Thursday 14 March 2024 04:50 PM IST : By സ്വന്തം ലേഖകൻ

‘ആ രഹസ്യം ഭൂമിയിൽ രണ്ടാമതൊരാൾ അറിയില്ല’; മൊഴി മാറ്റിപ്പറഞ്ഞ് നിതീഷ്, ദുരൂഹത നിറച്ച് കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസ്

burr654677h

‘ആ രഹസ്യം ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിയില്ല. അതെന്നോടൊപ്പം മണ്ണിൽ അലിഞ്ഞ് ഇല്ലാതാകും’. ദൃശ്യം സിനിമയിലെ ഈ ഡയലോഗ് കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ യാഥാർഥ്യമാകുമോയെന്ന് ആശങ്ക. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്‌തെന്ന് പ്രതി നിതീഷ് മൊഴി നൽകിയ, തൊഴുത്ത് കുഴിച്ച് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. അതിനു പിന്നാലെ മുഖ്യപ്രതി നിതീഷ് മൊഴി മാറ്റിയതായും പറയപ്പെടുന്നു. 

തൊഴുത്തിൽ മറവു ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് നശിപ്പിച്ചെന്ന് മൊഴിമാറ്റിയെന്നാണ് സൂചന. കൊല്ലപ്പെട്ട വിജയൻ നവജാത ശിശുവിന്റെ മൃതദേഹം നശിപ്പിച്ചെന്ന രീതിയിൽ മൊഴി മാറ്റി തെളിവ് കണ്ടെത്തുന്നതിന് തടയിട്ട് രക്ഷപ്പെടാനുള്ള നീക്കമാണോ നിതീഷ് നടത്തുന്നതെന്നും സംശയിക്കപ്പെടുന്നുണ്ട്.  മറ്റു പ്രതികളായ നിതീഷിന്റെയും വിഷ്ണുവിന്റെയും സാന്നിധ്യത്തിലല്ല ഈ കൃത്യം നടന്നതെങ്കിൽ പ്രധാന തെളിവായ മൃതദേഹാവശിഷ്ടം ലഭിക്കുക അസാധ്യമായേക്കും.

നിഗൂഢത നിറഞ്ഞ കൊലപാതകം

മോഷ്ടാവോ, ജ്യോത്സ്യനോ? അതോ, രണ്ടും ചേർന്ന ക്രിമിനലോ? കട്ടപ്പന ഇരട്ടക്കൊലപാതക്കേസിൽ ഒന്നാം പ്രതിയായ നിതീഷിനെ ചുറ്റിപ്പറ്റി നിറയെ നിഗൂഢതകളാണ്. ഇയാളുടെ പ്രവർത്തനംപോലെ ദുരൂഹത നിറഞ്ഞതാണ് കുടുംബ പശ്ചാത്തലവും. അമ്മയും നിതീഷും സഹോദരനും വല്യമ്മയ്‌ക്കൊപ്പമാണ് സാഗര ജംക്‌ഷനു സമീപം താമസിച്ചിരുന്നത്. കൊല്ലപ്പെട്ട വിജയന്റെ അയൽവാസികളായിരുന്നു ഇവർ. പിതാവ് ഇവരെ വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയതാണെന്നാണ് നാട്ടുകാർ പറയുന്നത്.

നിതീഷിന്റെ മാതാവ് ഇടയ്ക്ക് കട്ടപ്പനയിലെ പൊലീസ് ക്വാർട്ടേഴ്‌സിൽ ശുചീകരണ ജോലികൾക്കും മറ്റുമായി എത്തിയിരുന്നെങ്കിലും പിന്നീട് ഇവിടെ നിന്ന് പോയെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് ഇവർ പിണങ്ങിപ്പോകാൻ കാരണമെന്നാണു സൂചന. ചില ക്ഷേത്രങ്ങളിലും മറ്റും കീഴ്ശാന്തിയായി പ്രവർത്തിച്ചാണ് നിതീഷ് പൂജകളും മറ്റും പഠിച്ചെടുത്തതെന്നാണ് വിവരം. ജ്യോതിഷവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലരിൽ നിന്നും ഇയാൾ കാര്യങ്ങൾ പഠിച്ചെടുത്തിട്ടുണ്ടെന്ന സൂചനകളും നാട്ടുകാർ പങ്കുവയ്ക്കുന്നു.

സാഗര ജംക്‌ഷനു സമീപത്തെ വീട്ടിൽ 2012ൽ നിതീഷിന്റെ പിതൃസഹോദരൻ ഷാജി തൂങ്ങിമരിച്ചിരുന്നു. കയ്യും കാലും ബന്ധിച്ച നിലയിൽ ഷാജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടവും അന്വേഷണവുമൊക്കെ നടന്നെങ്കിലും അസ്വാഭാവികത ഇല്ലെന്ന വിലയിരുത്തലിൽ പൊലീസ് എത്തുകയായിരുന്നു. അക്കാലത്ത് നിതീഷും ഈ വീട്ടിൽ താമസിച്ചിരുന്നു. ഈ മരണത്തിനുശേഷം ഇവർ വാടക വീട്ടിലേക്ക് മാറുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

ഏതാനും മാസം മുൻപാണ് നിതീഷിന്റെ വല്യമ്മ മരിച്ചത്. നിതീഷിന്റെ സഹോദരൻ ഇപ്പോൾ എവിടെയാണെന്ന് നാട്ടുകാർക്കും അറിയില്ല. പൂജയും മന്ത്രവാദവും മൂലം ശക്തി ലഭിക്കും എന്നുപറഞ്ഞാണ് നിതീഷ് വിജയന്റെ കുടുംബവുമായി അടുത്തതെന്നാണു സൂചന. മന്ത്രവാദത്തിനുപയോഗിക്കുന്ന ഭസ്മവും ചരടുകളും മറ്റും കാക്കാട്ടുകടയിലെ വാടകവീട്ടിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലകൾക്കു പിന്നിൽ പ്രചരിക്കുന്ന മന്ത്രവാദവും നരബലിയും പൊലീസ് പൂർണമായി തള്ളിക്കളഞ്ഞിട്ടുമില്ല.

Tags:
  • Spotlight