Tuesday 12 March 2024 03:17 PM IST : By സ്വന്തം ലേഖകൻ

‘ഇടയ്ക്കിടെ ഓര്‍മക്കുറവ്, മകളെ ജോലിക്ക് വിടാന്‍ ചെന്നൈയിലെത്തി’; വിമുക്തഭടനെ കാണാതായിട്ട് 2 മാസം! സഹായം തേടി കുടുംബം

alavi.jpg.image.845.440

ചെന്നൈയില്‍ നിന്നു കാണാതായ മലപ്പുറം സ്വദേശിയായ വിമുക്തഭടനെ രണ്ടു മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഡോക്ടറായ മകളെ ചെന്നൈയിലെ ആശുപത്രിയില്‍ പുതിയ ജോലിക്ക് ചേരാന്‍ കൊണ്ടുപോയപ്പോഴാണ് മലപ്പുറം മച്ചിങ്ങല്‍ നരിപ്പറ്റ അലവിയെ കാണാതാവുന്നത്. പല സ്ഥലങ്ങളില്‍ നിന്നുളള അലവിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും തമിഴ്നാട് പൊലീസിന്‍റെ ആത്മാര്‍ഥതക്കുറവും അന്വേഷണം മന്ദഗതിയിലാക്കി.

മലപ്പുറത്ത് നിന്ന് കാര്‍ മാര്‍ഗം കുടുംബത്തിനൊപ്പം ചെന്നൈയിലെ പെരുമ്പാക്കത്ത് എത്തിയതിനു പിന്നാലെയാണ് 75 വയസുകാരനായ അലവി അപ്രത്യക്ഷനാകുന്നത്. കുടുംബം നടത്തിയ അന്വേഷണത്തില്‍ 10 കിലോമീറ്റര്‍ മാറി വേലാച്ചേരിയിലൂടെ അലവി നടന്നു പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇടയ്ക്ക് ഓര്‍മക്കുറവ് സംഭവിക്കാറുളള അലവി പിന്നീട് എങ്ങോട്ടു പോയെന്ന് വ്യക്തമല്ല.

അലവിയുടെ ബന്ധുക്കളും കുടുംബവും ചേര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ചില ഉദ്യോഗസ്ഥര്‍ ഒഴികെ കേസന്വേഷണത്തില്‍ പൊലീസില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന വേദനയും കുടുംബത്തിനുണ്ട്. കേസന്വേഷണത്തില്‍ തമിഴ്നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി കാത്തിരിക്കുകയാണ് കുടുംബം.

Tags:
  • Spotlight