Thursday 28 December 2023 10:06 AM IST

‘കുളിമുറിയിൽ നിന്ന് അലറി കരഞ്ഞുകൊണ്ടു പാതിവസ്ത്രത്തിൽ പുറത്തുചാടിയ പെൺകുട്ടി’; വെറും പേടിയല്ല ഫോബിയ, അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

fobia567bjj

രു വൈകുന്നേരമാണ് ആ നവദമ്പതികൾ കാണാൻ വന്നത്. കല്യാണം കഴിഞ്ഞിട്ട് മൂന്നു നാലു മാസമായതേ ഉള്ളൂ. പെൺകുട്ടിക്ക് എട്ടുകാലികളോട് അസാധാരണമായ ഭയമാണ്. മുറിയിലെവിടെയെങ്കിലും എട്ടുകാലിയെ കണ്ടാൽ ഭയന്നുവിറച്ചു പുറത്തുചാടും. പിന്നെ എത്ര പറഞ്ഞാലും കളിയാക്കിയാലും ആ പരിസരത്തേക്കു പോലും വരില്ല. കല്യാണം കഴിഞ്ഞ് ഒരു മാസമായ സമയത്താണ് ഈ പ്രശ്നം വെളിച്ചത്തുവരുന്നത്. ഒരു വൈകുന്നേരം വീട്ടിൽ നിന്നും യുവാവിനു ഫോൺ വന്നു. അത്യാവശ്യമായി അങ്ങോട്ടു ചെല്ലണം. വീട്ടിലെത്തിയപ്പോൾ എല്ലാവരുടെയും മുഖം ഗൗരവത്തിലാണ്. പെൺകുട്ടിക്ക് എന്തോ മാനസികപ്രശ്നമുണ്ട്. നമ്മൾ പറ്റിക്കപ്പെടുകയായിരുന്നു എന്നൊക്കെ അമ്മ പറയുന്നു. നവവധു ഒരു വശത്ത് ഒന്നും മിണ്ടാതെ കുനിഞ്ഞിരിപ്പുണ്ട്.

സംഭവിച്ചത് ഇതാണ്. കുളിമുറിയിൽ  ഒരു എട്ടുകാലിയെ കണ്ട് അലറി കരഞ്ഞുകൊണ്ടു പാതി വസ്ത്രത്തിൽ പുറത്തുചാടിയതാണ് പെൺകുട്ടി. മണിക്കൂറുകൾ കഴിഞ്ഞിട്ടും അകത്തു കയറാതെ വരാന്തയിലിരുപ്പാണ്. രണ്ടുപേരും തനിച്ചായപ്പോൾ പെൺകുട്ടി തന്റെ ‘പ്രശ്ന’ത്തെക്കുറിച്ചു തുറന്നുപറഞ്ഞു. പണ്ടുതൊട്ടേ എട്ടുകാലിയെ പേടിയാണ്. ഒറ്റ മകളായിരുന്നതുകൊണ്ട് മാതാപിതാക്കൾ ഏറെ കരുതലോടെയാണു വളർത്തിയത്. യുക്തിരഹിതമായ പേടിയിൽ നിന്നും മോചിതയാകാൻ മകളെ സഹായിക്കുന്നതിനു പകരം അത്തരം സാഹചര്യങ്ങൾ ഒഴിവാക്കിക്കൊടുക്കാനാണു ശ്രമിച്ചത്. മകൾ കുളിക്കാൻ കയറും മുൻപേ അമ്മ ടോയ്‌ലറ്റിന് അകവശം പരിശോധിക്കും. എന്തായാലും വീട്ടുകാരുടെ വാക്കുകേട്ട് ഭാര്യയ്ക്ക് മനോരോഗമാണെന്നു
വിചാരിക്കാൻ മാത്രം ബുദ്ധിശൂന്യനായിരുന്നില്ല യുവാവ്. അതുകൊണ്ട്  തൊട്ടടുത്ത ദിവസം തന്നെ ഭാര്യയേയും കൂട്ടി എന്നെ കാണാൻ വന്നു.

