Friday 22 March 2024 04:06 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ ആദ്യം ഉണരേണ്ടത് ആര്? ഉറക്കം ഉണരുന്ന കാര്യത്തിൽ ‘ലേഡീസ് ലാസ്റ്റ്’ മതി എന്ന് ആരോഗ്യ വിദഗ്ധർ

sleep-among-women-medical-study-cover

വീട്ടിൽ അവസാനം ഉറങ്ങുന്നതും ആദ്യം എണീക്കുന്നതും ആരാണ്? ഉത്തരം ‘അമ്മ’ എന്നാവും മിക്ക വീടുകളിൽ നിന്നും ഉയരുക. ആരാണ് കൂടുതൽ സമയം ഉറങ്ങേണ്ടത്? ആരാണ് ആദ്യം ഉറക്കമുണരേണ്ടത്? ഉറങ്ങുന്ന കാര്യത്തിൽ ‘ലേഡീസ് ഫസ്റ്റും’ ഉറക്കം ഉണരുന്ന കാര്യത്തിൽ ‘ലേഡീസ് ലാസ്റ്റും’ മതി എന്നാണ് വൈദ്യശാസ്ത്ര രംഗത്തെ പഠനങ്ങൾ പറയുന്നത്.

പ്രായമായവർക്ക് രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. പക്ഷേ സ്ത്രീകളുടെ കാര്യത്തിൽ ഈ ഉറക്കം മതിയാകില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. പുരുഷന്മാരേക്കാൾ മൊത്തത്തിൽ മികച്ച ഉറക്കക്ഷമതയുണ്ടെങ്കിലും സ്ത്രീകൾക്ക് ഉറക്കമില്ലായ്മയുടെ സാധ്യത 40 ശതമാനം കൂടുതലാണെന്നു ഗവേഷണങ്ങൾ പറയുന്നു. സ്ഥിരമായ ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നും ഇത് വൈജ്ഞാനിക പ്രവർത്തനം, മെമ്മറി, തീരുമാനമെടുക്കാനുള്ള കഴിവുകൾ എന്നിവയെ ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് സ്ത്രീകൾ അധികമുറങ്ങണം

sleep-among-women-medical-study-pic1

സ്ത്രീകളുടെ മസ്തിഷ്കം വ്യത്യസ്തവും പുരുഷന്മാരേക്കാൾ സങ്കീർണവുമാണ്. സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ പല കാരണങ്ങൾ കൊണ്ട് ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്, ഇത് ഉറക്ക പ്രശ്നങ്ങൾക്ക് കാരണമാകാം. ഓഫീസ്, വീട്, കുട്ടികൾ എന്നിങ്ങനെ ‘മൾട്ടിടാസ്‌ക്’ വിദഗ്ധരാകാൻ വിധിക്കപ്പെടുന്ന സ്ത്രീകൾക്ക് കൂടുതൽ ഉറക്കം ആവശ്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്ത്രീകൾ ഉറങ്ങുന്ന സമയം കൂടുതലും ഉണർന്നിരിക്കുന്ന സമയം കുറവും ആവണം എന്ന് ഡോക്ടർമാർ പറയുന്നത്.

ഉറക്കം കെടുത്തുന്ന കാരണങ്ങൾ

തടസ്സങ്ങളും അസ്വസ്ഥതകളും കാരണം സ്ത്രീകൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരം കുറവായിരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാനസികവും ശാരീരികവുമായ ഘടകങ്ങൾ ഇതിന് കാരണമാകുന്നുണ്ട്. സ്ത്രീകളുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ശാരീരികമായ ഘടകം ഹോർമോൺ വ്യതിയാനമാണ്. ആർത്തവചക്രത്തിലുടനീളം ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ ഉറക്കരീതിയെ തടസ്സപ്പെടുത്തും. ആർത്തവത്തിന് മുമ്പുള്ള ഘട്ടത്തിൽ ഈ തടസ്സങ്ങൾ കൂടുതൽ പ്രകടമാകും. ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളും ഹോർമോൺ വ്യതിയാനങ്ങളും ഉറക്കത്തെ കൂടുതൽ തടസ്സപ്പെടുത്തും. ഉറക്കത്തെ ഏറെ ബാധിക്കുന്ന ഹോർമോൺ അസ്വസ്ഥതയുടെ മറ്റൊരു കാലഘട്ടമാണ് ആർത്തവവിരാമ കാലം.

sleep-among-women-medical-study-pic2

വ്യക്തിപരമായും തൊഴിൽപരമായുമുള്ള റോളുകൾ സ്ത്രീകളിൽ അധ്വാനത്തിന്റെയും സമ്മർദത്തിന്റെയും തോത് കൂട്ടുന്നു. ഇത് ഉറക്കത്തെ ഏറെ ബാധിക്കും. വിവരസാങ്കേതികവിദ്യ നിത്യജീവിതത്തിലെ പ്രഫഷനൽ സമയവും സ്വകാര്യസമയവും തമ്മിലുള്ള അകലം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സ്വയം പരിചരണത്തിനോ, ഒഴിവുസമയ വിനോദങ്ങൾക്കോ സമയം കിട്ടാത്ത രീതിയിൽ ജീവിതത്തിരക്ക് ഏറുന്നതും ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഗുണനിലവാരമുള്ള ഉറക്കത്തിന്റെ അഭാവം ഡിമെൻഷ്യ, അൽഷിമേഴ്‌സ് തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾക്ക് കാരണമാകാം. ഇത് അമിതവണ്ണം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയിലേക്കും നയിച്ചേക്കും. ചുരുക്കത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ, ഭാരിച്ച ചുമതലകൾ തുടങ്ങിയ ഘടകങ്ങൾ കാരണം മിക്കപ്പോഴും സ്ത്രീകൾ കൂടുതൽ ക്ഷീണിതരാകുന്നുണ്ട്. പ്രത്യക്ഷത്തിൽ മനസിലാക്കാൻ കഴിയുന്ന ശാരീരികവും മാനസികവുമായ ഈ ഘടകങ്ങൾ സമ്മർദം സൃഷ്ടിക്കുന്നതിനാൽ സ്ത്രീകൾക്ക് സുഖകരമായ ഉറക്കം ഉറപ്പ് വരുത്തേണ്ടതുണ്ട്.

നല്ല ഉറക്കം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം, മെറ്റബോളിസം, ചർമത്തിന്റെയും മുടിയുടെയും ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തും. നന്നായി ഉറങ്ങുന്നത് വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യപരമായ ഉറക്കം ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും അളവ് കുറച്ച് ജീവിതം കൂടുതൽ മനോഹരമാക്കും. സമ്മർദങ്ങൾ കുറച്ച് ശാന്തമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ജോലിഭാരവും ശാരീരികമായ അവസ്ഥകളും മാത്രമല്ല സ്ത്രീകൾക്ക് കൂടുതൽ ‘ഉറക്കസമയം’ ശുപാർശ ചെയ്യുന്നത്. ആധുനിക വൈദ്യശാസ്ത്ര പഠനങ്ങളും അതുതന്നെ പറയുന്നു. അതുകൊണ്ട് അവരുറങ്ങട്ടെ സ്വസ്ഥമായി...