Friday 29 December 2023 11:26 AM IST : By സ്വന്തം ലേഖകൻ

75 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കി, മൂന്ന് വര്‍ഷമായി ഭര്‍തൃവീട്ടുകാരുടെ പീഡനം; ഷാഹിനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍

dowry.jpg.image.845.440

തിരുവനന്തപുരം തിരുവല്ലത്ത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത ഷാഹിനയുടെ മൃതദേഹവുമായി കുടുംബാംഗങ്ങളുടെ പ്രതിഷേധം. മരണത്തിന് ഉത്തരവാദികളായ ഭര്‍ത്താവ് നൗഫലിന്‍റെയും മാതാവിന്റെയും അറസ്റ്റ് ആവശ്യപ്പെട്ട് ഫോര്‍ട്ട് എ.സി ഓഫിസ് ഉപരോധിച്ചു. അറസ്റ്റ് ഉടനുണ്ടാകുമെന്ന പൊലീസിന്റെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഷാഹിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കാരത്തിനായി കൊണ്ടു പോകവെയാണ് ഷാഹിനയുടെ മൃതദേഹവുമായി കുടുംബാഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചത്. സ്ത്രീധന പീഡനം ആരോപിച്ച് ഷാഹിനയുടെ  കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് നൗഫലിനും  മാതാവ് സുനിതയ്ക്കുമെതിരെ തിരുവല്ലം പൊലീസ് കേസെടുത്തിരുന്നു. പക്ഷെ, ഇതുവരെ പ്രതികളെ കസ്റ്റഡിയില്‍ പോലും എടുത്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. അറസ്റ്റ് ഉടനുണ്ടാകുമെന്ന് എ.സി നേരിട്ട് ഉറപ്പുനല്‍കി. തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. 

മൂന്നു വര്‍ഷം മുമ്പാണ് ഷാഹിനയും നൗഫലും തമ്മിലുള്ള വിവാഹം. 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കി. മൂന്ന് മാസം മുമ്പ് ഭര്‍തൃ മാതാവ് ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഷാഹിന രണ്ട് വയസ്സുള്ള കുഞ്ഞുമായി സ്വന്തം വീട്ടില്‍ വന്ന് താമസം തുടങ്ങി. സഹോദരന്റെ കുഞ്ഞിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഷാഹിനയെയും കുഞ്ഞിനെയും കൊണ്ടുപോകാന്‍ ഭര്‍ത്താവ് ഇന്നലെ വന്നു. പോകാന്‍ ഷാഹിന വിസമ്മതിച്ചു. തുടര്‍ന്ന്, ഭര്‍ത്താവ് കുഞ്ഞിനെ ബലം പ്രയോഗിച്ച് കൊണ്ട് പോയി. പിന്നാലെയായിരുന്നു ആത്മഹത്യ. 

Tags:
  • Spotlight