ഭയവും ഫോബിയയും

പേടി എന്നത് ആപത് സൂചനകളെ തിരിച്ചറി‍ഞ്ഞ് അപകടഘട്ടങ്ങളിൽ നിന്നു പരുക്കേൽക്കാതെ രക്ഷപെടാൻ നമ്മ സഹായിക്കുന്ന തലച്ചോറിന്റെ ഒരു മുന്നറിയിപ്പ് (സിഗ്നലിങ്) സംവിധാനമാണ്.  ആ അർഥത്തിൽ ഒരളവു വരെ ഗുണകരവുമാണ്. എന്നാൽ ഫോബിയ വെറും ഭയമല്ല. അസാധാരണമായ ഭീതിയും ആശങ്കയുമാണ്. ഫോബിയയെ തിരിച്ചറിയാൻ മൂന്നു നാലു  പ്രധാന സൂചനകൾ സഹായിക്കും.

∙ ഭയമുളവാക്കുന്ന വസ്തുവുമായോ സന്ദർഭവുമായോ ഇടപെടേണ്ടി വരുമ്പോൾ കടുത്ത ഭയവും ഉത്കണ്ഠയും അനുഭവപ്പെടുക, അവിടെ നിന്ന് ഒാടിരക്ഷപെടാനുള്ള വ്യഗ്രത ∙ ഭയം യുക്തിരഹിതമാണെന്ന് അറിഞ്ഞിട്ടും നിയന്ത്രിക്കാനാകാതെ വരിക

∙  ഭയമുളവാക്കുന്ന വസ്തുവിനെയോ സാഹചര്യത്തെയോ ഒഴിവാക്കാനുള്ള
പ്രവണത.

ഫോബിയ സൃഷ്ടിക്കുന്ന അമിത ഉത്കണ്ഠയുടെ ശാരീരിക പ്രതിഫലനമായി  നെഞ്ചിടിപ്പു കൂടുക, വിയർത്തുകുളിക്കുക, വിറയ്ക്കുക, നെഞ്ചിൽ മുറുക്കം അനുഭവപ്പെടുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്  അനുഭവപ്പെടുക, മുഖം വിളറിവെളുക്കുക, തല ചുറ്റുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ
പ്രകടമാകാം.

കാരണമെന്ത്?

ഫോബിയ ഭീതിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഭയമുള്ള എല്ലാവർക്കും ഫോബിയ ഉണ്ടാകണമെന്നില്ല. സാധാരണ ചെറുപ്പത്തിലേ തന്നെ ഫോബിയ വരാം. എന്നാൽ പാനിക് അറ്റാക്കോടു കൂടിയ അഗാരോഫോബിയ മുതിർന്നവരിൽ പെട്ടെന്നു വരുന്നതായി കണ്ടിട്ടുണ്ട്.  മൃഗങ്ങളോടുള്ള ഫോബിയ സ്ത്രീകളിലും കുട്ടികളിലുമാണു കൂടുതലായി കാണുന്നത്.

എന്തുകൊണ്ടാണ് ഫോബിയ രൂപപ്പെടുന്നത് എന്നു പൂർണമായും മനസ്സിലാക്കാൻ ഗവേഷകർക്കായിട്ടില്ല. എങ്കിലും പല കാരണങ്ങളാൽ ഫോബിയ വരാമെന്നു കാണുന്നു.

∙ ദുരന്താനുഭവങ്ങൾ– അപകടകരമായ ഒരു വസ്തുവിനോടോ സാഹചര്യത്തോടോ ഇടപെട്ടതു മൂലം ഉടലെടുത്ത ഭയം. ചിലപ്പോൾ നേരിട്ട് ഇടപെടണമെന്നില്ല. മറ്റാർക്കെങ്കിലും ഉണ്ടായ അപകടമോ ദുരന്തമോ കണ്ടോ കേട്ടറിഞ്ഞോ ഉണ്ടാകുന്ന ഭയവുമാകാം.

∙ ജനിതകം– ചിലതരം ഫോബിയകൾ പാരമ്പര്യമായി പകർന്നു കിട്ടാം. ഉദാഹരണത്തിനു മൃഗങ്ങളോടുള്ള ഫോബിയ, രക്തത്തോടോ ചികിത്സാ സംബന്ധമോ ആയ ഫോബിയകൾ

∙ മറ്റുള്ളവരുടെ ഫോബിയ കണ്ട് അതിൽ നിന്നുടലെടുക്കുന്ന ഫോബിയ.അമിതമായി പൊതിഞ്ഞുവളർത്തുന്ന മാതാപിതാക്കളുള്ള കുട്ടികളിൽ ചില ഫോബിയകളുണ്ടാകാം.

പ്രധാനമായും മൂന്നുതരം

ഫോബിയകൾ പലതരമുണ്ടെങ്കിലും പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.

