Saturday 30 December 2023 12:09 PM IST

‘പുസ്തകം പ്രസിദ്ധീകരിച്ച് ജയാനന്ദനെ വെള്ളപൂശാനുള്ള ശ്രമമല്ല’: റിപ്പർ ജയാനന്ദന്റെ നോവലിന് പിന്നിൽ...

V.G. Nakul

Sub- Editor

ripper-jayanandhan

‘റിപ്പർ’!

ആ പേരിന് പിന്നിൽ നടുക്കുന്ന ഒരു ഭൂതകാലത്തിന്റെ ചോരമണമുണ്ട്. ക്രൂരമായ അഞ്ച് കൊലപാതകങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഭീതിയുടെ ആഴങ്ങൾ സ‍ൃഷ്ടിച്ച്, ഇപ്പോൾ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ജയാനന്ദനെന്ന മനുഷ്യന്‍, കേരളത്തിന്റെ ക്രൈം ഹിസ്റ്ററിയിൽ ‘റിപ്പർ’ എന്ന അപരനാമത്തിൽ കൂടിയാണ് അറിയപ്പെടുന്നത്.

ഇപ്പോൾ ‘റിപ്പർ’ വീണ്ടും വാർത്തകളിൽ നിറയുന്നത് തന്റെ ആദ്യ നോവലിലൂടെയാണ്. പതിനേഴ് വർഷമായി ജയിലില്‍ കഴിയുന്ന ജയാനന്ദൻ അതീവ സുരക്ഷാ ജയിൽ മുറിയിലിരുന്നെഴുതിയ ‘പുലരി വിരിയും മുമ്പേ’ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന ചിദംബരം എന്നയാള്‍ക്ക് വായനയിലൂടെ മാനസാന്തരം സംഭവിക്കുന്നതിന്റെ കഥയാണ്.

നോവലിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ എസ്‌കോർട്ട് പരോൾ അനുവദിച്ചിരുന്നു. അന്ന് പരോളിനായി ഹൈക്കോടതിയിൽ ഹാജരായിരുന്നത് അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദനാണ്.

ലോഗാസ് ബുക്സ് ആണ് ‘പുലരി വിരിയും മുമ്പേ’ പ്രസിദ്ധീകരിച്ചത്.

‘‘ജയാനന്ദന്റെ മകൾ അഡ്വക്കേറ്റ് കീർത്തി ജയാനന്ദനാണ് ഇങ്ങനെ ഒരു ആവശ്യവുമായി ആദ്യം സമീപിച്ചത്. അവർ ഓഫീസിലെത്തി കാര്യം പറഞ്ഞ ശേഷം ജയാനന്ദന്‍ ഫോണിൽ ബന്ധപ്പെട്ടു. ജയിൽ ലൈബ്രറിയിൽ നിന്നു ലോഗോസിന്റെ ചില പുസ്തകങ്ങൾ കണ്ട ജയാനന്ദന് അവയുടെ കെട്ടും മട്ടും ഇഷ്ടമായതിനാലാണ് ഞങ്ങളെ തന്റെ കൃതി ഏൽപ്പിക്കാമെന്നു തോന്നിയതത്രേ. മാത്രമല്ല, വലിയ പ്രസാധകരിലേക്കെത്താൻ താൽപര്യവുമുണ്ടായിരുന്നില്ല.

