Monday 18 December 2023 10:21 AM IST : By സ്വന്തം ലേഖകൻ

മൂന്നര വയസ്സുള്ള മകന്റെ മുഖം മനസ്സിൽ കണ്ടു: കുട്ടിക്കു രക്ഷയായത് അഭിലാഷിന്റെ സമയോചിത ഇടപെടലും ധീരതയും, അഭിനന്ദനപ്രവാഹം

7auto

ആ കരുതലിനെ, ഒരു നന്ദിവാക്കിൽ ഒതുക്കാനാവില്ല. നാടു മുഴുവൻ ആ ഇടപെടലിനോടു കടപ്പെട്ടിരിക്കുന്നു. കഞ്ചിക്കോട് അതിഥിത്തൊഴിലാളിയുടെ മകനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ കണ്ണോട് സ്വദേശി എ. അഭിലാഷ് എന്ന ഓട്ടോ ഡ്രൈവർക്ക് അഭിനന്ദനപ്രവാഹമാണിപ്പോൾ. അഭിലാഷിന്റെ സമയോചിത ഇടപെടലും ധീരതയുമാണ് ആ കുട്ടിക്കു രക്ഷയായത്. കുട്ടിക്കൊപ്പം വാഹനത്തിൽ കയറിയതു മുതൽ പ്രതി സെന്തിലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോഴാണ് അഭിലാഷ് ഇയാളെ നിരീക്ഷിക്കുകയും പിന്നീട് ചോദ്യം ചെയ്യുകയും ചെയ്തത്.

ഒടുവിൽ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു മറ്റുള്ള ഓട്ടോ ഡ്രൈവർമാരെയും നാട്ടുകാരെയും വിളിച്ചു ചേർത്ത് ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്. ഈ സമയം തന്റെ മൂന്നര വയസ്സുള്ള ആൺകുട്ടിയുടെ മുഖമാണു മനസ്സിൽ തെളിഞ്ഞതെന്നും അതുകൊണ്ടാണ് ധൈര്യത്തോടെ പ്രതികരിക്കാൻ തയാറായതെന്നും അഭിലാഷ് പറയുന്നു. ഭാര്യ സ്നേഹയുടെ പേരാണ് അഭിലാഷ് ഓട്ടോറിക്ഷയ്ക്കു നൽകിയിട്ടുള്ളത്.

മെസ്സിയുടെ ആരാധകനായതിനാൽ അസ്‌ലാൻ മെസ്സി എന്നാണ് മകനു പേരിട്ടിട്ടുള്ളത്. 4 വർഷമായി കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിലെ സ്റ്റാൻഡിലാണ് വാഹനം നിർത്തിയിടുന്നത്. ഇവിടെയുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ കൂട്ടായ്മ ഒട്ടേറെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

Tags:
  • Spotlight