Friday 22 March 2024 03:05 PM IST

ചെക്കപ്പിനു പോകുമ്പോള്‍ കൂടെ വേണം, ടെൻഷൻ നൽകരുത്... സാന്ത്വനമായി അരികില്‍ വേണം: ഗർഭകാലം: ഭർത്താവ് അറിയാൻ

Delna Sathyaretna

Sub Editor

pregnancy-care-cover

ഗർഭകാലത്തിൽ സ്നേഹവും കരുതലുമായി ഒ പ്പം നിന്നവരെ സ്ത്രീ ഒരിക്കലും മറക്കില്ലത്രെ. അതുപോലെ തന്നെ അവളെ ആ സമയത്തു വേദനിപ്പിച്ചവരെയും! ആയുസ്സോളം നീണ്ട കരുത്തുള്ള ബോണ്ടിങ് ഭാര്യയുമായി നിലനിർത്താൻ ഗർഭകാലത്ത് അവൾ ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നൽകാം. സാമീപ്യവും നല്ല വാക്കുകളും കൊണ്ടു മനസ്സു നിറഞ്ഞ് ഉല്ലാസവതിയാകുമ്പോൾ ആരോഗ്യത്തോടെ വാവയും അവൾക്കുള്ളിൽ വളരും.

അറിയാമെന്നുറപ്പാക്കാം

ഭാര്യ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ജീവിതം മാറുകയാണ്. ഭാര്യയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന മാറ്റം അവൾക്കൊപ്പം തിരിച്ചറിയണം.

എന്തിനും കൂടെ നിൽക്കാൻ പങ്കാളി ഒപ്പമുണ്ടെന്ന തോന്നൽ അവളിൽ വളരേണ്ട കാലം കൂടിയാണിത്. ഭക്ഷണക്കാര്യത്തിൽ മുതൽ പങ്കാളിയുടെ ശ്രദ്ധ വേണം. ആ സമയത്തെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയണം. ഗർഭിണിയുടെ ആരോഗ്യത്തിനു സമീകൃതാഹാരം നി ർബന്ധമാണ്. ഗർഭാവസ്ഥയിലെ പ്രമേഹം, മലബന്ധം, അ സിഡിറ്റി, ഛർദ്ദി തുടങ്ങിയ സാധാരണമായ അവസ്ഥകൾ വിലയിരുത്തി ഓരോ സ്ത്രീക്കും അനുയോജ്യമായ ഭക്ഷണക്രമം ഡോക്ടർ നിർദേശിക്കും. ഓരോരുത്തർക്കും ചെയ്യാവുന്ന വ്യായാമങ്ങളും പറഞ്ഞുതരും.

ഇതെല്ലാം ഗർഭിണി മാത്രം ഒാർത്തിരുന്നാൽ പോരാ. ഭാര്യ ചെക്കപ്പിനു പോകുമ്പോൾ അവൾക്കൊപ്പം കഴിയുന്നത്ര അവസരങ്ങളിൽ പോകുകയും ഡോക്ടറോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിൽ മുൻകൈ എടുക്കയും വേണം. അതെല്ലാം കൃത്യമായാണു നടപ്പാക്കപ്പെടുന്നതെന്നു സൗമ്യമായി ഉറപ്പാക്കുകയും വേണം.

വേണം, സാമ്പത്തികാസൂത്രണം

ജോലിക്കു പോകുന്ന സ്ത്രീയാണെങ്കിൽ പ്രസവശേഷം ജോലി തുടരുന്നതിനെക്കുറിച്ചും കുഞ്ഞിന്റെ സംരക്ഷണം എങ്ങനെയെല്ലാം ഉറപ്പാക്കാമെന്നും ആലോചിക്കേണ്ട ഉ ത്തരവാദിത്തം പങ്കാളി ഏറ്റെടുക്കണം. അവളെന്തെങ്കിലും മാർഗം പറയുമായിരിക്കും അതനുസരിച്ചു ചെയ്യാം എന്ന നിലപാടു ശരിയല്ല.

