Thursday 07 June 2018 09:49 AM IST : By സ്വന്തം ലേഖകൻ

‘ഉണ്ണിയപ്പം ആള് പഞ്ചാരയാ’; ഈ പഞ്ചാരയപ്പത്തിന് സ്വാദ് അൽപം കൂടും–വിഡിയോ

panjaraappam

മലയാളികളുടെ സ്വന്തം ഉണ്ണിയപ്പത്തിന് പലതുണ്ട് പേരുകൾ. കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള കാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം അങ്ങനെ നീളുന്നു ആ നിര. മലയാളി എവിടെ ചെന്നാലും കഴിക്കാൻ ആഗ്രഹിക്കുന്ന, കൂടെക്കൂട്ടുന്ന പലഹാരമാണ് ഉണ്ണിയപ്പം എന്ന് പറയാതെ വയ്യ.

എന്നാൽ സാധാരണ ഉണ്ണിയപ്പത്തിൽ നിന്ന് അൽപം പരിഷ്ക്കരിച്ച ഒരു അഡാർ പലഹാരമുണ്ട്. കണ്ണൂരുകാരുടെ സ്വന്തം കണ്ണൂരപ്പം. പഞ്ചാരയപ്പമെന്ന മറ്റൊരു പേരുമുണ്ട് ഈ ഉഗ്രൻ പലഹാരത്തിന്.

വൈകുന്നേരങ്ങളിലെ ചായക്ക് ഉഗ്രൻ കോമ്പിനേഷനാണ് ഈ പഞ്ചാരയപ്പമെന്ന് പറയേണ്ടതില്ലല്ലോ? കാഴ്ചയിലും രുചിയിലും വ്യത്യസ്മായ ഈ ഉണ്ണിയപ്പം നമുക്ക് വീട്ടിലും പരീക്ഷിക്കാം.

ചേരുവകൾ

പച്ചരി - 1. 5 ഗ്ലാസ്
മൈദാ - 4 ടേബിൾസ്പൂൺ
ചോറ് - 2 ടേബിൾസ്പൂൺ
പഞ്ചസാര - 6-7 ടേബിൾസ്പൂൺ വരെ
ഉപ്പ് - ഒരു നുള്ള്
ബേക്കിംഗ് സോഡാ - 1/4 ടീസ്പൂൺ
ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
വെള്ളം - 1/2 കപ്പ്
എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി 4 മണിക്കൂർ കുതിർത്തു വെച്ച ശേഷം, നന്നായി കഴുകി എടുക്കുക, ഒരു മിക്സി ജാറിൽ പച്ചരിയും ചോറും 1/4 കപ്പ് വെള്ളം ചേർത്ത് ചെറിയ തരികൾ നിൽക്കുന്ന തരത്തിൽ അരച്ചെടുക്കുക, ഇതിലേക്ക് മൈദയും, പഞ്ചസാരയും ചേർത്ത് അല്പം വെള്ളം കൂടെ ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കാം.

ഈ മാവ് 8 മണിക്കൂർ മാറ്റി വെക്കുക,8 മണിക്കൂർ നു ശേഷം, മാവിൽ ഉപ്പ്, ബേക്കിംഗ് സോഡാ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം.

ഒരു വശം വെളുത്തിട്ടും, ഒരു വശം ബ്രൗൺ നിറത്തിലും ആണ് ഈ അപ്പം, നിറ വ്യത്യാസം വേണ്ടെങ്കിൽ ഇരു വശവും ഒരേ നിറത്തിൽ ആക്കിയെടുക്കാം, അല്ലെങ്കിൽ മുകൾ ഭാഗം, അല്ലെങ്കിൽ അല്പം ഉയർന്നു നിൽക്കുന്ന ഭാഗം ബ്രൗൺ കളർ ആവാതെ അപ്പം ഉണ്ടാക്കി എടുക്കാം.

റെസിപ്പി അയച്ചു തന്നത്:
സ്നേഹ ധനോജ്‌