽ ശോഭനയുടെ മുന്നിൽ ചെന്നു നിൽക്കേണ്ടി വരുമെന്ന്.

‘തിര’ എന്ന ചിത്രത്തിനു വേണ്ടി കറുപ്പ് അല്ലെങ്കിൽ ചുവപ്പു സാരി വേണം എന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. സിനിമയിലുടനീളം നായിക ശോഭന ഉടുക്കുന്ന സാരിയാണ്. അത്ര ഭംഗിയുള്ളതാകണം. അന്വേഷിച്ചു നടപ്പിനിടയിൽ കറുപ്പും ചുവപ്പും മൽസരിച്ചെന്നപോലെ തലയുയർത്തി നിൽക്കുന്ന ഒരു സാരി കണ്ടു. അതിനൊപ്പം മറ്റൊരു സാരിയും കൂടി കരുതിയാണ് ചെന്നൈയിലെ ശോഭനയുെട നൃത്തശാലയിൽ ട്രയലിന് എത്തുന്നത്. അവരുടെ നീണ്ട വിരലുകൾ ആദ്യം തൊട്ടത് കറുപ്പും ചുവപ്പും പാതി പാതിയായ ആ സാരിയിലാണ്.  അടുത്ത മുറിയിലേക്കു കയറി നിമിഷങ്ങൾക്കുള്ളിൽ സാരിയുടുത്ത് ഇറങ്ങി വന്നു. അലസമായി ചുമലിലേക്കു വിരിച്ചിട്ട സാരിത്തലപ്പും പിടിച്ചുള്ള ആ നിൽപ്. പെട്ടെന്നു ഞാൻ ആ പഴയ ഫാൻ ഗേൾ ആയി. ഗംഗയുടെ സാരിയിൽ മയങ്ങിയ സ്കൂൾ കുട്ടി.

ആരാധനയുടെ നിമിഷങ്ങൾ

ജോലി സിനിമയിൽ ആയതുകൊണ്ട് ഇത്തരം ഫാൻ ഗേൾ മൊമന്റ്സ്  വന്നു കുഴക്കികളയാറുണ്ട് പലപ്പോഴും. കാതൽ എന്ന ചിത്രത്തിനുവേണ്ടി ജ്യോതികയുടെ ഫ്ലാറ്റിലെത്തുമ്പോൾ വാതിൽ തുറക്കുന്നതു സൂര്യയാണ്. സൂര്യയുടെ ഹാർഡ് കോർ ഫാൻ ആയതുകൊണ്ട് ഒരു നോക്കു കാണാൻ പറ്റണേ എന്നേ ചിന്തിച്ചിരുന്നുള്ളൂ. അപ്പോഴാണ് അവർ രണ്ടും പേരും ചേർന്നു ഊണു വിളമ്പി തരുന്നത്. നെഞ്ചു പടപടാ മിടിച്ചുകൊണ്ടേയിരുന്നു ദിവസം മുഴുവനും.

15 വർഷമായി സിനിമയിൽ ജോലി ചെയ്യുന്നു. ഏറ്റവും കുറച്ചു കാലം കൊണ്ട് ഏറ്റവുമധികം സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തതിനു ലിംക ബുക് ഒാഫ് റെക്കോർഡ്സിൽ സ്ഥാനം നേടി. എങ്കിലും സിനിമയിൽ നിന്ന് ഒരു ആത്മസുഹൃത്തുണ്ടോ എന്നു ചോദിച്ചാൽ അതു മഞ്ജു ചേച്ചിയാണ്. പച്ചയിൽ ഗ്രേ ബോർഡർ ഉള്ള സാരിയിൽ ഒരു സ്റ്റീൽ ഗ്ലാസും കയ്യിൽ പിടിച്ചു നിൽക്കുന്ന മഞ്ജു വാരിയരായിരുന്നു ഹൗ ഒാൾഡ് ആർ യൂ സിനിമയുടെ ആദ്യ പോസ്റ്റർ. സിനിമയ്ക്കൊപ്പം സാരികളും ഹിറ്റായി. ജോലിക്കാരായ സ്ത്രീകൾ ധരിക്കാറുള്ള നാരായൺപേട്ട്, പൊണ്ടുരു, കലാക്ഷേത്ര തുടങ്ങിയ നിത്യസാധാരണമായ സാരികളായിരുന്നു അവയെല്ലാം. റെയർ ആയ കളർ കോംബിനേഷനുകൾ ശ്രദ്ധയോടെ തിരഞ്ഞെടുത്തുവെന്നു മാത്രം. കുറേക്കാലത്തിനു ശേഷം ചെന്നൈയിൽ ഷോപ്പിങ്ങിനു ചെന്നപ്പോൾ മഞ്ജു വാരിയരുടെ ചിത്രം സഹിതമുള്ള കവറിൽ നിന്ന് സെയിൽസ്മാൻ ആ സാരി നിവർത്തിയിട്ടു. എന്നിട്ടൊരു ഡയലോഗും.‘കേരളാവിലെല്ലാം ഹിറ്റ് ആയ സാരി മാഡം’  

