Thursday 17 August 2023 12:15 PM IST

ആൺരൂപം മറച്ച് പെണ്ണിലേക്കുള്ള യാത്രയുടെ ഒരു നിമിഷം: ‘ഗഗനേ’യിലെ ആ ചിത്രത്തിനു പിന്നിൽ

V.G. Nakul

Sub- Editor

mahendar-1

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റുമാണ് മഹേന്ദർ. മഹേന്ദറിന്റെ പുതിയ നോവലാണ് പ്രസിദ്ധീകരണത്തിന് തയാറാകുന്ന ‘ഗഗനേ’. വേറിട്ട ആശയവും ആഖ്യാനവുമാണ് ‘ഗഗനേ’യുടെ പ്രത്യേകത. എന്നാൽ പുസ്തക രൂപത്തിലുള്ള അതിന്റെ വലിയ കൗതുകം മറ്റൊന്നാണ്, ബാക്ക് കവറിൽ ഉൾപ്പെടുത്തിയിട്ടുള്ള എഴുത്തുകാരന്റെ ഫോട്ടോ. പുരുഷന്റെ ഭാവങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ്, സ്ത്രൈണതയുടെ മുഖത്തെഴുത്തുകളോടെയുള്ള തന്റെ ചിത്രമാണ് മഹേന്ദർ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്താണ് ഈ പരീക്ഷണത്തിന്റെ പ്രേരണയെന്ന ആകാംക്ഷയോടെയാണ് അദ്ദേഹവുമായി സംസാരിച്ചത്. മറുപടി എത്തിനിന്നത് ‘കണ്യാർകളി’ എന്ന പാലക്കാടൻ അനുഷ്ഠാന കലയിലേക്കും സ്ത്രീ–പുരുഷ വ്യത്യാസങ്ങളുടെ വരുംകാല രാഷ്ട്രീയ ധാരണകളിലേക്കുമാണ്.

‘‘ആദ്യം ഗഗനേയെക്കുറിച്ച് പറയാം. അപ്പോള്‍ എന്തുകൊണ്ട് എന്റെ ഇങ്ങനെയൊരു ചിത്രം ബാക്ക് കവറിൽ ഉപയോഗിച്ചു എന്ന് വ്യക്തമാകും. ‘ഗഗനേ’ എന്നത് ഗതകാല ഗവേഷണ നേരമ്പോക്ക് എന്നതിന്റെ ചുരുക്കമാണ്. ഗഗനേ രണ്ടായിരം വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചാൽ എത്തുന്ന ഒരിടത്തിൽ ജീവിക്കുന്ന വ്യക്തിയാണ്. നമ്മൾ മൊഹഞ്ചദാരോ ഹാരപ്പ‌ ഖനനയിടങ്ങളിൽ നടത്തുന്ന ഗതകാല ചരിത്ര ഗവേഷണം പോലെ ഗഗനേ നാലായിരാം ആണ്ടിൽ ഇരുന്നു കൊണ്ട് നമ്മുടെ വർത്തമാന കാലത്തെപ്പറ്റി പഠനം നടത്തുകയാണ്. ഇക്കാലത്ത് ജീവിക്കുന്ന ഒരു ചരിത്ര പ്രൊഫസറിലേയ്ക്ക് ഒരിക്കൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് ഗഗനേയിൽ നിന്ന് ലഭിക്കുന്നു. ഗഗനേയുടെ അഭിപ്രായ പ്രകാരം വളരെ പ്രാകൃതമായ ഒരു കമ്മ്യൂണിക്കേഷൻ സംവിധാനമായ ഇന്റർനെറ്റിലൂടെ അതിസാഹസികമായാണ് അവൾ പ്രൊഫസറെ കണ്ടെത്തിയതത്രെ! ഇന്റർനെറ്റിന്റെ ഏറ്റവും പുതിയ സാധ്യതകളെ അത്ഭുതത്തോടെ എത്തിപ്പിടിക്കാൻ ഓടുന്ന‌ പ്രൊഫസറെപ്പോലൊരാളുടെ അഹന്തയ്ക്കിട്ടുള്ള ആദ്യ പ്രഹരമാണ് ഈ അഭിപ്രായം. തുടർന്ന് ഭാഷ, ലിംഗം, മതം, ജാതി, രാജ്യം, കുടുംബം, പണം... എന്നിങ്ങനെ നമ്മളിന്ന് കൊണ്ടു നടക്കുന്ന ഓരോ വൈചിത്ര്യങ്ങളേയും ഗഗനേ വിചാരണ ചെയ്യുകയാണ്. ഇടയ്ക്കിടെ നെറ്റ് കണക്ഷ‌ൻ വിട്ടു പോകുന്നതിനാൽ ഗഗനേ സമാഹരിച്ചു വച്ചിരിക്കുന്ന പഠനത്തിന്റെ ലിങ്കുകൾ പ്രൊഫസർക്ക് ഒരുമിച്ച് അയക്കുകയാണ്. അതിലൂടെ കടന്ന് പോകുന്ന‌ പ്രൊഫസറും ഒപ്പം വായനക്കാരും ഒരുപോലെ സമകാലീന സാഹചര്യങ്ങളുടെ വീണ്ടുവിചാരത്തിലേയ്ക്ക് നയിക്കപ്പെടുകയാണ്.. നമ്മൾ പ്രാചീന ചരിത്രത്തെ നോക്കിക്കാണുന്നതിലെ വൈചിത്ര്യങ്ങളും ബാലിശതകളും അതേ നാണയത്തിൽ തിരിച്ചിട്ട് തരികയാണ് ഗഗനേ.. ഫിക്ഷനെന്ന ഘടനയിൽ നിന്നും ചരിത്രത്തിലേക്കും പഠനക്കുറിപ്പുകളിലേക്കും സമകാലീന ഫേസ്ബുക്ക് പോസ്റ്റുകളിലേക്കും മാറി മാറി സഞ്ചരിക്കുന്ന ഒരു ആഖ്യാനരീതിയാണ് പരീക്ഷിച്ചിരിക്കുന്നത്’’. – ആമുഖം പോലെ മഹേന്ദർ പറയുന്നു.