കുഞ്ഞു ജനിച്ച ശേഷം അമ്മ ജോലി തുടരണോ വേണ്ടയോ എന്ന തീരുമാനം പങ്കാളികൾ ഒരുമിച്ചെടുക്കണം. ഇരുകൂട്ടർക്കും സ്വീകാര്യമായ രീതിയിൽ തീരുമാനങ്ങളെടുക്കുന്നതു മാനസികസമ്മർദം കുറയ്ക്കും.

പ്രസവച്ചെലവുകൾ, കുഞ്ഞിന്റെയും അമ്മയുടെയും പ്രസവാനന്തര പരിചരണം എന്നിവയ്ക്കുള്ള ചെലവുകൾ തുടങ്ങി സാമ്പത്തിക മുന്നൊരുക്കം കൂടിയേ തീരൂ. ദമ്പതികളൊരുമിച്ച് ഇക്കാര്യങ്ങളിലും തീരുമാനമെടുക്കുക.

പോസിറ്റീവ് മനോഭാവം

ഭർത്താവ് തന്റെ കാര്യങ്ങളിൽ പുലർത്തുന്ന ശ്രദ്ധ ഗർഭിണിയുടെ മാനസികസമ്മർദം കുറയ്ക്കും. ഗർഭാവസ്ഥയ്ക്കു മുൻപ് ഊർജസ്വലതയോടെ ജോലികൾ ചെയ്തിരുന്ന ഭാര്യ ചടഞ്ഞിരിക്കുന്നതും എപ്പോഴും വിശ്രമിക്കുന്നതും കണ്ടു കുറ്റപ്പെടുത്തരുത്.

ശാരീരികവും മാനസികവുമായ അനേകം മാറ്റങ്ങളിലൂടെയാണു ഗർഭിണി കടന്നു പോകുന്നത്. ആക്ടീവ് ആയിരിക്കാൻ പ്രചോദനം കൊടുക്കാം. പക്ഷേ, വിമർശനങ്ങളും വഴക്കും തർക്കങ്ങളും പാടില്ല. ഗർഭത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള പല കഥകൾ കേട്ടും വായിച്ചറിഞ്ഞും ഗർഭകാലത്തിന്റെ തുടക്കം മുതലേ പലതരം ആശങ്കകൾ സ്ത്രീക്കുണ്ടായേക്കാം. കുറ്റപ്പെടുത്തലുകൾ കേൾക്കുന്നത് ആശങ്കകൾ കൂട്ടാനേ ഉപകരിക്കൂ.

ശാരീരിക ബന്ധം റിസ്കാണോ?

ഗർഭിണികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു ശാസ്ത്രീയമായി തടസ്സങ്ങളില്ല. എന്നിരുന്നാലും ആദ്യ മൂന്നു മാസങ്ങളിൽ ലൈംഗികബന്ധം മാറ്റിനിർത്തുന്നതാണുനല്ലത്. പങ്കാളിയുടെ അവസ്ഥയെ സ്വീകരിക്കുക. മനസ്സിനു വിഷമമുണ്ടാക്കുന്ന പരാമർശങ്ങളൊന്നും പാടില്ല. മാറുന്ന ശരീരത്തെ പൂർണമനസ്സോടെയും തൃപ്തിയോടെയും സ്വീകരിക്കുന്നുവെന്നു ഭാര്യയെ ബോധ്യപ്പെടുത്തുക.

സ്വന്തം ശരീരത്തെ സ്നേഹിക്കാനും അംഗീകരിക്കാനും വിഷാദം അകറ്റിനിർത്താനും ഇതവരെ സഹായിക്കും. ലൈംഗികതയില്ലെങ്കിലും പ്രണയത്തിനും സ്നേഹത്തിനും കുറവുണ്ടാകില്ലെന്നു ഭാര്യയെ ബോധ്യപ്പെടുത്താം. പ ങ്കാളികൾക്കിടയിലെ ആത്മബന്ധം വളരാൻ ഇതു സഹായിക്കും.

