Saturday 04 May 2024 03:47 PM IST : By സ്വന്തം ലേഖകൻ

പാലും പഴച്ചാറുകളും ധാരാളം, ഇലക്കറികളും റാഗിയും പതിവാക്കാം: പാലൂട്ടുന്ന അമ്മമാരുടെ ആഹാരം ഇങ്ങനെ...

breat34554

പാലൂട്ടുന്ന അമ്മമാരുടെ ആഹാരം ഏറെ പ്രധാനപ്പെട്ടതാണ്. പാലൂട്ടുന്ന അമ്മ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതും അറിയാം.

ഊർജം : പാലൂട്ടുന്ന അമ്മ എന്ന നിലയിൽ, 0- 6 മാസത്തിന്റെ തുടക്കത്തിൽ പ്രതിദിനം ഏകദേശം 600 കാലറിയും 7- 12 മാസങ്ങളിൽ 520 കാലറിയും അമ്മയുടെ ശരീരത്തിന് അധികമായി ആവശ്യമാണ്.

പ്രോട്ടീൻ : പ്രോട്ടീൻ അത്യന്താപേക്ഷിതമായ ഘടകമാണ്. കൊഴുപ്പു ചേർക്കാതെ തന്നെ മിതമായ പ്രോട്ടീനുകൾ അവശ്യ പോഷകങ്ങൾ നൽകുന്നു. മത്സ്യം, ചിക്കൻ, മുട്ട എന്നിവ ഇതിൽ ഉൾപ്പെടുത്താം. സസ്യഭുക്കുകൾക്ക്, ടോഫു, പയർവർഗങ്ങൾ, കോട്ടേജ് ചീസ് തുടങ്ങിയവ പരീക്ഷിക്കാം.

ധാന്യങ്ങൾ : ധാന്യങ്ങളിൽ അവശ്യ പോഷകങ്ങളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്, അവ പാലൂട്ടുന്ന അമ്മയെ പൂർണ ആരോഗ്യവതിയായി മാറ്റുന്നു. പ്രസവാനന്തര ഭക്ഷണത്തിൽ ഓട്‌സ്, ഗോതമ്പ്, കിനുവ മുതലായവ ഉൾപ്പെടുത്താം.

പച്ചക്കറികൾ : പച്ചക്കറികൾ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. അപ്പോൾ ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ലഭിക്കുന്നു.. ചീര, മധുരക്കിഴങ്ങ്, ഇലക്കറികൾ, കാരറ്റ്, ബീൻസ് - എന്നിവ ഉൾപ്പെടുത്താം.

പഴങ്ങൾ : ഒട്ടേറെ വൈറ്റമിനുകളുടെ ഉറവിടമാണ് പഴങ്ങൾ. സിട്രസ് പഴങ്ങൾ, തണ്ണിമത്തൻ, മാമ്പഴം, വാഴപ്പഴം തുടങ്ങിയവ ഉൾപ്പെടുത്താം.

പാലുൽപ്പന്നങ്ങൾ : വിവിധ രൂപത്തിലുള്ള പാലുൽപ്പന്നങ്ങൾ കാൽസ്യം നൽകുന്നു. അതിനാൽ പതിവായി പാൽ, തൈര്, ചീസ് മുതലായവ ഉൾപ്പെടുത്തുക.

 ആരോഗ്യകരമായ കൊഴുപ്പുകൾ : മറ്റു ഘടകങ്ങളെപ്പോലെ, കൊഴുപ്പുകളും എല്ലാ ഭക്ഷണത്തിലും അത്യന്താപേക്ഷിതമാണ്, ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്താൻ നട്ട് ബട്ടറുകളും അവോക്കാഡോയും തിരഞ്ഞെടുക്കാം

ദ്രാവകങ്ങൾ : പാലൂട്ടുന്ന കാലത്ത് ജലാംശം നിലനിർത്തുന്നതു വളരെ പ്രധാനമാണ്, ധാരാളം പാൽ, വെള്ളം, ഫ്രഷ് ഫ്രൂട്ട് ജ്യൂസ് എന്നിവ ഉൾപ്പെടുത്തുക.

കാൽസ്യം : കാൽസ്യം ലഭിക്കാനും പാലുൽപ്പന്നങ്ങൾ സഹായിക്കും. മുള്ളുള്ള മത്സ്യങ്ങളും റാഗിയും കഴിക്കുക.

ഇരുമ്പ് : പാലൂട്ടുന്ന സമയത്ത് ഇരുമ്പിന്റെ ആവശ്യകത പ്രതിദിനം 25 മില്ലിഗ്രാം ആണ്. ഇലക്കറികൾ,റാഗി, എള്ള് എന്നിവ ഉൾപ്പെടുത്താം.

വൈറ്റമിൻ എയും സിയും :

പാലൂട്ടുന്ന അമ്മയ്ക്ക് 350 മില്ലിഗ്രാം റെറ്റിനോൾ ശുപാർശ ചെയ്യുന്നു. കരൾ, ഫിഷ് ലിവർ ഓയിൽ, മുട്ടയുടെ മഞ്ഞക്കരു, പച്ച ഇലക്കറികൾ, പാൽ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രതിദിനം 80 മില്ലിഗ്രാം വൈറ്റമിൻ സിയും ആവശ്യമാണ്. സിട്രസ് പഴങ്ങൾ, കാബേജ്, ബ്രോക്കോളി, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികളും ഉൾപ്പെടുത്താം.

ഗാലക്റ്റഗോഗ്സ് :

മുലപ്പാലിന്റെ ഉൽപാദന വർധനവിനു സഹായകരമാകുന്ന ഭക്ഷണമാണ് ഗാലക്റ്റഗോഗ്സ്. ഇതു പ്രകൃതിദത്തമോ അല്ലാത്തതോ ആകാം. പാലൂട്ടുന്ന അമ്മ ഇവ കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. ജീരകം , ഉലുവ, വെളുത്തുള്ളി, ഇലക്കറികൾ, ധാന്യങ്ങൾ, ഓട്സ്, നട്സ് , പപ്പായ, പാലുൽപ്പന്നങ്ങൾ, മുട്ട, മത്സ്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പ്രകൃതി ദത്ത ഗാലക്‌റ്റോഗോഗുകളാണ്.

ഒഴിവാക്കേണ്ടതെന്ത് ?

പാലൂട്ടുന്ന കാലത്ത് മദ്യം പൂർണമായും ഒഴിവാക്കുക. കഫീൻ പ്രതിദിനം രണ്ടു കപ്പ് ആയി പരിമിതപ്പെടുത്തണം. അലർജി ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.

എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കുഞ്ഞിന്റെ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇവ, ഗ്യാസ്, അസിഡിറ്റി മുതലായവയ്ക്കും കാരണമാകും.

തയാറാക്കിയത്

നുഫ അക്ബർ

ഡയബറ്റിസ് ന്യൂട്രിഷനിസ്‌റ്റ്

ഹെൽത് എ ആർ എക്സ്

ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് , ന്യൂഡൽഹി ....

Tags:
  • Manorama Arogyam
  • Diet Tips