Wednesday 14 February 2024 02:40 PM IST

വർഷങ്ങളോളം മറഞ്ഞു കിടന്നെങ്കിലും പുതിയ തലമുറ വീണ്ടെടുത്ത പ്രണയകഥ: ‘ഒരിക്കൽ’ ഈ പ്രണയദിനത്തിന്റെ പുസ്തകം

V.G. Nakul

Sub- Editor

orikkal-1

എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ...’

(ഒരിക്കൽ – എൻ. മോഹനൻ)

കഥകളിലും കവിതകളിലും നോവലുകളിലുമൊക്കെയായി എത്രയെത്ര പ്രണയാനുഭവങ്ങളിലൂടെയാണ് മലയാളി വായനക്കാർ ഇക്കഴിഞ്ഞ കാലമത്രയും കടന്നു പോയത്, ഇനിയുമിനിയും അനുഭവിക്കുവാനൊരുങ്ങുന്നത്... ഭാഷയുടെയോ, ദേശത്തിന്റെയോ വ്യത്യാസമില്ലാതെ പ്രണയം എന്ന ഒരൊറ്റവികാരത്തിലേറിയുള്ള ആനന്ദയാത്ര...അക്കൂട്ടത്തിലൊരു കൃതി, എഴുതപ്പെട്ടെത്രയോ കാലം കഴിഞ്ഞ്, ഏറ്റവും പുതിയ തലമുറയുടെ പ്രിയപ്രണയപുസ്തകമായി പുനർജനിച്ചിരിക്കുന്നു, എൻ. മോഹനന്റെ നോവൽ, ‘ഒരിക്കൽ’.

മലയാളത്തിന്റെ എക്കാലത്തേയും പ്രിയകഥാകൃത്തുക്കളിലൊരാളാണ്, പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ മകൻ കൂടിയായ എൻ. മോഹനൻ. നിന്റെ കഥ (എന്റേയും), ദുഃഖത്തിന്റെ രാത്രികള്‍, പൂജയ്ക്കെടുക്കാത്ത പൂക്കള്‍, എന്‍. മോഹനന്റെ കഥകള്‍, ശേഷപത്രം, നുണയുടെ ക്ഷണികതകള്‍ തേടി, സ്‌നേഹത്തിന്റെ വ്യാകരണം, നിഷധരാജ്യത്തിലെ രാജാവ്, ഒന്നും പറയാതെ എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇന്നലത്തെ മഴ, ഒരിക്കൽ എന്നിങ്ങനെ രണ്ട് നോവലുകൾ മാത്രമാണ് അദ്ദേഹത്തിന്റെതായിട്ടുള്ളത്. ഇതിൽ, നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ഇന്നലത്തെ മഴ’ മലയാളത്തിലെ ക്ലാസിക് മാനമുള്ള കൃതിയാണ്. എന്നാൽ ‘ഒരിക്കൽ’ പൂർണമായും ഒരു സങ്കൽപ്പകഥയല്ല. പ്രസാധകർ വിശേഷിപ്പിക്കും പോലെ, ‘സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ചെഴുതിയ ആത്മകഥാപരമായ നോവൽ, ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന’ യാണത്.

രണ്ട് പതിറ്റാണ്ടുകളിലേറെ മുമ്പ്, ‘രാഗങ്ങൾക്ക് ഒരു കാലം’ എന്ന പേരിൽ, മലയാള മനോരമ ഞായറാഴ്ച പതിപ്പിൽ പരമ്പരയായി പ്രസിദ്ധീകരിച്ച അനുഭവകഥയാണ്, പിന്നീട് ‘ഒരിക്കൽ’ എന്ന പേരിൽ പുസ്തകമായത്.

ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സ്ത്രീയെപ്പറ്റി എന്തെങ്കിലും എഴുതിക്കൊടുക്കണമെന്ന എഡിറ്റർമാരുടെ ആവശ്യത്തെത്തുടർന്നാണ് തന്റെ നഷ്ടപ്രണയത്തിന്റെ ഓർമകളിലൂടെ എൻ.മോഹനന്‍ വീണ്ടും സഞ്ചരിച്ചതും ‘ഒരിക്കൽ’ പിറന്നതും. 1999 ൽ ‘ഒരിക്കൽ’ ആദ്യപതിപ്പ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, അത്ര വലിയ ഒരു സ്വീകാര്യത വിപണിയിൽ അതിനു ലഭിച്ചില്ലെന്നതാണ് സത്യം. വളരെക്കുറച്ച് പതിപ്പുകൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. ദീർഘകാലം പുസ്തകശാലകളിൽ ലഭ്യമല്ലാതിരുന്ന ഈ കൃതിയുടെ പുതിയ പതിപ്പ് അടുത്തകാലത്ത് വീണ്ടും എത്തിയതോടെയാണ് ഇപ്പോഴത്തെ അതിശയങ്ങൾ സംഭവിക്കുന്നത്. പുസ്തകം വായിച്ച ശരൺ രാജീവ് എന്ന ചെറുപ്പക്കാരൻ തന്റെ വായനാനുഭവം ഒരു റീൽസ് വിഡിയോയാക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ, യുവത്വം ‘ഒരിക്കല്‍’നെ ഏറ്റെടുത്തു. ‘ഒരിക്കൽ’ അന്വേഷിച്ച്, പ്രായഭേദമന്യേ പ്രണയികളും പ്രണയാനുഭവങ്ങളെ നെഞ്ചേറ്റുന്ന വായനക്കാരും പുസ്തക ശാലകളിലേക്കെത്തിത്തുടങ്ങി. എന്താണ് ഈ മാജിക് എന്ന് പ്രസാധകർക്കും പുസ്തക വിൽപ്പനക്കാർക്കും മനസ്സിലാകുമ്പോഴേക്കും വിൽക്കപ്പെടുന്ന കോപ്പികളുടെ എണ്ണം ദിനംപ്രതി ഇരട്ടിയായി. 2023 സെപ്തംബർ പതിമൂന്നിന് ശരൺ രാജീവിന്റെ റീൽസ് വിഡിയോ എത്തിയ ശേഷമുള്ള ആറ് മാസം പിന്നിടുമ്പോൾ മുപ്പതിനായിരത്തിലധികം കോപ്പികളാണ് ഒരിക്കൽ വിറ്റഴിഞ്ഞതെന്നാണ് സൂചന. തങ്ങൾ ജനിക്കുന്നതിനെത്രയോ മുമ്പേ എഴുതപ്പെട്ട, വിസ്മരിക്കപ്പെട്ടു പോയ ഒരു കൃതി ഏറ്റവും പുതിയ തലമുറ ആവേശത്തോടെ വീണ്ടെടുത്ത് വായനയുടെ പൂക്കാലം സൃഷ്ടിച്ചിരിക്കുന്നു.

