Wednesday 21 February 2024 11:53 AM IST : By സ്വന്തം ലേഖകൻ

മീന അലക്‌സാണ്ടര്‍: കവിതയിലെ വലിയ മലയാളി

meena-1

i am a poet writing in america. but an american poet ?

an asian american poet, then ?

a women poet ?

a women poet of colour, a south indian woman who makes up lines english, a third world poet ?

തന്റെ ‘fault lines’ എന്ന ആത്മകഥയില്‍ മീന അലക്‌സാണ്ടര്‍ എഴുതിയതാണ് ഈ വരികള്‍.

അവരെ സംബന്ധിച്ച് ഏറെ പ്രസക്തമായ ഒരു ചോദ്യമാണത്. താനാരാണെന്ന, തന്റെ സത്വമെന്താണെന്ന, ഒരു കവിക്കോ, കലാകാരിക്കോ / കാരനോ മാത്രം പ്രധാനമെന്നു തോന്നുന്ന, ഒരന്വേഷണം: അറിയാനുള്ള ആഗ്രഹം!

ഇന്ത്യന്‍ – ഇംഗ്ലീഷ് കവയത്രിയെന്നാണ് മീന അലക്‌സാണ്ടറുടെ വിശേഷണം. അത് കുറച്ച് കൂടി പൊലിപ്പിച്ചാല്‍ മലയാളിയായ ഇന്ത്യന്‍ ഇംഗ്ലീഷ് കവയത്രിയെന്നുമാകാം. അവിടെയാണ് മീനയുടെ ചോദ്യം വീണ്ടും പൊന്തി വരുന്നത്, ആരാണ് ഞാന്‍ ?

മലയാളികളായ മാതാപിതാക്കളുടെ മകളായി കേരളത്തിനു പുറത്തു ജനിച്ച്, കേരളത്തിലും, ഇന്ത്യയ്ക്കുള്ളില്‍ മറ്റിടങ്ങളിലും, ഇന്ത്യയ്ക്കു പുറത്തുമായി പഠിച്ച്, വളര്‍ന്ന്, വിദേശിയെ വിവാഹം കഴിച്ച്, പതിറ്റാണ്ടുകളായി അമേരിക്കയില്‍ ജീവിച്ച അവര്‍, വൈവിധ്യ സംസ്‌ക്കാരങ്ങള്‍ പരിചയിച്ച, അനുഭവിച്ച തന്റെ മനസ്സില്‍ മരണം വരെ ചുമന്നു നടന്നത് കേരളത്തെയും ഇവിടുത്തെ ഓര്‍മ്മകളെയും മൂല്യങ്ങളെയുമാണെന്നത് പ്രത്യേകം എടുത്തു പറയണം. അവരെഴുതിയതിലൊക്കെ അതിന്റെ മിഴിവും തിളക്കവുമുണ്ടെന്നതും മറക്കാനാകില്ല.

ഇപ്പോള്‍ ചോദ്യം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ആരാണ് മീന അലക്‌സാണ്ടര്‍ ? മലയാളത്തില്‍ ഒന്നും തന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, ഇംഗ്ലീഷില്‍ ശ്രദ്ധേയമായ പല പുസ്തകങ്ങളുടെയും രചയിതാവായ, കവിയും നോവലിസ്റ്റും നിരൂപകയും അധ്യാപികയുമായ ഒരു മലയാളി എന്നു തൽക്കാലം ചുരുക്കാം: അതിനപ്പുറം വിശാലമായി പഠിക്കപ്പെടേണ്ട, മനസ്സിലാക്കേണ്ട ജീവിതമാണ് മീനയുടേതെന്നതിനാല്‍.

രാജ്യാന്തര തലത്തില്‍ പ്രശസ്തയായ ഇന്ത്യന്‍ – ഇംഗ്ലീഷ് കവയത്രിയാണ് മേരി എലിസബത്ത് എന്ന മീന അലക്‌സാണ്ടര്‍. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന, കോഴഞ്ചേരി കീഴുകര കണ്ണാടിക്കല്‍ ജോര്‍ജ് അലക്‌സാണ്ടറുടെയും തിരുവല്ല നിരണം കുറിച്യത്ത് മേരി അലക്‌സാണ്ടറുടെയും മകള്‍. 1951 ഫെബ്രുവരി 17നു അലഹബാദില്‍ ജനനം. പിതാവിന്റെ ജോലിമാറ്റത്തെത്തുടര്‍ന്ന് അഞ്ചാം വയസ്സില്‍ സുഡാനിലെത്തി. വിദ്യാഭ്യാസം അവിടെയായിരുന്നു. പ്രശസ്തമായ ബാര്‍ത്തൂം സര്‍വകലാശാലയില്‍ നിന്ന് ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ ബി.എ ഓണേഴ്‌സ്. അപ്പോഴേക്കും എഴുത്തിലേക്കു കടന്നു.

