Thursday 22 February 2024 12:18 PM IST : By സ്വന്തം ലേഖകൻ

ലഹരിയ്ക്ക് അടിമയായ 20 വർഷം, ജീവിതം തിരിച്ചുപിടിക്കാൻ നോവലെഴുത്ത്: ജീത് തയ്യിലും ‘നാർക്കോപോളിസും’

jeet-thayyil-1

‘നാർക്കോപോളിസ്’ എന്ന നോവൽ വായിക്കും മുമ്പേ അതെഴുതിയ ജീത് തയ്യിലിന്റെ ജീവിതമാണറിഞ്ഞത്.

‘മലയാള മനോരമ ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ തന്റെ പോയകാല ജീവിതം ജീത് വിവരിച്ചു, പിതാവും വിഖ്യാത പത്രപ്രവർത്തകനുമായ ടി.ജെ.എസ് ജോർജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

‘യേസ്, ഐ വാസ് ആൻ അഡിക്ട്! ഞാൻ ലഹരിക്ക് അടിമയായിരുന്നു’.

ആ സംഭാഷണത്തിന്റെ തുടക്കത്തിൽ യാതൊരു ജാള്യതയുമില്ലാതെ ജീത് തുറന്നു പറഞ്ഞു.

താൻ ജീവിച്ച ജീവിതത്തോടുള്ള ഒരു മനുഷ്യന്റെ ഏറ്റവും സുതാര്യമായ ബഹുമാനമായാണ് ആ വാചകം അനുഭവിച്ചത്.

jeet-thayyil-5

ഇങ്ങനെ തുറന്നുപറയാൻ എങ്ങനെ ധൈര്യം കിട്ടുന്നു എന്ന ചോദ്യത്തിന്, ‘എന്റെ മാതാപിതാക്കൾക്ക് എന്നെ അറിയാം, ഞാൻ എന്തായിരുന്നെന്നും’ എന്നായിരുന്നു മറുപടി

പക്ഷേ, സമൂഹം..?

ഐ ആം നോട്ട് അറ്റ് ഓൾ അഫ്രെയ്ഡ് ഓഫ് ദ് സൊസൈറ്റി!

‘ലഹരിക്ക് അടിമയായിപ്പോയ ആ രണ്ടു പതിറ്റാണ്ട് മകന് പാഴായിപ്പോയി അല്ലേ’ എന്ന ചോദ്യത്തിനുള്ള ഉത്തരമായി ടി.ജെ.എസ് ജോർജ് പറഞ്ഞ മറുപടി കൂടി വായിക്കുക –

‘ഇല്ല; ആ 20 വർഷത്തിൽ നിന്നു മുളച്ചതാണ് നാർക്കോപോളിസ് എന്ന അവന്റെ നോവൽ..!’

പിന്നീട് പലപ്പോഴും ചിന്തിച്ചു, വൈകാരിക പ്രതിസന്ധികളും ജീവിതാനുഭവങ്ങളുടെ വേനൽക്കാലങ്ങളും ചേർന്നു പാകപ്പെടുത്തിയെടുത്ത ജീതിന്റെ ജീവിതവും ഒരു നോവൽ പോലെയല്ലേ ? പ്രവാസവും, പ്രണയവും, ലഹരിയും, സംഗീതവും, വിരഹവും, അതിജീവനവുമൊക്കെച്ചേർന്ന കൊളാഷ്!

jeet-thayyil-2

ജീതിന്റെ ജീവിതത്തിലെ 2 പതിറ്റാണ്ടുകളാണ് ലഹരി കവർന്നത്. രോഗിയായി, 44 വയസ്സിൽ ലഹരി ഉപേക്ഷിച്ച്, ജീവിതം തിരിച്ചുപിടിക്കാൻ നോവലെഴുതിത്തുടങ്ങിയതാണ്. ആ നോവലും ലഹരിയുടെ കഥയായിരുന്നു. എഴുത്തിൽ ആണ്ടു മുങ്ങിയ അഞ്ചര വർഷം. അങ്ങനെ, ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ മുംബൈയിലെ ഗലികളിൽ നുരഞ്ഞു പതഞ്ഞ ലഹരിയുടെയും ആ നഗരത്തിന്റെ നേർചിത്രമായ മാഫിയയുടെയും ഇരുണ്ട ജീവിതങ്ങളുടെയും കഥ പറഞ്ഞു, മാൻ ബുക്കർ പ്രൈസിന്റെ അവസാനപാദത്തോളമെത്തിയ ‘നാർക്കോപോളിസ്’ പിറന്നു. കൂട്ടിക്കൊടുപ്പുകാരും റിക്ഷവലിക്കുന്നവരും കവികളും കൊള്ളസംഘത്തിൽ പെട്ടവരുമായ കഥാപാത്രങ്ങളിലൂടെയൊഴുകിപ്പടർന്ന കാവ്യാത്മായൊരു യാത്ര.

