Tuesday 06 June 2023 11:55 AM IST

പനയോലയുടെ ഉള്ളിലേക്ക് ശരം പോലെ പാഞ്ഞുകയറുന്ന പക്ഷി; പേര് കൂളാണെങ്കിലും ‘പനങ്കൂളൻ’ ആളത്ര കൂൾ അല്ല!

Sreedevi

Sr. Subeditor, Vanitha veedu

palm-swift എഴുത്ത്, ചിത്രങ്ങള്‍: ശ്രീദേവി, വനിത വീട്

പനയിൽ കൂളായി ഇരിക്കുന്നതു കൊണ്ടാണോ പനങ്കൂളൻ എന്നു പേര്? പനങ്കൂളൻ എന്ന Asian Palm Swift (Cypsiurus balasiensis) ചിത്രം പോസ്റ്റ് ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റാണ്. പേര് കൂളാണെങ്കിലും പനങ്കൂളൻ ആളത്ര കൂൾ അല്ല എന്നതാണ് സത്യം. ഒന്ന് ഇരിക്കാൻ പോലും സമയമില്ല എന്ന് അമ്മമാർ പറഞ്ഞു കേൾക്കാറില്ലേ? അതുതന്നെയാണ് പനങ്കൂളന്റെയും അവസ്ഥ. നേരമോ കാലമോ നോക്കാതെ ആകാശത്ത് പറന്നുനടക്കുന്ന ഈ പക്ഷി എവിടെയെങ്കിലുമൊന്ന് ഇരുന്നു കാണുന്നത് വളരെ അപൂർവമാണ്. പക്ഷിനിരീക്ഷകർ ഈ ചിത്രത്തെ കൗതുകത്തോടെ കണ്ടത് ഇക്കാരണം കൊണ്ടുതന്നെയാണ്. 

ഇന്ത്യ മുതൽ തെക്കോട്ട് ഫിലിപ്പീൻസ് വരെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ വളരെ സാധാരണയായി കാണുന്ന പക്ഷിയാണ് ഏഷ്യൻ പാം സ്വിഫ്റ്റ്. പനങ്കൂളൻ എന്ന് മലയാളം പേര് പനയെ ചുറ്റിപ്പറ്റിയാണ് ഈ പക്ഷിയുടെ ജീവിതം എന്നതാണ് പാം സ്വിഫ്റ്റ് എന്ന പേരിനു കാരണം. കരിമ്പന, എണ്ണപ്പന പോലുള്ള പനയുടെ ഓലയിടുക്കിൽ മാത്രം പറ്റിപ്പിടിച്ചിരിക്കാൻ കഴിയുന്ന ചെറിയ കാലുകളാണ് പനങ്കൂളന്റേത്. ആകാശത്ത് പറന്നു നടക്കുന്ന പ്രാണികളാണ് ഭക്ഷണം. പറന്നു മടുക്കുകയോ ക്ഷീണിക്കുകയോ ഇല്ലാത്തതിനാൽ മുഴുവൻ സമയവും പ്രാണി പിടുത്തം ആണ്. ഈ പക്ഷി വിശ്രമിക്കുന്നുണ്ടങ്കിൽ അത് അതീവ രഹസ്യമായി പനയോലകളുടെ അടിയിലുമാകും.       

കരിമ്പനകൾ ധാരാളമുള്ള സ്ഥലങ്ങളിൽ ആകാശത്ത് പനങ്കൂളനെ എപ്പോഴും കാണാം. പട്ടാമ്പിയിലെ പാടങ്ങളിലും തുറസ്സായ പറമ്പുകളിലുമൊക്കെ കരിമ്പനകളെ ചുറ്റിപ്പറ്റി പറന്നുനടക്കുന്ന പനങ്കൂളൻ കുട്ടിക്കാലം മുതലേ സുപരിചിതനാണ്.  ‘ടിർ...’ എന്നൊരു ശബ്ദത്തോടെ തലയ്ക്കു മുകളിൽ മിന്നൽ പോലെ പറന്നുപോകുന്ന ഈ പക്ഷിയുടെ ആകൃതിയും നിറവും എന്താകും എന്നാലോചിച്ച് വായും പൊളിച്ച് ആകാശം നോക്കി എത്രനേരം നിന്നിട്ടുണ്ട്! പനയോലയുടെ ഉള്ളിലേക്ക് ശരം പോലെ പാഞ്ഞുകയറുന്ന ഈ പക്ഷി എവിടെയാണ് ഇരിക്കുന്നത് എന്നറിയാൻ ഓല മൊത്തം സ്കാൻ ചെയ്താലും ഒന്നും കാണാമെന്ന് പ്രതീക്ഷിക്കണ്ട. മിക്കപ്പോഴും പനയിലേക്ക് കയറുന്ന അതേ സ്പീഡിൽ പക്ഷി, എന്തോ എടുക്കാൻ മറന്നതുപോലെ പുറത്തേക്കും പാഞ്ഞിട്ടുണ്ടാകും. അത്രയ്ക്ക് ‘ ഇരിപ്പുറയ്ക്കാത്ത’ പക്ഷിയാണ് പനങ്കൂളൻ.