meena-2

15 വയസ്സില്‍ മീന അലക്‌സാണ്ടര്‍ എന്ന പേര് സ്വീകരിച്ചു. 18 വയസ്സില്‍ ബ്രിട്ടനില്‍. നോട്ടിങ്ങാം സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടി. തുടര്‍ന്ന് ഇന്ത്യയിലെത്തി, ഡല്‍ഹി മിറാന്‍ഡ ഹൗസ് വനിത കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായി. പിന്നീട് ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസില്‍. അവിടെ വച്ചാണ് യു.എസ് സ്വദേശിയും ചരിത്രകാരനുമായ ഡേവിഡ് ലെലിവെല്‍ഡിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 1979 ല്‍ ഇവര്‍ വിവാഹിതരായി. അതിനിടെ കോട്ടയത്ത് എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും മീന കുറച്ചു കാലം അധ്യാപികയായിരുന്നു.

വിവാഹശേഷം അമേരിക്കയിലെത്തിയത് അവരുടെ ഔദ്യോഗിക–സര്‍ഗാത്മക ജീവിതത്തെ സമ്പന്നമാക്കി. സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ ഹണ്ടര്‍ കോളേജില്‍ അസി. പ്രൊഫസറായി തുടക്കം. തുടര്‍ന്ന് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ ഗ്രാജുവേറ്റ് സെന്ററില്‍ പി.എച്ച്.ഡി പ്രോഗ്രാമില്‍ നിര്‍ദേശകയും 1999 ല്‍ ഇംഗ്ലീഷ് ആന്‍ഡ് വുമണ്‍ സ്റ്റഡീസില്‍ പ്രൊഫസറുമായി.

പഠനകാലത്തു തന്നെ മീന എഴുത്തില്‍ സജീവമായിരുന്നു. അക്കാലത്ത് ഇംഗ്ലീഷിനൊപ്പം ഫ്രഞ്ചിലും കവിതകളെഴുതി. സുഹൃത്തുക്കള്‍ അവ അറബിയിലേക്കു പരിഭാഷപ്പെടുത്തി. ഏകദേശം പത്താം വയസ്സില്‍ തന്നെ, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് അവരുടെ കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയിരുന്നു. 1976 ല്‍ ആദ്യ പുസ്തകം. ആദ്യ കാല കവിതകളുടെ സമാഹാരമായിരുന്നു ‘the birds bright wings’. തുടര്‍ന്ന് 9 കവിതാ സമാഹാരങ്ങളും ‘nampally road’, ‘manhattan music’ എന്നീ നോവലുകളും 4 സാഹിത്യ പഠനലേഖനങ്ങളും ‘fault lines’ എന്ന ആത്മകഥയും പുസ്തകമായി.

പെന്‍ ഓപ്പണ്‍ ബുക്ക് പുരസ്‌കാരമുള്‍പ്പടെ അക്കാഡമിക്‌, സര്‍ഗാത്മക മേഖലയിലെ പല വലിയ അംഗീകാരങ്ങളും അവരെ തേടിയെത്തി.

വിപുലമായ സാഹിത്യ സൗഹൃദങ്ങള്‍ മീനയുടെ കരുത്തായിരുന്നു. ലോകത്തെ പ്രഗത്ഭരായ കവിക്കൂട്ടത്തിനൊപ്പം വിഖ്യാതമായ വേദികളില്‍ അവര്‍ കവിത ചൊല്ലി. ആദരവും അഭിനന്ദനങ്ങളും നേടി. പ്രതിഭാസമ്പന്നരായ നിരൂപകരുടെ ശ്രദ്ധയും പരിഗണനയും വേണ്ടും വിധം കിട്ടിയതും മീനയുടെ എഴുത്തു ജീവിതത്തിന്റെ മറ്റൊരു ഭാഗ്യമായി. ഇംഗ്ലീഷും ഹിന്ദിയും ഫ്രഞ്ചും മലയാളവും അറബിയും മീനയ്ക്ക് വശമായിരുന്നു. കമലാ ദാസ് അവരെ വലിയ തോതില്‍ സ്വാധീനിച്ചു.

