Thursday 13 September 2018 10:25 AM IST : By സ്വന്തം ലേഖകൻ

‘ഐശ്വര്യ മകളെ വളർത്തുന്നതിൽ പോലുമുണ്ട് ചില ചിട്ടകൾ’; ഭാര്യയെ പ്രശംസിച്ച് അഭിഷേക് ബച്ചൻ

ash

കാലഭേദങ്ങളെ അതിജീവിച്ച സൗന്ദര്യം! ഐശ്വര്യ റായ് ബച്ചനെന്ന ഇന്ത്യയുടെ സ്വപ്ന സുന്ദരിയെ അങ്ങനെ വേണം വിശേഷിപ്പിക്കാൻ. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെ ബോളിവുഡിന്റെ ഗ്ലാമർ റാണിയായി നിറഞ്ഞു നിൽക്കുമ്പോഴും ആരാധ്യയുടെ അമ്മയെന്ന നിലയിലുള്ള സ്നേഹവും കരുതലും ഐശ്വര്യയെ വ്യത്യസ്തയാക്കുന്നു. മകളോടൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ച് പലപ്പോഴും ഐശ്വര്യ രംഗത്തെത്താറുമുണ്ട്.

സ്വകാര്യചടങ്ങുകളിലും ആഘോഷരാവുകളിലുമെല്ലാം ക്യാമറക്കണ്ണുകൾക്കു പിടികൊടുക്കാതെ അമ്മയുടെ ഓരം ചേർന്ന് നിഷ്ക്കളങ്കയായി നിൽക്കുന്ന ആരാധ്യയുടെ മുഖം പ്രേക്ഷകർക്കു മറക്കാനാകില്ല. താരപുത്രിയെന്ന ജാഡയൊന്നുമില്ലാതെ സിമ്പിളായാണ് പലപ്പോഴും ആഷിന്റെ രാജകുമാരി ആരാധ്യയുടെ എൻട്രി. മകളെ അത്തരത്തിൽ ചിട്ടയോടെ വളർത്തുന്നതിന്റെ മുഴുവൻ ക്രെഡിറ്റും അഭിഷേക് ബച്ചൻ നൽകുന്നത് ഐശ്വര്യയ്ക്കു തന്നെയാണ്.

മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇത്രയും പ്രശസ്തരാണെന്നുള്ള കാര്യം ആരാധ്യക്ക് അറിയില്ലെന്നാണ് അഭിഷേക് പറയുന്നത്. ''വിനയമെന്ന ഗുണം ആരാധ്യയെ പഠിപ്പിച്ചത് ഐശ്വര്യയാണ്. സാധാരണമായ ഒരു ബാല്യം തന്നെയാണ് അവൾക്കു കൊടുക്കുന്നത്'', അഭിഷേക് പറയുന്നു.

തങ്ങൾ അഭിനേതാക്കളാണെന്നും മുത്തച്ഛനും മുത്തശ്ശിയും പാർലമെൻറിൽ പോകുന്നുണ്ടെന്നുമൊക്കെ അവള്‍ക്കറിയാം. പക്ഷേ അതെന്തിനാണെന്നൊന്നും അവള്‍ക്ക് അറിയില്ലെന്നും അഭിഷേക് കൂട്ടിച്ചേർക്കുന്നു.