1.  സ്പെസിഫിക് അഥവാ സിംപിൾ ഫോബിയ

ഏതെങ്കിലും നിശ്ചിത വസ്തുവിനോടുള്ള ഫോബിയ. മൃഗങ്ങളോടുള്ള ഫോബിയ,  ഉയരം, വെള്ളം, അടഞ്ഞ സ്ഥലങ്ങൾ, രക്തം, കുത്തിവയ്പ് എന്നിവയോടുള്ള ഫോബിയകൾ
ഉദാഹരണം.

2.  സോഷ്യൽ ഫോബിയ 

സാമൂഹിക ഇടപെടലുകൾ വേണ്ട സാഹചര്യങ്ങളിൽ  കടുത്ത ആശങ്കയും ഭീതിയും അനുഭവപ്പെടുന്ന അവസ്ഥ. മറ്റുള്ളവർ തന്നെക്കുറിച്ചു മോശമായി വിലയിരുത്തുമോ എന്ന ചിന്തയാണ് ഈ ഭീതിക്കു പിന്നിൽ.  സോഷ്യൽ ഫോബിയ ഉള്ളവരിൽ പുതിയ ആളുകളെ കാണുന്നതും സംഭാഷണം നടത്തുന്നതും പൊതുസ്ഥലങ്ങളിൽ പ്രസംഗിക്കുന്നതും പരിപാടികൾ അവതരിപ്പിക്കുന്നതും പൊതുവിശ്രമ സ്ഥലങ്ങൾ ഉപയോഗിക്കുന്നതും  ഒക്കെ അതീവ ആശങ്കയുണ്ടാക്കാം. അതിനാൽ കഴിവതും ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ അവർ ശ്രമിക്കും.  

എന്നാൽ പൊതുവിടങ്ങളിൽ സംസാരിക്കുന്ന കാര്യത്തിൽ മാത്രമേ ഉത്കണ്ഠ ഉള്ളൂവെങ്കിൽ അത് പെർഫോമൻസ് ആങ്സൈറ്റി അഥവാ
സ്േറ്റജ് ഫ്രൈറ്റ് ആകാം. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്ന സാഹചര്യത്തിൽ അളവിൽ കവിഞ്ഞ ഉത്കണ്ഠ ഉണ്ടാകുന്നതു സ്വാഭാവികമാണ്. ഇതു സാവധാനം  മാറിക്കൊള്ളും.

ഒരിക്കൽ ഒരു കോളജ് വിദ്യാർഥി കാണാൻ വന്നു. സോഷ്യൽ ഫോബിയ ആണ് പ്രശ്നം. ചടങ്ങുകളിലും മറ്റും പോകുമ്പോൾ അമിതമായ ഉത്കണ്ഠ അനുഭവപ്പെടും. മനസ്സിലെ ആശങ്ക എത്ര ഉള്ളിലൊതുക്കാൻ ശ്രമിച്ചാലും നല്ല വെളുത്ത നിറമായതിനാൽ മുഖം ചുവന്നു തുടുക്കും. ഇതു മറ്റുള്ളവർ ശ്രദ്ധിക്കുമോ, നാണക്കേടാകുമോ എന്നൊക്കെയാണു പിന്നീട് ആളുടെ ചിന്ത. അതുകൊണ്ട് ചടങ്ങുകൾക്കു പോയാലും ആരുടേയും ശ്രദ്ധയിൽ പെടാതെ ഒതുങ്ങി മാറി നിൽക്കും.ബസ്സ് കയറാൻ പോലും പോകാൻ ഉത്കണ്ഠയാണ്. അതുകാരണം  തിരക്കില്ലാത്ത സമയത്തേ പുറത്തേക്കിറങ്ങൂ. ആരോടെങ്കിലും ഇതൊന്നു തുറന്നു പറഞ്ഞ് ആശ്വസിക്കാമെന്നു വച്ചാൽ ആരും  ഈ പറയുന്നത് അതേ അർഥത്തിൽ ഉൾക്കൊള്ളുന്നില്ല. ഭീതിയുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പതിയെ പതിയെ ചടങ്ങുകൾക്കൊന്നും പോകാതെയായി...

മറ്റൊരുതരം സോഷ്യൽ ഫോബിയയുമുണ്ട്. വളരെ ചുരുക്കം പേരിൽ കാണുന്നത്. പൊതുവിടങ്ങളിൽ വച്ച് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്ന ആശങ്ക മൂലം സ്വാഭാവികമായി കഴിക്കാനാകില്ല. ഇതു മൂടിവയ്ക്കാനെളുപ്പമായതുകൊണ്ട് മറ്റുള്ളവർ അറിയണമെന്നില്ല.