രഞ്ജിത്തേട്ടൻ മറക്കാത്ത സാരി

പ്രാഞ്ചിയേട്ടനിലെ ഒരു സാരി താനൊരിക്കലും മറക്കില്ല എന്നു സംവിധായകൻ രഞ്ജിത്തേട്ടൻ പറയാറുണ്ട്. അത് മമ്മൂക്കയുടെ ‘പൂരങ്ങളുടെ നാടായ...’ എന്ന ആ പ്രസംഗ സമയത്ത് ഖുശ്ബു ഉടുക്കുന്ന സാരിയാണ്. സ്വന്തം കളക്‌ഷനിലുള്ള സാരികളുമായാണ് അവർ വന്നത്.  സീൻ ചിത്രീകരിക്കുമ്പോൾ ഈ സാരി ഞാൻ കൊച്ചിയിലെ ഒരു ഷോപ്പിൽ കണ്ടിട്ടുണ്ടല്ലോ എന്നു ഒാർത്തെടുക്കുകയും ചെയ്തു. പക്ഷേ, ഷൂട്ട് ബ്രേക്കിന് ചെന്നൈയിലേക്കു പോയി മടങ്ങി വന്ന ഖുശ്ബു സാരി എടുക്കാൻ മറന്നു. ഷൂട്ട് മുടങ്ങാൻ പാടില്ലല്ലോ. രഞ്ജിയേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ഒരു സഹപ്രവർത്തകനെ അയച്ച് അവധിദിവസം അടച്ചിട്ടിരുന്ന കട തുറപ്പിച്ചാണ് അതേ നിറവും ഡിസൈനുമുള്ള സാരി കൃത്യസമയത്ത് എത്തിച്ചത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിനായി അദിതി റാവുവിനെ കാണാൻ മുംബൈയിൽ എത്തുമ്പോൾ അവർ ടെൻഷനിലായിരുന്നു. മലയാളി ഡിസൈനർ ശരിയാകുമോ എന്ന സംശയം അവർക്കുണ്ടായിരുന്നു. പക്ഷേ, വസ്ത്രങ്ങൾ അണിഞ്ഞപ്പോൾ അവർക്ക് ഇഷ്ടമായി. ബ്രൗൺ, ഗ്രീൻ, ഒാറഞ്ച് തുടങ്ങിയ എർത് കളേഴ്സ് ആയിരുന്നു ആ സിനിമയുടെ കളർ പാലറ്റിൽ ഉണ്ടായിരുന്നത്.

പലപ്പോഴും വിടപറഞ്ഞു പോയവർപോലും ഒരു സാരിയിൽ തൊട്ടു തിരിച്ചു വന്നു മുന്നിൽ നിന്ന അനുഭവം ഉണ്ടായിട്ടുണ്ട്. പ്രശസ്ത ആർട്ടിസ്റ്റ് അനൂപ് രാമകൃഷ്ണന്റെ ഒപ്പം ഒരുപാടു പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം വളരെക്കാലം കഴിഞ്ഞാണ് കാതൽ എന്ന സിനിമ ഇറങ്ങുന്നത്. അതു കണ്ട് അദ്ദേഹത്തിന്റെ ഭാര്യ മീര വിളിച്ചു. അതിൽ ജ്യോതിക അണിഞ്ഞ പർപിൾ സാരിപോലെ ഒന്ന് അവർ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. അതു വർഷങ്ങൾക്കു മുൻപ് അനൂപിന്റെ പരസ്യചിത്രത്തിലേക്കായി ഞാൻ തിരഞ്ഞെടുത്തു കൊടുത്തതാണ് എന്നും പറഞ്ഞു. രണ്ടും ഒരേ കളറിലും പാറ്റേണിലും ഉള്ള സാരികൾ ആയിരുന്നു.   