കയ്യെഴുത്തു പ്രതിയാണ് ആദ്യം എത്തിച്ചത്. പിന്നീട് സോഫ്റ്റ് കോപ്പിയും. നോവലെങ്കിലും അതിന്റെ ഘടനയിലും മറ്റും പരിചയക്കുറവിന്റെതായ ചില ന്യൂനതകളുണ്ടായിരുന്നത് മാത്രമാണ് എഡിറ്റിങ്ങിൽ ശരിപ്പെടുത്തിയത്. അത്തരം തിരുത്തലുകളേ വരുത്തിയിട്ടുള്ളൂ. ബാക്കിയൊക്കെ ജയാനന്ദൻ എഴുതിയതു പോലെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭേദപ്പെട്ട ഒരു കൃതിയെന്നതായിരുന്നു ‘പുലരി വിരിയും മുമ്പേ’ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുക്കാനുള്ള കാരണം’’. – ലോഗോസ് ബുക്സിന്റെ എഡിറ്ററും നോവലിസ്റ്റുമായ അജിത് ഗംഗാധരൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘സ്വാഭാവികമായും റിപ്പർ ജയാനന്ദന്റെ നോവൽ എന്ന നിലയിൽ പുസ്തകത്തിന് വാർത്താ പ്രാധാന്യം കിട്ടുമെന്ന് ഉറപ്പാണല്ലോ. പക്ഷേ, അതു മാത്രം കണ്ടുള്ള കച്ചവട ലക്ഷ്യത്തോടെയല്ല ‘പുലരി വിരിയും മുമ്പേ’ പ്രസിദ്ധീകരിച്ചത്. തന്റെ തെറ്റുകളിൽ, പശ്ചാത്തപിക്കുന്നു എന്നു തോന്നുന്ന ഒരു മനുഷ്യന്റെ മനം മാറ്റത്തിൽ, അതിജീവനത്തില്‍, പിന്തുണയ്ക്കുകയെന്നേ ചിന്തിച്ചിട്ടുള്ളൂ. എന്നു കരുതി പുസ്തകം പ്രസിദ്ധീകരിച്ച് ജയാനന്ദനെ വെള്ളപൂശാനുള്ള ശ്രമമില്ല. മറ്റേതൊരു എഴുത്തുകാരനോടുമുള്ള സമീപനമാണ് ജയാനന്ദനോടുമുള്ളത്. കൃതി നല്ലതെങ്കിൽ പ്രസിദ്ധീകരിക്കും. അത്രയേയുള്ളൂ’’– അജിത് പറയുന്നു.

ഒൻപതാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജയാനന്ദന്‍ വായനയിലേക്കെത്തുന്നത് വിയ്യൂർ ജയിൽ ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെയാണ്. ജയിലിൽ വച്ചുണ്ടായ പരിവർത്തനമാണ് ജയാനന്ദനെ എഴുതാൻ പ്രേരിപ്പിച്ചതത്രേ.

തൃശ്ശൂർ പൊയ്യ സ്വദേശിയായ ജയാനന്ദൻ അഞ്ച് കൊലപാതകക്കേസുൾപ്പെടെ 23 കേസുകളിൽ പ്രതിയാണ്. മൂന്നുകൊലക്കേസുകളിൽ കുറ്റവിമുക്തനായെങ്കിലും രണ്ടുകേസിൽ ശിക്ഷിക്കപ്പെട്ടു. എറണാകുളം പുത്തൻവേലിക്കര സ്വദേശിനിയെ കൊന്ന കേസിൽ വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് ജീവപര്യന്തമാക്കി.

‘പുലരി വിരിയും മുമ്പേ’യുടെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ ജയാനന്ദന് ഹൈകോടതി പരോൾ അനുവദിച്ചിരുന്നു. അഭിഭാഷക കൂടിയായ മകൾ കീർത്തിയുടെയും ഹർജിക്കാരിയായ ഭാര്യ ഇന്ദിരയുടെയും ശ്രമഫലമായാണ് ചടങ്ങിൽ പങ്കെടുക്കാൻ രണ്ടുദിവസത്തെ പരോൾ അനുവദിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഉത്തരവിട്ടത്.

ripper-jayanandhan-2

ജയിൽജീവിതം ഇയാളെ ഏറെ മാറ്റിയെന്നും നോവലും കഥയുമൊക്കെ ഈ പരിവർത്തനത്തിന്‍റെ ഭാഗമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ‘പുലരി വിരിയും മുമ്പേ’ പുസ്തക വായനയിലൂടെ മാനസാന്തരം വന്ന വ്യക്തിയുടെ കഥയാണെന്നും ഹർജിക്കാരി വിശദീകരിച്ചു. പുസ്തകം പ്രസിദ്ധീകരിക്കുകയെന്നത് ജയാനന്ദന്റെ സ്വപ്നമാണ്, പുസ്തകം വിറ്റു കിട്ടുന്ന പണം പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ ക്ഷേമത്തിന് വിനിയോഗിക്കാനാണ് ആഗ്രഹമെന്നും ഹർജിക്കാരി പറഞ്ഞു. പുസ്തകത്തിന്റെ പകർപ്പും കോടതിയിൽ സമർപ്പിച്ചിരുന്നു. നേരത്തേ, മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിച്ചിരുന്നു.

ഡിസംബർ 23ന്, എറണാകുളം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പാണ് പുസ്തകം പ്രകാശനം ചെയ്തത്. ജയാനന്ദന്റെ മകളുടെ ഭർതൃപിതാവ് കെ.പി. രാജഗോപാൽ പുസ്തകം ഏറ്റുവാങ്ങി. വളാഞ്ചേരി പോലീസ് സ്‌റ്റേഷനിൽ നിന്ന് എസ്.‌ഐ. ആയി വിരമിച്ചയാളാണ് അദ്ദേഹം.