3. അഗോരാഫോബിയ

പല കാരണങ്ങളാൽ ഈ ഫോബിയ രൂപപ്പെടാം.  ഈ ഫോബിയ ഉള്ളവരിൽ ആൾക്കൂട്ടങ്ങളിലോ  പൊതുവിടങ്ങളിലോ തനിച്ചായിരിക്കാനോ ഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കാനോ ഒക്കെ കടുത്ത ഭയമനുഭവപ്പെടാം. ഇത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഉത്കണ്ഠ അമിതമായി പാനിക് അറ്റാക്കിലേക്കെത്താം. ഇങ്ങനെ ഒരു തവണ പാനിക് അറ്റാക്ക് വന്നവരിൽ വീണ്ടും വരുമോ എന്ന ഭയം വളർന്നു ഫോബിയ ആകാം.

പണ്ടൊരിക്കൽ ആൾക്കൂട്ടപ്പേടി മൂലം പുറത്തിറങ്ങാൻ പോലും ഭയന്ന അവസ്ഥയിൽ ഒരാൾ കാണാൻ വന്നു. സ്കൂൾ മാഷാണ്. ദിവസവും ബസ്സിൽ യാത്ര ചെയ്താണ് സ്കൂളിലേക്കു പോകുന്നത്. ഒരു ദിവസം മുതൽ ബസ്സിലെ തിരക്കിൽ നിൽക്കുമ്പോൾ അയാൾക്ക് അത്യധികമായ ഉത്കണ്ഠ അനുഭവപ്പെട്ടു തുടങ്ങി. ബസ്സിലെ തിരക്കിൽ നിന്നും പുറത്തുകടക്കാനാകില്ലേ എന്നൊരു ആധി. ആധി കൂടി നെഞ്ച് പടപടാന്നു മിടിക്കും, ശരീരം വിയർക്കും, ഒരു നിമിഷം കൂടി ബസ്സിനുള്ളിൽ നിന്നാൽ ശ്വാസംമുട്ടി മരിക്കുമെന്ന ഘട്ടമെത്തുമ്പോൾ അയാൾ ചാടിയിറങ്ങും. ഒന്നു രണ്ടു തവണ ഇത്തരം പാനിക് അറ്റാക്ക് വന്നതോടെ ബസ്സിൽ കയറാനേ പേടിയായി. കയറിയാൽ പാനിക് അറ്റാക്ക്  വീണ്ടും ഉണ്ടായാലോ എന്ന ചിന്ത...  ഒടുവിൽ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും പേടിയായി.  ഈ പ്രശ്നം മൂലം ജോലി പോകുമെന്ന ഘട്ടത്തിലാണ് എന്നെ കാണാൻ വന്നത്.  

എന്തുകൊണ്ട് പ്രശ്നമാകുന്നു?

പണ്ട് ഫോബിക് ഡിസോഡർ എന്ന വിഭാഗത്തിലാണ് ഫോബിയയെ ഉൾപ്പെടുത്തിയിരുന്നത്.  ഇപ്പോൾ ഉത്കണ്ഠാ രോഗങ്ങളിലാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോബിയ കൃത്യമായ ചികിത്സ വഴി  ലഘൂകരിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാവുന്ന ഒരു ലഘു മാനസികപ്രശ്നമാണ്.

ഫോബിയയ്ക്കു കാരണമാകുന്ന സാഹചര്യമോ വസ്തുവോ ഇല്ലാത്തപ്പോൾ ഇവർക്ക് ഒരു പ്രശ്നവുമുണ്ടാകില്ല. അവയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ തീവ്രമായ ഭയവും ഉത്കണ്ഠയും ആ സാഹചര്യത്തിൽ നിന്നും രക്ഷപെടാനുള്ള വെപ്രാളവും പ്രകടമാകുന്നു. ശരീരത്തിനു വേദനയെ നേരിടാൻ എത്രമാത്രം ബുദ്ധിമുട്ടുണ്ടോ  അത്രത്തോളം തന്നെ മനസ്സിനു പിരിമുറുക്കമേകുന്ന ഒന്നാണ് കടുത്ത ഉത്കണ്ഠ. വേദനയെ ഒഴിവാക്കാനായി നാം എന്തൊക്കെ ചെയ്യുമോ അതു തന്നെ ഉത്കണ്ഠയെ ഒഴിവാക്കാൻ മനസ്സും ചെയ്യും. അതുകൊണ്ടാണ് ഉത്കണ്ഠ ജനിപ്പിക്കുന്ന വസ്തുവിനെയോ സന്ദർഭത്തെയോ ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്.  ഇത്തരം ഒഴിവാക്കൽ ശ്രമങ്ങൾ ജോലിസ്ഥലത്തും പഠനസ്ഥലത്തുമൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കാം. പെരുമാറ്റത്തിലെ ഈ പ്രത്യേകതകൾ മൂലം സാമൂഹികമായി ഒറ്റപ്പെടലിനും സാധ്യതയുണ്ട്.