സമീറ സനീഷ് എന്ന ബ്രാൻഡും ബുട്ടീക്കും തുടങ്ങിയിട്ട് എട്ടു മാസമേ ആയുള്ളൂ. സ്വന്തം ബ്രാൻഡ് തുടങ്ങാൻ വൈകിയതെന്തേ എന്നു പലരും ചോദിക്കാറുണ്ട്.  ചെയ്യുന്ന ജോലിയിൽ മുഴുകി നടക്കുന്ന സ്വഭാവം കൊണ്ടാകാം. എനിക്കിപ്പോഴും ജോലി മടുക്കാത്തതും അതുകൊണ്ടാണ്. സിനിമയിലേക്ക് ഇറങ്ങാൻ ആദ്യം മടിയായിരുന്നു. മമ്മൂക്ക നായകനായ, ആഷിഖ് അബുവിന്റെ ആദ്യ സിനിമയായ ഡാഡികൂളിലാണ് എന്റെ തുടക്കം. പിന്നെ, അവസരങ്ങളുടെ ഒഴുക്കായിരുന്നു.

_DSC4162

അങ്ങനെ മായില്ല, സങ്കടം

പക്ഷേ, ഇനി ഒരിക്കലും സിനിമയിലേക്കില്ല എന്നു തീരുമാനിച്ച് സെറ്റിൽ നിന്ന് കരഞ്ഞിറങ്ങി പോന്ന ദിവസവും കരിയറിലുണ്ട്. നിസ്സാരകാര്യത്തിന് വലിയൊരു ജനക്കൂട്ടത്തിനു മുന്നിൽ വച്ച് കടുത്ത ശകാരം കിട്ടിയപ്പോഴായിരുന്നു അത്. പിന്നീട് ശകാരിച്ചയാൾ തന്നെ സമാശ്വസിപ്പിച്ചു. അടുത്ത മൂന്നു സിനിമകളിലേക്കു ക്ഷണിച്ചു. പക്ഷേ, ആ നിമിഷത്തിലുണ്ടാകുന്ന നിരാശ, അപമാനം അതൊക്കെ എത്ര മായ്ചാലും മായാത്തതാണ്. കരഞ്ഞു വീട്ടിൽ ചെന്നപ്പോൾ സനീഷ് പറഞ്ഞു ‘മറ്റുള്ള ജോലികൾക്കില്ലാത്ത എന്തെല്ലാം സന്തോഷങ്ങളാണ് ഈ ജോലി തരുന്നത് എന്നൊന്നു ചിന്തിച്ചു നോക്കൂ....’

പരിചയപ്പെട്ട നാൾമുതൽ സനീഷിന്റെ ഈ സപ്പോർട്ട് ആണ് ഇവിടെ വരെയെത്താൻ തുണയായത്. എല്ലാത്തിനും തുടക്കമിട്ടു തന്ന ഉമ്മച്ചിയെ എന്നുമെന്നപോലെ ഒാർക്കും. എന്റെ കുത്തിവരകൾ കണ്ടു കലാഭവനിൽ ചിത്രരചന പഠിക്കാൻ ചേർത്തതും പത്താംക്ലാസ് കഴിഞ്ഞപ്പോൾ സ്റ്റിച്ചിങ് പഠിക്കാൻ നിർബന്ധിച്ചയച്ചതും ഉമ്മച്ചിയാണ്. ഫാഷൻ ഡിസൈനിങ് പഠനത്തിൽ ഏറ്റവും പ്രയോജനപ്പെട്ടത് ഉമ്മച്ചി തന്ന ഈ രണ്ട് അടിസ്ഥാന അറിവുകളാണ്. ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നതുകൊണ്ടാകാം മകൾ ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിച്ചു തുടങ്ങിയത് ഉമ്മച്ചിയെ ഉലച്ചു കളഞ്ഞത്. നാലുപെൺമക്കളുടെ കലപില ശബ്ദങ്ങളുതിർന്നിരുന്ന ഞങ്ങളുടെ വീട്ടിൽ നിന്ന് ഉമ്മച്ചിയും ഉപ്പയും എന്നന്നേക്കുമായി മാഞ്ഞുപോയി.

ഒന്നാംക്ലാസ്സിൽ പഠിക്കുന്ന മകൻ ലൂക്കയാണ് ഇന്ന് എല്ലാം. അവൻ നന്നായി വരയ്ക്കുന്നതു നോക്കി നിൽക്കുമ്പോൾ ഉമ്മച്ചി പണ്ട് എന്നെ നോക്കി മനസ്സു നിറഞ്ഞു നിന്ന ആ കാഴ്ച തെളിഞ്ഞു വരും.

Tags:
  • Celebrity Fashion
  • Fashion
  • Trends