Tuesday 02 January 2024 04:46 PM IST : By സ്വന്തം ലേഖകൻ

ഉറക്കം കുറഞ്ഞാല്‍ വിഷാദവും ഒാർമപ്രശ്നങ്ങളും വരാം: നല്ല ഉറക്കത്തിന് ഈ വഴികള്‍

sleep34534

വാർധക്യത്തിൽ ശരിയായ ഉറക്കം കിട്ടുന്നില്ല എന്നതു പലരും പറയുന്ന പരാതിയാണ്. പ്രായം കൂടുംതോറും ഉറക്കരീതികളിൽ മാറ്റം വരും. നേരത്തെ ഉറങ്ങുക, നേരത്തെ എണീക്കുക, ഗാഢ നിദ്ര ലഭിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ സാധാരണയായി അനുഭവപ്പെടാം. മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളപ്പോൾ ഉറക്കകുറവ് കലശലായ പ്രശ്നങ്ങൾ ഉണ്ടാക്കും. മാത്രമല്ല ഉറക്കകുറവ് മറ്റു രോഗങ്ങൾക്കും കാരണമാകാം. ഉറക്കകുറവുള്ള പ്രായമായവരിൽ വിഷാദം, ഒാർമപ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ വരാം. പലരും ഉറക്കം ലഭിക്കാനായി മരുന്നുകളുെട സഹായം തേടുമെങ്കിലും അത് ഒഴിവാക്കുന്നതാണ് ഉത്തമം. ശരിയായ ഉറക്കം ലഭിക്കുന്നതിനായി ചില നിദ്രാശുചിത്വതത്വങ്ങൾ പാലിക്കാം.

∙ ഉറങ്ങുന്നതിനും ഉണരുന്നതിനും സമയം ചിട്ടപ്പെടുത്തുക. കുറഞ്ഞപക്ഷം ഉണരുന്ന നേരമെങ്കിലും കൃത്യതയോടെ പാലിക്കുക.

∙ ഉറക്കം തോന്നി തുടങ്ങുമ്പോൾ മാത്രം കിടക്ക ഉപയോഗിക്കുക.

∙ പകലുറക്കം കഴിവതും ഒഴിവാക്കുക. രാത്രിയുള്ള ഉറക്കത്തെ പകലുറക്കം വൈകിപ്പിക്കും.

∙ ശക്തമായ പ്രകാശം കിടക്കമുറിയിൽ നിന്ന് ഒഴിവാക്കുക. പ്രകാശം ഉറക്കത്തെ ശല്യപ്പെടുത്തും.

∙ ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപെങ്കിലും ഭക്ഷണപാനീയങ്ങൾ പൂർത്തിയാക്കുക. ലഘുഭക്ഷണങ്ങളാണ് രാത്രിയിൽ ഏറ്റവും അഭികാമ്യം.

∙ തലച്ചോറിനു കൂടുതൽ ഉത്തേജനം നൽകുന്ന പാനീയങ്ങൾ ( കാപ്പി, ചായ. ബൂസ്റ്റ് തുടങ്ങിയവ) കഴിവതും രാത്രിയിൽ ഒഴിവാക്കുക.

∙ പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ വെറുതെ ഉറങ്ങാൻ ശ്രമിക്കരുത്.

∙ പുകവലി, മദ്യപാനം എന്നിവ ഉറക്കം കുറയ്ക്കുന്ന ശീലങ്ങളാണ്. ഇവ പൂർണമായും ഉപേക്ഷിക്കുക. മദ്യത്തിനു ഉറക്കത്തിന്റെ ചക്രത്തെ താളം തെറ്റിക്കാൻ കഴിയും.

∙ ശരിയായ ഊഷ്മാവുള്ള ( ശരിയായ ചൂടും ശരിയായ തണുപ്പും) മുറിയിൽ ഉറങ്ങാൻ കിടക്കുന്നതാണ് ഉത്തമം.

∙ സംഗീതത്തിൽ താൽപര്യമുള്ളവർ അവർക്കിഷ്ടമുള്ള പാട്ടോ മറ്റോ പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്നത് ഉറക്കം വരുന്നതിനു വേഗത കൂട്ടും.

∙ പ്രഭാതത്തിലും വൈകുന്നേരവും ലഘുവ്യായാമം െചയ്യുന്നതു ശരിയായ ഉറക്കം കിട്ടുന്നതിന് അത്യുത്തമമാണ്. കൈവീശിയുള്ള നടത്തം, യോഗ മുതലായവ.

∙ ഉറക്കഗുളികകൾ കഴിവതും ഉപയോഗിക്കാതിരിക്കുക. അതു ശീലിക്കുന്ന ശരീരത്തിനു ദോഷകരമാണ്.

Tags:
  • Manorama Arogyam