fobia45777hb

∙ ഫോബിയയോടൊപ്പമുള്ള ജീവിതം സൃഷ്ടിക്കുന്ന പിരിമുറുക്കം  മദ്യപാനത്തിലേക്കോ ലഹരി ഉപയോഗത്തിലേക്കോ നയിക്കാം. സോഷ്യൽ ഫോബിയ ഉള്ളവർ തൽക്കാലത്തെ ധൈര്യത്തിനായി മദ്യം ഉപയോഗിച്ചുതുടങ്ങാം.

∙ ഇവരിൽ ഉത്കണ്ഠാ രോഗത്തിനും വിഷാദത്തിനും സാധ്യത കൂടുതലാണെന്നും കാണുന്നു.

ചികിത്സ എങ്ങനെ?

മരുന്നുകളേക്കാൾ ബിഹേവിയറൽ തെറപ്പികളാണു ഫോബിയയിൽ കൂടുതൽ പ്രയോജനപ്പെടുക.  ഏതുതരം ഫോബിയ ആണ്, ലക്ഷണങ്ങളുടെ തീവ്രത തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചു ചികിത്സാരീതികൾ വ്യത്യാസപ്പെടും.

∙ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പിയിൽ വ്യക്തിയുടെ ഭയത്തിന്റെ യുക്തിരാഹിത്യത്തെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഭയത്തോടും ഉത്കണ്ഠയോടും എങ്ങനെ പൊരുത്തപ്പെടാം എന്നു പഠിപ്പിക്കുന്നു.

∙ എക്സ്പോഷർ തെറപ്പിയാണു മറ്റൊരു ചികിത്സ.  അതായത് ഭയമുളവാക്കുന്ന വസ്തുക്കളെയോ സാഹചര്യങ്ങളെയോ ആവർത്തിച്ച്  അഭിമുഖീകരിക്കുക വഴി പണ്ട് അതേ വസ്തുവിനെ അഭിമുഖീകരിക്കുമ്പോഴുണ്ടായിരുന്ന ഉത്കണ്ഠ ഗണ്യമായി  കുറയ്ക്കുന്ന ചികിത്സ. സിസ്റ്റമാറ്റിക് ഡീസെൻസിറ്റൈസേഷൻ രീതിയാണ് പൊതുവേ അവലംബിക്കുന്നത്. ആദ്യഘട്ടത്തിൽ വളരെ ലഘുവായ, രീതിയിലുള്ള സമ്പർക്കം മാത്രം നടത്തുക. ഇല്ലെങ്കിൽ ഉത്കണ്ഠ പെരുകി രോഗി ചികിത്സ തന്നെ നിർത്തിക്കളയാം. ഉദാ.ബസ്സിൽ യാത്ര ചെയ്യാൻ ഭയപ്പെടുന്ന ആളുടെ കാര്യമെടുക്കാം.  ആദ്യം അയാളുടെ പേടിയുടെ ഒരു ഗ്രാഫ് തയാറാക്കുന്നു.  ഏതു സാഹചര്യത്തിലായിരിക്കുമ്പോഴാണ് ഏറ്റവും പേടി തോന്നുന്നത്, എപ്പോഴാണ് കുറച്ചു പേടിയുള്ളത് എന്നു വിലയിരുത്തുന്നു. എന്നിട്ട് കുറച്ചു പേടിയുള്ള സാഹചര്യത്തെ ആദ്യം നേരിടാൻ അനുവദിക്കുന്നു. പതിയെ മറ്റു സാഹചര്യങ്ങളെയും നേരിടാൻ പ്രാപ്തനാകും.  