‘അഞ്ചു ഗ്രാമിന്റെ കറപ്പ് പൊതികൾ വിറ്റുജീവിക്കുകയാണ് അവൾ. അവളുടെ ഉണങ്ങിയ മുലക്കണ്ണിൽ അട്ടയെപ്പോലെ കടിച്ചുകിടക്കുന്നു ഒരു കുഞ്ഞ്. നോക്കിനിൽക്കെ ആ അട്ട വീർത്തു വരുന്നതുപോലെ. ഒരു വയസ്സു തികഞ്ഞിട്ടില്ല. പക്ഷേ വയസ്സൻ പന്നിയുടെ മുഖം. നെറ്റിയിൽ എഴുതിവച്ചിരിക്കുന്നു അവന്റെ ഭാവി: അച്ഛനില്ലാത്ത ശൈശവം, കുറ്റകൃത്യങ്ങളുടെ കൗമാരം, മദ്യവും ലഹരിമരുന്നും ചേർന്ന യൗവനം, ഒടുവിൽ രോഗം, അതിനൊത്ത അന്ത്യം!’.– ‘നാർക്കോപോളിസി’ൽ ജീത് വരച്ചിട്ട ചിത്രങ്ങളിലൊന്നിങ്ങനെ.

സംഗീതമാണ് ജീതിന്റെ മറ്റൊരു ഹരം. ഗിറ്റാറിൽ അയാൾ സൃഷ്ടിക്കുന്ന മായാജാലങ്ങൾ, ആസ്വാദകരിലേക്കാഴത്തിൽ പതിക്കുന്ന വസന്തങ്ങളായി. കവിതയും ഒപ്പം ചേർന്നു.

jeet-thayyil-4

ടി.ജെ.എസ്. ജോർജിന്റെ ജോലിസംബന്ധമായ യാത്രകൾക്കൊപ്പമാണ് ജീതിന്റെ കുട്ടിക്കാലം കടന്നു പോയത്. അമേരിക്കയിലും, ഹോങ്കോങ്ങിലും, മുംബൈയിലും യുകെയിലുമായി പഠനം...അതിനിടയിലെപ്പോഴോ ലഹരിയും മുറുകെപ്പിടിച്ചിരുന്നു, അതിനൊപ്പം 20 വർഷങ്ങളോളം നീണ്ട യാത്ര...ഒരു പക്ഷേ, ആ 20 വർഷമാകാം ജീത് പഠിച്ച ഏറ്റവും വലിയ യൂണിവേഴ്സിറ്റി.

jeet-thayyil-3

ജീതിന്റെ ഭാര്യ ശക്തി ഭട്ട് 26 വയസ്സിൽ രോഗബാധിതയായി മരിച്ചു. എഴുതിത്തുടങ്ങിയ നോവൽ പാതിയിലവസാനിപ്പിച്ചായിരുന്നു ആ വിയോഗം. പ്രിയപ്പെട്ടവളുടെ ഓർമയ്ക്ക് ശക്തി ഭട്ട് ഫസ്റ്റ് ബുക്ക് പ്രൈസ് എന്നൊരു അവാർഡും ജീത് ഏർപ്പെടുത്തിയിട്ടുണ്ട്.

‘നാർക്കോപോളിസി’നു ശേഷം ‘ദ ബുക്ക് ഓഫ് ചോക്ലേറ്റ് സെയിൻസ്’, ‘നെയിംസ് ഓഫ് ദ വുമൺ’ എന്നീ നോവലുകളും ജീതിന്റെതായി വന്നു, ഒപ്പം നിരവധി കവിത സമാഹാരങ്ങളും എഡിറ്റഡ് വർക്കുകളും.