‘‘ഇപ്പോൾ എല്ലാ ദിവസവും ‘ഒരിക്കൽ’ ചോദിച്ച് കുറഞ്ഞത് പത്ത് പേരെങ്കിലും വരും. ആദ്യമൊക്കെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കും മനസ്സിലായില്ല. പിന്നീടാണ് ഈ റീൽസ് ഉണ്ടാക്കിയ ഇംപാക്ട് തിരിച്ചറിഞ്ഞത്. പക്ഷേ, റീൽസ് വന്നതു കൊണ്ടു മാത്രം കാര്യമില്ല, ‘ഒരിക്കൽ’ നേടുന്ന അൽഭുതകരമായ സ്വീകാര്യത ആ കൃതിയുടെ മേൻമ കൂടിയാണ് തെളിയിക്കുന്നത്. നല്ല രചനകൾ കാലമെത്ര കഴിഞ്ഞാലും അവയർഹിക്കുന്ന വായനയും അംഗീകാരവും നേടുമെന്നതിന് ഇതിലും മികച്ചൊരു ഉദാഹരണമില്ല’’.– ഡി.സി ബുക്സ് ഷോപ്പ് മാനേജരും കഥാകൃത്തുമായ പ്രവീൺ പ്രിൻസ് പറയുന്നു.

ഏറ്റവും പുതിയ തലമുറയെ ഏറെ സ്വാധീനിക്കുന്ന ഇടങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. സാഹിത്യം, സിനിമ, കായികം എന്നു വേണ്ട, അവരുടെ തിരഞ്ഞെടുപ്പുകളെ നിർണയിക്കുന്നതിൽ സമൂഹമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതാണ് ‘ഒരിക്കൽ’ ഇപ്പോൾ നേടുന്ന സ്വീകാര്യതയ്ക്കും നിദാനം എന്നത് വിസ്മരിക്കാനാകില്ല.

orikkal-2

പതിറ്റാണ്ടുകൾക്ക് മുമ്പ്, അതായത് അരനൂറ്റാണ്ടിലധികം പഴയ കാലത്താണ് ‘ഒരിക്കൽ’ വിവരിക്കുന്ന പ്രണയം സംഭവിക്കുന്നത്. പുതിയ തലമുറയ്ക്ക് കേട്ടറിവ് മാത്രമുള്ള കാൽപനികഭാവങ്ങളാണ് നോവലിലെമ്പാടും ഇതൾ വിരിയുന്നതും. പക്ഷേ, പ്രണയമെന്നത് എക്കാലവും സമാനമാണെന്ന, അതിന്റെ ഭാവം രൂപത്തിനൊപ്പം പുതുക്കപ്പെടുന്നില്ലെന്ന സത്യമാണ്, ക്യാംപസും, രാഷ്ട്രീയവും, പ്രണയവും, വിരഹവും, നഷ്ടപ്പെടലും, വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടലുമൊക്കെയായി വളർന്നു പരിലസിക്കുന്ന ഈ കുഞ്ഞ് നോവലും തെളിയിക്കുന്നത്.

നേടാനാകാതെ പോയ പ്രണയത്തെ മറ്റൊരു പ്രായത്തിൽ, കാലത്തിൽ, സാഹചര്യത്തിലിരുന്ന് കടലാസുകളിലേക്ക് പകർത്തിടെയുക്കുമ്പോൾ എൻ.മോഹനൻ അനുഭവിച്ച വൈകാരികതകൾ വായനക്കാരിലേക്കും കൃത്യമായി പകരുവാനായെന്നതാണ് നോവലിന്റെ വിജയം. ഭാഷയിലും അവതരണത്തിലും കൃത്യമായ ആത്മാനുഭവങ്ങളെയാണത് കോർത്തെടുത്തത്. നിസ്സംശയം പറയാം, ഈ പ്രണയദിനത്തിന്റെ പുസ്തകം ‘ഒരിക്കൽ’ ആണ്.