അവസാന മൂന്നു മാസങ്ങളിലും ലൈംഗികബന്ധം ഒഴിവാക്കാൻ ശ്രദ്ധിക്കണം. സങ്കീർണതകളുള്ള ഗർഭമോ ഡിസ്ചാർജ്, ബ്ലീഡിങ് തുടങ്ങി ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ലൈംഗികബന്ധം പൂർണമായി ഒഴിവാക്കാം.

pregnancy-care-1

ഭർത്താവും അമ്മയാകാനൊരുങ്ങണം

ആഹാരസാധനങ്ങളല്ലാത്ത വസ്തുക്കൾ തിന്നാൻ മുതിർന്ന ഗർഭിണിയായ ഭാര്യയെ കണ്ടു ഞെട്ടിപ്പോയ ഭർത്താക്കന്മാരുണ്ടെന്നറിയാമോ? പോഷകാംശങ്ങളുടെ കുറവുണ്ടായാൽ ചില ഗർഭിണികളിൽ കാണാറുള്ള അവസ്ഥയാണിത്. പോഷകങ്ങൾ അമ്മയ്ക്കും കുഞ്ഞിനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതു ഭർത്താവിന്റെ കടമയാണ്.

കാൽസ്യം, ഫോളിക് ആസിഡ് സപ്ലിമെന്റുകളും ഉറപ്പാക്കാം. മറ്റാരും കൂടെയില്ലെങ്കിൽ അമ്മയുടെ സ്ഥാനം നിങ്ങൾ ഏറ്റെടുക്കൂ. അവൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുകയും താലോലിക്കുകയും ചെയ്യൂ.

അമ്മയാകാൻ ഒരുങ്ങുന്ന ഭാര്യയുടെ പരിചരണം ഏറ്റെടുക്കുന്നതിൽ അഭിമാനക്കുറവും നാണക്കേടും തോന്നേണ്ടതില്ല. ഗർഭകാലത്ത് മൂഡ് മാറ്റങ്ങളും ഉറക്കക്കുറവും സാധാരണമാണ്. ദിവസേന എട്ടു മുതൽ പത്തു മണിക്കൂ ർ വരെ ഉറക്കം ഗർഭിണിക്കു ലഭിക്കുന്ന തരത്തിൽ ദിനചര്യകൾ ക്രമീകരിക്കണം. വിഷമഘട്ടങ്ങളിൽ കൂടെയിരിക്കുക. തിരക്കുകൾ കാരണം അതിനു കഴിഞ്ഞില്ലെങ്കിൽ അവളോടു സ്നേഹമുള്ള, അവൾ അംഗീകരിക്കുന്ന കുടുംബാംഗങ്ങളുടെ സാമീപ്യം ഉറപ്പാക്കുക. ആരുമില്ല എന്ന തോന്നലിൽ നിന്നോ ആഗ്രഹിക്കുന്ന സാമീപ്യം കിട്ടാതെ വരുമ്പോഴോ ആണ് മോണിങ് സിക്നെസ് കൂടുന്നത്.

രൂപമാറ്റത്തിനു ചേരുന്ന വസ്ത്രങ്ങൾ

സ്ത്രീകളുടെ ശരീരം ഗർഭിണിയാകുന്നതോടെ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകും. ചർമത്തിൽ സെൻസിറ്റിവിറ്റിയും ശരീരവലുപ്പത്തിൽ വ്യത്യാസവും ഗർഭാവസ്ഥയിൽ സാധാരണയാണ്. ബ്രാ മുതൽ ചെരുപ്പു വരെ സൈസ് മാറാം. ഇതിനനുസരിച്ചു സാധനങ്ങള്‍ വാങ്ങാൻ ഭാര്യയ്ക്കു പിന്തുണ നൽകുക.