മലയാളിയെങ്കിലും, കേരളീയ പൊതുജീവിതമോ ഭൂരിപക്ഷ ആസ്വാദകരോ യഥാവിധി തിരിച്ചറിയുകയോ ആഘോഷിക്കുകയോ ചെയ്യാത്ത പ്രതിഭയായിരുന്നു മീന അലക്‌സാണ്ടര്‍. 67 വയസ്സില്‍ അര്‍ബുദത്തിന്റെ പിടിയിലമര്‍ന്നു, 2019 നവംബര്‍ 21 നു മരണം തേടിയെത്തും വരേക്കും ആ പേരു പോലും ഇവിടെ പലര്‍ക്കും പരിചിതമായിരുന്നില്ല. പത്രങ്ങളില്‍, ‘മീന അലക്‌സാണ്ടര്‍ അന്തരിച്ചു’ എന്ന ഒന്നാം പേജ് വാര്‍ത്തയായി, ഒറ്റക്കോളത്തില്‍, ആ വലിയ മലയാളിയെ ചിലരൊക്കെ ആദ്യമായി കണ്ടു. മലയാളത്തിലെ ആനുകാലികങ്ങള്‍ മൂന്നും നാലും പേജുകളില്‍ അവരെ ഓര്‍ത്തു, പഠിച്ചു, പരിഭാഷപ്പെടുത്തി – അത്ര മാത്രം!

meena-3

മീനയുടെ കവിതകളില്‍ നിറയെ കേരളമുണ്ടായിരുന്നു. അവരുടെ ചിന്തയുടെ വേരുകള്‍ ഇവിടെയാണ് വെള്ളവും വളവും തേടിയത്. പ്രവാസത്തിന്റെ ചൂടില്‍ വിയര്‍ക്കുമ്പോള്‍ അവരുടെ ഭാവനയും വാക്കുകളും തണലു തേടിയതും ഇവിടെയാണ്. തന്റെ പദ്യത്തിലും ഗദ്യത്തിലും താനൊരു വീടില്ലാത്തവളാണെന്ന ആവലാതി ഈ എഴുത്തുകാരി ഉയര്‍ത്തുന്നുണ്ടെന്നും പല നാടുകളില്‍ വളരുകയും പല ഭാഷകള്‍ സംസാരിക്കുകയും പല സംസ്‌ക്കാരങ്ങളുമായി സംവദിക്കുകയും ചെയ്യുന്ന ഒരു കവി മനസ്സിന്റെ താളവും അവതാളവുമാണ് മീന നമ്മെ കേള്‍പ്പിക്കുന്നതെന്നും വി.സുകുമാരന്‍ നിരീക്ഷിക്കുന്നു (ആംഗല ഭാവ കാവ്യ ലാവണ്യത്തിന്റെ മലയാളി മുഖം എന്ന ലേഖനം). ഇതേ ലേഖനത്തില്‍, ‘ലിറിക്കല്‍ പൊയട്രിയുടെ സംവേദന ക്ഷമതയില്‍ മീന അലക്‌സാണ്ടറിന് ഒരു സന്ദേഹവുമില്ല, ഭാവകവിത സൗന്ദര്യപൂജ മാത്രമാണെന്ന വാദത്തോടും അവര്‍ക്ക് യോജിപ്പില്ല. മീന അലക്‌സാണ്ടര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ കുടിയേറ്റവും അതിര്‍ത്തി മുറിച്ചു കടക്കലും രാഷ്ട്രീയ ഹിംസയും അടിത്തറയിളക്കലും ഒക്കെയാണല്ലോ. അവ സുന്ദര സങ്കല്‍പ്പങ്ങളല്ല തന്നെ. പക്ഷേ, അവക്കുമുണ്ട് ഭാവദീപ്തി, രൗദ്രസൗന്ദര്യം’ എന്നും അദ്ദേഹം.

മീന അലക്‌സാണ്ടര്‍ ഒരു പ്രതീകമാണ്. മലയാളിയുടെ കുടിയേറ്റത്തിന്റെ, പ്രവാസത്തിന്റെ സര്‍ഗാത്മക രൂപകം. കേരളത്തിനു വെളിയില്‍, ഈ നാടിന്റെ നിനവുകള്‍ സൃഷ്ടിക്കുന്ന നേര്‍ത്ത താളത്തില്‍ കവിതയിലേക്കും സാഹിത്യത്തിലേക്കും പതിക്കുന്നവര്‍ മീന അലക്‌സാണ്ടറിന്റെയും പിന്‍മുറക്കാരാണ്...