Friday 23 February 2024 12:04 PM IST : By സ്വന്തം ലേഖകൻ

വൻ വിജയങ്ങളോടെ തുടക്കം, 2024 മലയാള സിനിമയുടെ ‘ഗോൾഡൻ ഇയർ’ ആകുമോ ?

movie-2024

2023 നൽകിയ കനത്ത പരാജയങ്ങളുടെയും കടുത്ത സാമ്പത്തിക ബാധ്യതകളുടെയും നിരാശയോടെ പുതിയ വർഷത്തിലേക്കു കടന്ന മലയാള സിനിമയ്ക്ക് വലിയ ആശ്വാസവും വൻ പ്രതീക്ഷകളും നൽകുകയാണ് തിയറ്ററുകൾ നിറയ്ക്കുന്ന ഒരുകൂട്ടം സിനിമകൾ. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ചെറുതും വലുതുമായ ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് തിയറ്റുകളിലെത്തിയത്. ഇതിൽ പ്രധാന റിലീസുകളിൽ ഭൂരിപക്ഷവും വിജയമായി. കലക്ഷനിലും പ്രേക്ഷകപ്രീതിയിലും ഇവ മുന്നിലെത്തി.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ‘എബ്രഹാം ഓസ്‌ലർ’, ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’, നസ്‌ലനെ നായകനാക്കി ഗിരീഷ് എ.ഡി ഒരുക്കിയ ‘പ്രേമലു’, മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ‘ഭ്രമയുഗം’ എന്നിവയാണ് വലിയ വിജയം നേടിയത്. ഒപ്പം വർഷാദ്യം റിലീസായ ‘ആട്ടം’ നിരൂപകപ്രശംസയും നേടി.

അതേ സമയം, ചിദംബരം സംവിധാനം ചെയ്ത്, കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച പ്രതികരണം നേടി ഒരു വലിയ വിജയത്തിന്റെ സൂചന നൽകുന്നുണ്ട്. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം എന്നിവയും തിയറ്ററുകളിൽ തുടരുകയാണ്. ബിജു മേനോനെ നായകനാക്കി റിയാസ് ഷെരീഫ് ഒരുക്കിയ ‘തുണ്ട്’ മികച്ച അഭിപ്രായങ്ങൾ നേടുന്നുണ്ട്.

അവകാശവാദങ്ങളൊന്നുമില്ലാതെയെത്തി, പ്രേക്ഷകരുടെ ആസ്വാദനക്ഷമതയെ തൃപ്തിപ്പെടുത്തിയെന്നതും വേറിട്ട കാഴ്ചകൾ സമ്മാനിച്ചെന്നതുമാണ് മുകളിൽ പരാമർശിച്ച ഓരോ സിനിമയുടെയും വിജയഘടകം എന്നു മനസ്സിലാക്കാം. താരപ്രഭയ്ക്കും അതിന്റെ ആഘോഷങ്ങൾക്കുമപ്പുറത്തേക്കു പോയി മാറിയ കാലത്തിന്റെ ദൃശ്യശീലങ്ങൾക്കൊപ്പം ഇവയോരോന്നും നിന്നു എന്നതും എടുത്തു പറയണം.

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവുമധികം സിനിമകള്‍ റിലീസ് ചെയ്ത വർഷമാണ് 2023. സൂപ്പർതാരങ്ങളുടെയും പ്രമുഖ സംവിധായകരുടെയുമുൾപ്പടെ 209 സിനിമകളാണ് തിയറ്റർ, ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലായി പ്രേക്ഷകരെ തേടിയെത്തിയത്. എന്നാൽ, ഇതിൽ സൂപ്പർ ഹിറ്റുകൾ 4 എണ്ണം മാത്രം. ഹിറ്റ്, മുടക്കു മുതൽ തിരിച്ചു കിട്ടിയവയെന്നീ ഗണത്തിൽ 13 സിനിമകളും. ബാക്കിയെല്ലാം നാടൻഭാഷയിൽ പറഞ്ഞാൽ ‘നിലം തൊടാതെ പൊട്ടി’. ആരാണ് ഈ പരാജയങ്ങളുടെ ഉത്തരവാദികൾ. റിവ്യൂ ബോംബിങ്ങെന്നോ, ബ്ലാക്ക് മെയിലെന്നോ, അന്യഭാഷാ തള്ളിക്കയറ്റമെന്നോ കുറ്റം ചാർത്തി രക്ഷപ്പെടാനാണ് ശ്രമമെങ്കിൽ, സിനിമ വ്യവസായം അതിജീവിക്കാൻ പാടുപെടും...പകരം, സ്വയം വിമർശനത്തിലൂടെ, നല്ല കഥ, തിരക്കഥ, സംവിധാനം, പ്രയാഗിക നിർമാണ രീതികൾ, വിപണിയെക്കുറിച്ചുള്ള ബോധ്യം എന്നിവയിലൂന്നി മുന്നോട്ടു പോയാൽ അതിവേഗം പരിഹരിക്കാവുന്നതുമാണ് ഈ കുഴപ്പങ്ങൾ. അതോടൊപ്പം പ്രേക്ഷകരെ ബഹുമാനിക്കുക, അവരെ മുൻവിധിയോടെ സമീപിക്കാതിരിക്കുക എന്നിവ കൂടെ ശ്രദ്ധിച്ചാൽ ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിക്കാനുള്ള ബാല്യം ഇനിയുമിനിയും മലയാള സിനിമയ്ക്കുണ്ട്. അതാണ് 2024 തെളിയിക്കുന്നതും.

ആടുജീവിതം, ടർബോ, ബസൂക്ക, എമ്പുരാൻ എന്നിങ്ങനെ വരാനിരിക്കുന്ന ഓരോ വലിയ സിനിമയും മലയാളത്തിന്റെ വിലയുയർത്തട്ടേ...