ഗർഭകാലത്തും മുലയൂട്ടുന്ന സമയവും ഉപയോഗിക്കാ ൻ കഴിയുന്ന തരത്തിൽ വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. സ്ത്രീ ഇത്തരം ആവശ്യങ്ങൾ പറയുമ്പോള്‍ അനാവശ്യമെന്ന രീതിയിൽ ഭർത്താവു തള്ളിക്കളയരുത്.

യാത്രയിൽ മുൻകരുതലെടുക്കാം

അധികനേരം യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും കാലുകൾ നിവർത്തി മടക്കി ലഘുവ്യായാമം ചെയ്യുകയും വേണം. ഹൈറിസ്ക് പ്രഗ്‌നൻസി വിഭാഗത്തിൽപ്പെടുന്നവർ യാത്ര നിർബന്ധമായും ഒഴിവാക്കണം. ബിപി, ഡയബറ്റിസ്, മുൻകാല അബോർഷൻ, മുപ്പത്തിയഞ്ചു വയസ്സിലേറെ പ്രായം, പാരമ്പര്യമായി പ്രസവത്തിൽ സങ്കീർണതകൾ നേരിടുന്ന അടുത്ത ബന്ധുക്കളുള്ളവർ എന്നിവരാണ് ഹൈ റിസ്ക് പ്രഗ്‍നൻസി വിഭാഗത്തിൽപ്പെടുന്നത്.

സാധാരണ ഗർഭാവസ്ഥയിലുള്ളവർക്കും ഒറ്റയ്ക്കുള്ള യാത്രകൾ അഭികാമ്യമല്ല. വിദേശയാത്രയ്ക്കു മുൻപ് ഡോക്ടറെ കണ്ടു മുൻകരുതലുകളെടുക്കണം. മണിക്കൂറുകൾ നീണ്ട യാത്ര ചിലരിൽ ബ്ലഡ് ക്ലോട്ടിങ്ങിനു കാരണമായേക്കാം. ഇതൊഴിവാക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം ഗുളിക കഴിക്കണം.

ഡോക്ടർ നിർദേശിക്കുന്ന വൈറ്റമിൻ സപ്ലിമെന്റുകളും നെഞ്ചെരിച്ചിലിനും പനി, ജലദോഷം, ഛർദി എന്നിവയ്ക്കുള്ള മരുന്നുകളും കയ്യിൽ കരുതാം.

നൽകാം പിന്തുണ

ഗർഭകാലം ആസ്വദിക്കാനും കഴിയുന്നത്ര ആക്ടീവായിരിക്കാനും പ്രചോദനവും പിന്തുണയുമേകാൻ ഏറ്റവും കഴിയുക ഭർത്താവിനാണ്. ഇവന്റുകളും സ്നേഹസംഗമങ്ങളും കഴിയുമെങ്കിൽ ഒരുക്കാം.

ഏറ്റവും പ്രധാനം സ്വയം സമ്മർദത്തിലാകാതിരിക്കുക എന്നതാണ്. സന്തോഷമുള്ള ഭർത്താവിനേ ഗർഭിണിക്കാവശ്യമുള്ള കരുതലുകൾ നൽകാനാകൂ.

അതുകൊണ്ടാണ് അമ്മയാകാൻ ഭർത്താവിനും മാനസിക ഒരുക്കം വേണമെന്നു പറയുന്നത്. മുൻപ് ഭാര്യ തന്റെ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന അത്രയും ഗർഭിണിയോ അമ്മയോ ആയ ശേഷം ശ്രദ്ധിക്കുന്നില്ലെന്ന തോന്നൽ പാടില്ല. ഒരു കുഞ്ഞിനെ വളർത്തുകയെന്ന ഉത്തരവാദിത്തം ഗർഭിണിയുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കുമെന്നു തിരിച്ചറിയുക.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ലളിതാംബിക കരുണാകരൻ
സീനിയർ കൺസൽറ്റന്റ്
സെന്റ് ഗ്രിഗോറിയോസ്
മെഡിക്കൽ മിഷൻ, പരുമല,
പ്രൊവിഡൻസ് ഹോസ്പിറ്റൽ
ആലപ്പുഴ