ഫോബിയകളെ നേരിടുന്ന കാര്യത്തിൽ മനോഭാവം പ്രധാനമാണ്. ഭയം മറികടക്കുന്നത് ഒരു ജീവിതനൈപുണിശേഷിയായി കണ്ടു ശ്രമിക്കണം. ഭയം അടിമയാക്കാൻ അനുവദിക്കരുത്. പകരം  ഭയത്തെ നമ്മുടെ ഉള്ളം കയ്യിൽ ഒതുക്കി പോക്കറ്റിലിട്ടു ജീവിക്കണം.

കുട്ടിക്കാലഭയങ്ങൾ

കുട്ടികളിലെ പ്രാണികളെ സംബന്ധിച്ചുള്ള ഭീതി സാധാരണഗതിയിൽ ഭാവിയിൽ മാറുന്നതായാണു കാണുന്നത്. വളരുമ്പോൾ അവർ ഭയത്തെ തനിയെ മറികടന്നേക്കാം. എന്നാൽ അങ്ങനെ ഭയം മാറിപ്പോകാനുള്ള അവസരമൊരുക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. പേടിയുള്ള സാഹചര്യങ്ങളെ ഒഴിവാക്കി പൊതിഞ്ഞു വളർത്തുകയല്ല, പേടികളെ നേരിടാൻ സഹായിക്കുകയാണ്  ചെയ്യേണ്ടത്.

രോഗഭയം മുതൽ ഡോക്ടർ പേടി വരെ

മെഡിക്കൽ സംബന്ധമായ ഒട്ടേറെ കാര്യങ്ങളെ ചുറ്റിപ്പറ്റി ഫോബിയകൾ ഒട്ടേറെയുണ്ട്. പ്രധാനപ്പെട്ട ചിലതു പരിചയപ്പെടാം.

∙ അൽഗോഫോബിയ– വേദനയോടുള്ള ഭയം

∙  ഹീമോഫോബിയ– രക്തത്തോടുള്ള ഭയം

∙ ട്രിപനോഫോബിയ– സൂചിയോടുള്ള ഭയം

∙ പാതോഫോബിയ–
രോഗഭയം

∙ മീസോഫോബിയ/
ജേമോഫോബിയ–
രോഗാണുക്കളോടുള്ള ഭയം

∙ അയാട്രോഫോബിയ–

ഡോക്ടർമാരോടും മെഡിക്കൽ പരിശോധനകളോടുമുള്ള ഭയം

ഫോബിയകളെ അറിയാം

∙ അരാക്നോഫോബിയ– എട്ടുകാലികളോടുള്ള ഭയം

∙ സൈനോഫോബിയ– പട്ടികളോടുള്ള ഭയം

∙ എന്റമോഫോബിയ–പ്രാണികളോടുള്ള ഭയം

∙ ഒഫിഡിയോഫോബിയ– പാമ്പുകളോടു ഭയം

∙ അക്രോഫോബിയ– ഉയരങ്ങളോടുള്ള ഭയം

∙ അക്വാഫോബിയ–
വെള്ളത്തോടുള്ള ഭയം

∙ അസ്ട്രാഫോബിയ– ഇടിയോടും മിന്നലിനോടുമുള്ള ഭയം

∙ ക്ലോസ്ട്രോഫോബിയ– ഇടുങ്ങിയ സ്ഥലങ്ങ
ളോടു ഭയം

∙ നിക്റ്റോഫോബിയ– ഇരുട്ടിനോടുള്ള ഭയം

∙ അമാക്സോ
ഫോബിയ– വണ്ടികളോടുള്ള ഭയം

∙  പൈറോഫോബിയ– തീയോടുള്ള ഭയം

∙ ടോക്കോഫോബിയ– പ്രസവത്തെ ഭയം

∙ സ്പെക്ട്രോഫോബിയ– കണ്ണാടികളെ ഭയം

∙ തിയോഫോബിയ– ദൈവത്തോടുള്ള ഭയം.

∙ ഹിപ്നോഫോബിയ–ഉറക്കത്തോടുള്ള ഭയം.

∙ ഗാമോഫോബിയ–

വിവാഹത്തോടുള്ള ഭയം

∙ ജെനോഫോബിയ– ലൈംഗികതയോടുള്ള ഭയം

കടപ്പാട്-

ഡോ. കെ. എസ്. ഷാജി

റിട്ട. പ്രഫ & ഹെഡ്

സൈക്യാട്രി വിഭാഗം

മെഡി. കോളജ്, തൃശൂർ

ഡീൻ (റിസർച്ച്), 

കെയുഎച്ച്എസ്.

drshajiks@gmail.com

Tags:
  • Manorama Arogyam