1685941469454

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്, നാട്ടിലെ വായനശാലയിൽ നിന്ന് ഒരു പുസ്തകം കിട്ടി. ഇന്ദുചൂഡൻ എന്ന ശ്രീ. കെ.കെ. നീലകണ്ഠൻ രചിച്ച കേരളത്തിലെ പക്ഷികൾ. പക്ഷികളെ സ്വപ്നം കണ്ടു നടന്ന ഒരു കുട്ടിക്ക്, തന്നെപ്പോലെ പക്ഷികളെ സ്നേഹിക്കുന്ന ഒരുപാട് പേർ സന്തോഷകരമായ അറിവായിരുന്നു. അതിലേറെ, കാണുന്ന പക്ഷികളെ തോന്നുന്ന പേരിട്ടുവിളിക്കേണ്ട, നല്ല മനോഹരമായ പേരുകൾ അറിവുള്ളവർ കൊടുത്തിട്ടുണ്ട് എന്ന ആശ്വാസം. 

തലക്കു മുകളിലൂടെ ശീൽക്കാരത്തോടെ പായുന്ന ആശാന്റെ പേര് പനങ്കൂളൻ എന്നാണെന്ന് ആ പുസ്തകത്തിൽ നിന്നാണ് മനസ്സിലാക്കിയത്. വായുവിലെ ചെറുപ്രാണികളെ ഞൊടിയിടയിൽ അകത്താക്കാൻ കഴിയുന്ന പരന്ന വായയാണ് ഈ പക്ഷിക്ക് എന്നും അപൂർവമായി മാത്രം വിശ്രമിക്കുന്ന സ്മാർട് ബേർഡ് ആണ് ഇതെന്നും കേരളത്തിലെ പക്ഷികൾ പറഞ്ഞുതന്നു. പനയോലയിലാണ് ഈ പക്ഷി കൂടുവയ്ക്കുന്നത്. ചെറുസസ്യഭാഗങ്ങളും പായലുമൊക്കെ തുപ്പൽ കൊണ്ട് ഒട്ടിച്ചു ചേർത്ത, കോപ്പയുടെ ആകൃതിയിലുള്ള കൂട് പനയോലയിൽ ഉറപ്പിച്ചിരിക്കും. ഒരു ക്ലച്ചിൽ മൂന്നോ നാലോ കുഞ്ഞുങ്ങൾ. 

ഈ അറിവൊക്കെ പുസ്തകങ്ങളിൽ ഉണ്ടെങ്കിലും ഒരിക്കൽപ്പോലും ഒരു പനങ്കൂളൻ പനയിൽ ഇരിക്കുന്നതു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് എപ്പോഴും നിരാശ തോന്നാറുണ്ടായിരുന്നു. പനങ്കൂളന്റെ പറക്കുന്ന നല്ലൊരു പടമെങ്കിലും എടുക്കണം എന്നത് ഏതൊരു ഫൊട്ടോഗ്രഫർക്കും ഉണ്ടാകുന്ന ആഗ്രഹമാണ്. ആറ്റക്കുരുവികൾ തൂങ്ങിയാടുന്ന പാടവരമ്പത്തെ കരിമ്പനയുടെ ചുറ്റും പനങ്കൂളൻമാരുടെ ബഹളം. ആരും ക്യാമറയ്ക്ക് പിടി തരാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽപിന്നെ, ആറ്റക്കുരുവിയുടെ ആർക്കിടെക്ചറെങ്കിലും പടമാക്കാം എന്നു കരുതി ക്യാമറ അങ്ങോട്ടു തിരിച്ചു. ആറ്റക്കൂടുകൾക്കിടയിലൂടെ നീങ്ങുന്ന ക്യാമറ പെട്ടെന്ന് നിന്നു, പ്രതീക്ഷിക്കാത്ത ആ കാഴ്ച മുന്നിൽ.

പനയോലയുടെ മറവിൽ രണ്ട് പനങ്കൂളൻമാർ ഒന്നിനു താഴെ മറ്റൊന്നായിരിക്കുന്നു. 10-15 വർഷം തുടർച്ചയായി നോക്കിയിട്ടും കാണാത്ത കാഴ്ച. മനസ്സിൽ ലഡു പൊട്ടി, കണ്ണിൽ പൂത്തിരി കത്തി. ഹൃദയം പടപടാ പെരുമ്പറയടിച്ചു. ഇണ ചേരൽ, മേറ്റിങ് ആവുമോ? അതോ കൂടുണ്ടോ? ചറപറ ചിത്രങ്ങൾ വിരിഞ്ഞു. താഴത്തെ പക്ഷി അല്പം മുകളിലേക്ക് നീങ്ങി രണ്ടുപേരും ഒട്ടിയൊട്ടി അല്പനേരം ഇരുന്നു. മേറ്റിങ് അല്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒന്നിനു പിറകേ ഒന്നായി ആകാശത്തിന്റെ സ്പീഡ് ട്രാക്കിലേക്ക് ഊളിയിട്ടു. ഒരു പക്ഷിപ്രേമിക്ക് ആ പത്ത് മിനിറ്റ് മരണം വരെയുള്ള ഏറ്റവും നല്ല ഓർമ്മയാണ്. കൂടുതൽ നിരീക്ഷിക്കാൻ സമയമുണ്ടെങ്കിൽ കൂടും കുഞ്ഞുങ്ങളുമൊക്കെ കണ്ട് നിർവൃതിയടയാം. പ്രകൃതിയുടെ വികൃതികൾ ഇങ്ങനെയൊക്കെയാണ്. ആഗ്രഹിക്കുന്നതല്ല തരിക, സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത നിധിയാകും പകരം നമ്മെ കാത്തിരിക്കുക.  

palm-swift2

എഴുത്ത്, ചിത്രങ്ങള്‍: ശ്രീദേവി, വനിത വീട്

Tags:
  • Spotlight