mahendar-2

‘‘പുസ്തകത്തിന്റെ തീമുമായി ബന്ധപ്പെട്ട ഒരു സംഗതിയായതിനാലാണ് ഫോട്ടോയിൽ അങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്നത്. ഞാൻ ‘കണ്യാർകളി’യിൽ പെൺവേഷം കെട്ടുന്നതിന്റെ ഇടയ്ക്ക് പകർത്തിയതാണ് ആ ചിത്രം. ആൺരൂപത്തിൽ നിന്നു പെൺരൂപത്തിലേക്ക് എത്തുന്നതിനിടയിലുള്ള ഒരു ഘട്ടമാണത്. ‘ഗഗനേ’യിലെ നാലായിരമാണ്ടിൽ ജീവിക്കുന്നയാൾക്ക് ചിലപ്പോൾ സ്ത്രീ–പുരുഷ ലിംഗഭേദം എന്താണെന്ന് തിരിച്ചറിയാനേയാകില്ല എന്ന ചിന്തയില്‍ നിന്നാണ് ഈ ഫോട്ടോ ബുക്കിൽ ഉൾപ്പെടുത്താം എന്ന് തീരുമാനിച്ചത്. ഒരു ധൈര്യത്തിൽ അങ്ങ് കൊടുത്തു. എഴുത്തുകാരന്റെ ഐഡന്റിറ്റി ഈ രീതിയിൽ മുന്നോട്ടുവയ്ക്കുക എന്നത് പലരും ചെയ്യില്ല എന്നാണ് എനിക്ക് തോന്നിയത്. കണ്ണൻ ഇമേജ് ആണ് കവർ ഒരുക്കിയത്’’. – മഹേന്ദർ തുടർന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ ദേശങ്ങളിൽ കണ്ടു വരുന്ന അനുഷ്ഠാന കലയാണ് ‘കണ്യാർകളി’. ‘കണ്യാർകളി’യിൽ പെൺവേഷം കെട്ടി കളിക്കുന്ന കലാകാരനാണ് അധ്യാപകൻ കൂടിയായ മഹേന്ദർ.

എന്താണ് ‘കണ്യാർകളി’

പാലക്കാട് ജില്ലയില്‍ പ്രചാരമുള്ള ഉര്‍വരാരാധനാ അനുഷ്ഠാനമാണ് കണ്യാര്‍കളി. പഴയ വെങ്ങനാട് സ്വരൂപത്തിന്റേയും കുരൂര്‍ നമ്പിടി സ്വരൂപത്തിന്റേയും അധീന പ്രദേശങ്ങളിലാണ് കണ്യാര്‍കളിയുടെ സ്വാധീനം. ഈ പ്രദേശങ്ങളില്‍ തന്നെ വ്യത്യസ്ത പേരുകളിലാണ് കളി അറിയപ്പെട്ടിരുന്നത്. ദേശത്തെക്കളി, ലാലാക്കളി, മരുത്തുകളി എന്നീ പേരുകളില്‍ കണ്യാര്‍കളി അറിയപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കളിയില്‍ അവതരിപ്പിക്കപ്പെടുന്ന പൊറാട്ടുകളുടെ പേരിലും കണ്യാര്‍കളി അറിയപ്പെടാറുണ്ട്.

പാലക്കാട് ജില്ലയിലെ ഭഗവതിക്കാവുകളിലും വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും തറകളിലുമാണ് കണ്യാര്‍കളി അവതരിപ്പിക്കാറുള്ളത്. ഭഗവതീപ്രീതിക്കു വേണ്ടിയാണ് കളി നടത്തുന്നത്.