Wednesday 03 January 2024 03:53 PM IST : By സ്വന്തം ലേഖകൻ

സാഹിത്യത്തിൽ 2024 ‘Until August’ വർഷം: ആകാംക്ഷയോടെ ‘ഗാബോ ഭക്തർ’

gabo

രണ്ടായിരത്തി ഇരുപത്തി നാലിൽ ലോകസാഹിത്യത്തിലെ ഏറ്റവും വലിയ പ്രതീക്ഷയും ആകാംക്ഷയുമെന്താകും ?

സംശയമില്ല, അതൊരു നോവലിന്റെ വരവാണ്. മഹാനായ ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ അപൂർണ നോവൽ – ‘എൻ അഗോസ്റ്റോ നോസ് വെമോസ്’. ‘നമ്മൾ ഓഗസ്റ്റിൽ കണ്ടുമുട്ടും’ എന്നു മലയാള വിവർത്തനം.

മാർക്വേസിന്റെ അപ്രകാശിത നോവല്‍ ഉടൻ പ്രസിദ്ധീകരിക്കപ്പെടുമെന്നു പോയ വർഷം വന്ന വാർത്ത ലോകത്താകെയുള്ള ‘ഗാബോ ഭക്തരെ’ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. അദ്ദേഹം വിടപറഞ്ഞ് 10 വർഷം പിന്നിടുമ്പോഴാണ്, ‘എൻ അഗോസ്റ്റോ നോസ് വെമോസ്’ (നമ്മൾ ഓഗസ്റ്റിൽ കണ്ടുമുട്ടും) എന്ന ഈ കൃതി വീണ്ടെടുക്കപ്പെടുന്നത്. മാർക്കേസിന്റെ മരണശേഷം യുഎസിലെ ടെക്സസ് സർവകലാശാല സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ഇതിന്റെ കൈയെഴുത്തു പ്രതി കണ്ടെടുത്തത് പട്രീഷ്യ ലാറ സാലിവ് എന്ന മാധ്യമ പ്രവർത്തകയാണ്. നൂറ്റൻപതോളം പേജുകളിൽ, അഞ്ചു ഭാഗങ്ങളായി എഴുതപ്പെട്ട ഈ നോവൽ മാർക്കേസ് പൂർത്തിയാക്കിയിരുന്നില്ല. വിവരം അന്നു തന്നെ മാർക്കേസിന്റെ കുടുംബത്തെ അറിയിച്ചെങ്കിലും മരണശേഷം അദ്ദേഹത്തിന്റെ ഒരു കൃതി വിൽപ്പനച്ചരക്കാക്കാന്‍ ബന്ധുക്കൾക്ക് താൽപര്യക്കുറവുണ്ടായിരുന്നു. പക്ഷേ, അനുവാചകർക്ക് മാർക്കേസിന്റെ ഒരു കൃതി കൂടി ആസ്വദിക്കുന്നതിനുള്ള അവസരം നിഷേധിക്കാൻ പാടില്ലെന്ന ചിന്തയിൽ കുടുംബം തീരുമാനം മാറ്റുകയായിരുന്നു. അതോടെ, പ്രസിദ്ധീകരണാവകാശം പെൻഗ്വിൻ റാൻഡം ഹൗസ് ഏറ്റെടുത്തു. സ്പാനിഷ് ഭാഷയിലാണ് പുസ്തകം ആദ്യമെത്തുക. പിന്നാലെ ‘അൺറ്റില്‍ ആഗസ്റ്റ്’ എന്ന ഇംഗ്ലീഷ് പരിഭാഷയും.

gabo-2

‘അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് പത്തു വർഷങ്ങൾക്കു ശേഷം ഈ രചന വീണ്ടും വായിക്കുമ്പോൾ ആഹ്ലാദജനകമായ ഒട്ടനവധി മേന്മകൾ അതിനുണ്ടെന്നും ആ എഴുത്തിന്റെ വൈശിഷ്ട്യങ്ങൾ ആസ്വദിക്കുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കുന്ന യാതൊന്നും അതിലില്ലെന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. പുതിയ ആവിഷ്ക്കാരങ്ങൾ നടത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ്, കവിത നിറഞ്ഞ ഭാഷ, മനംമയക്കുന്ന കഥനപാടവം, മനുഷ്യരെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി, സ്വന്തം അനുഭവങ്ങളോടും ദൗർഭാഗ്യങ്ങളോടുമുള്ള, വിശേഷിച്ച് അദ്ദേഹത്തിന്റെ രചനകളുടെ പ്രധാനവിഷയമായ പ്രണയത്തിലെ ദൗർഭാഗ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം...’.– നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ മാർക്വേസിന്റെ മക്കളായ റോദ്രീഗോയും ഗോൺസാലോയും പറഞ്ഞതിങ്ങനെ.

കൊളംബിയയിൽ പ്രസിദ്ധീകരിക്കുന്ന ‘കാംബിയോ’ എന്ന മാസികയിൽ 1999ൽ മാർക്കേസ് എഴുതിയ ഒരു ചെറുകഥയുടെ വിപുലമായ രൂപമാണ് ഈ നോവൽ എന്നാണ് വിവരം. അന മഗ്ദലീനാ ബാക് എന്ന മധ്യവയസ്ക അമ്മയുടെ കുഴിമാടത്തിൽ പൂക്കൾ അർപ്പിക്കാൻ ഒരു ദ്വീപിലെത്തുന്നതും തുടർന്നുള്ള സംഭങ്ങളുമൊക്കെയാണ് കഥ.

എന്തായാലും കാത്തിരിക്കാം, ‘Until August’ ൽ ഗോബോ ഒരുക്കിവച്ചിരിക്കുന്ന അതിശയങ്ങൾക്കായി...