എത്രയോ അമ്മമാരുടെ സ്നേഹവാത്സല്യവും അതിലേറെ പേരുടെ ആശംസയും ഏറ്റുവാങ്ങി ചീരുവിന്റേയും മേഘ്നയുടേയും കൺമണി വളരുകയാണ്. അച്ഛനില്ലാത്ത ലോകത്തേക്ക് അവനെത്തുമ്പോള്‍ സ്നേഹം കൊണ്ട് മൂടാന്‍ ഒരു കുടുംബമൊട്ടാകെയുണ്ട്. അതിനേക്കാളേറെ മരിച്ചു മൺമറഞ്ഞിട്ടും ചീരുവിനെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ആരാധകര്‍ ആ കൺമണിയെ സ്നേഹിക്കുന്നുണ്ട്.
അച്ഛന്റെ സ്നേഹവായ്പില്ലാതെ വളരുന്ന തന്റെ പൊന്നു പൈതൽ റയാന്റെ വളർച്ചയുടെ ഒരോ ഘട്ടവും മേഘ്ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ റയാന്റെ ജീവിതത്തിലെ സുപ്രധാനമായൊരു നിമിഷത്തെക്കുറിച്ച് പറയുകയാണ് മേഘ്ന. റയാൻ അടുത്ത വീടുകളിലെ കുട്ടികളുമൊത്തു കളിയ്ക്കുന്ന ഒരു കുഞ്ഞ് വിഡിയോയാണ് മേഘ്ന രാജ് ഇത്തവണ പങ്കുവച്ചിരിക്കുന്നത്. മനോഹരമായൊരു കുറിപ്പും വിഡിയോയ്ക്കൊപ്പം താരം പങ്കുവച്ചു. ‘ഞാനും ചിരുവും വളർന്നത് പോലെ തന്നെ.... അടുത്തുള്ള ആൺകുട്ടികളുമായി കളിക്കാൻ ഞങ്ങൾ റായനെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്രീൻ ടൈമും കാർട്ടൂണുകളും എല്ലാം ഉണ്ടെങ്കിലും ആ പഴയ രീതിയിൽ അവനെ വളരാൻ അനുവദിക്കും. ഞങ്ങളുടെ അയൽക്കാരോടും അവന്റെ കുട്ടിക്കൂട്ടത്തോടും ഒപ്പം വെളിയിൽ കളിക്കുന്നു.’
ജൂനിയർ ചീരുവിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ വിഡിയോയ്ക്കു താഴെ ഈ കുട്ടിത്താരത്തോടുള്ള സ്നേഹമറിച്ച് ധാരാളം പേരാണ് എത്തുന്നത്. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍.